പാര്‍ട്ടി സസ്‌പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയില്‍ എത്താന്‍ സഹായിച്ചത് തെറ്റായ സന്ദേശം നല്‍കി; നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം; പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ എത്തിയിട്ടും കാണാന്‍ കൂട്ടാക്കാതെ വി ഡി സതീശന്‍; പാലക്കാട് എത്തിയാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാന്‍ ഷാഫി പറമ്പില്‍ പക്ഷത്തിന്റെ നീക്കം

നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം

Update: 2025-09-17 06:43 GMT

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭയിലെത്തിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. സസ്‌പെന്റ് ചെയ്ത രാഹുലിനെ സഭയില്‍ എത്താന്‍ സഹായിച്ചതിന് നേമം ഷജീറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ച ഒരാള്‍ക്കൊപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പരാതി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പടക്കം അവഗണിച്ചാണ് രാഹുല്‍ കഴിഞ്ഞ ദിവസം നിയമസഭയിലേക്കെത്തിയത്. നേമം ഷജീര്‍ അടക്കമുളള യുവ നേതാക്കള്‍ക്കൊപ്പം പ്രത്യേക വാഹനത്തിലാണ് രാഹുല്‍ എത്തിയത്. സഭയില്‍ എത്തിയതിന് പിന്നാലെ രാഹുലിന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. ശേഷം രാഹുല്‍ സഭയില്‍ നിന്നിറങ്ങിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ച നേമം ഷജീറിനെ കാണാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിസമ്മതിച്ചിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ എത്തി കാണാന്‍ ശ്രമിച്ചെങ്കിലും മൈന്‍ഡ് ചെയ്തില്ല. സഭയിലേക്ക് തിരിച്ച് പോകുമ്പോള്‍ പിന്നാലെ ചെന്ന് കാണാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് നില്‍ക്കാന്‍ കൂട്ടാക്കിയില്ല. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് നേമം ഷജീര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയപ്പോള്‍ ഒപ്പം വന്നത് ഷജീറായിരുന്നു.

ആദ്യ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയത് പ്രതിപക്ഷത്തെ ഞെട്ടിച്ചിരുന്നു. സഭയിലെത്തിയതിന് രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ സഭയില്‍ വന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും അവഗണിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിയമസഭയില്‍ രാഹുല്‍ ഇനി വന്നാലും പരിഗണിക്കില്ല.ഭരണകക്ഷി പ്രതിഷേധിച്ചാലും ഇടപെടേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് കടുപ്പിക്കും. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സതീശന്‍ തള്ളിപ്പറഞ്ഞേക്കുമെന്നാണ് വിവരം.

പാര്‍ട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചാണ്, ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. നേമം ഷജീര്‍, സംസ്ഥാന സെക്രട്ടറി റെനോ പി.രാജന്‍, സഹായി ഫസല്‍ എന്നിവരെയും കൂട്ടിയാണ് രാഹുല്‍ എത്തിയത്. ഇത് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് രാഹുല്‍ നിയമസഭയിലേക്ക് എത്തിയതെന്ന വ്യാഖ്യാനമുണ്ടാക്കി. ഷജീറിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കെപിസിസി അദ്ധ്യക്ഷന്‍ മറുപടി നല്‍കിയിട്ടില്ല.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാട്ടി സ്പീക്കര്‍ക്ക് കത്തു നല്‍കുകയും ചെയ്തിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ നിയമസഭയിലെത്തിയത് പ്രതിപക്ഷത്തിന് വലിയ അടിയായി. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭിന്നതയാണ് മറ നീക്കിയത്. ഇക്കാര്യത്തില്‍ കരുതലോടെയുള്ള നീക്കങ്ങളിലാണ് ഭരണപക്ഷവും. സഭയില്‍ രാഹുലിനെതിരെ ആക്രമണം നടത്തിയാല്‍ അവര്‍ക്കും പരിക്കേല്‍ക്കും. രാഹുലിന്റെ നടപടിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന. സതീശന്റെ നിലപാടിനൊപ്പം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇല്ലെന്നും വ്യക്തമായി.

അതേസമയം കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭരണപക്ഷം വലിയ രീതിയില്‍ പരിഹസിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു പരോക്ഷമായി രാഹുലിനെതിരെയുള്ള പരിഹാസങ്ങള്‍ ഉയര്‍ന്നത്. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജും രംഗത്തെത്തിയത്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.

ഗോളാന്തര സിനിമയിലെ കഥാപാത്രത്തിന്റെ പേര് തെറ്റിച്ച് പറഞ്ഞ് സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എയും രാഹുലിനെ പരിഹസിച്ചു. 'ഗോളാന്തര സിനിമയിലെ രംഗമാണ് കുന്ദംകുളത്ത് ഇപ്പോള്‍ നടക്കുന്നത്. മമ്മൂട്ടി അഭിനയിച്ച പടത്തിലെ ഗുണ്ടയുടെ പേര് കാരക്കൂട്ടത്തില്‍ ദാസന്‍ എന്നാണ്. കൂട്ടത്തില്‍ എന്നല്ല, കൂട്ടില്‍ എന്നാണ്. ഇപ്പോള്‍ കൂട്ടത്തില്‍ കൂട്ടത്തില്‍ എന്ന് പറഞ്ഞ് അങ്ങനെ ആയതാണ്', സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിലായിരുന്നു സേവ്യറിന്റെ പരിഹാസം.

അതേസമയം രാഹുല്‍ മണ്ഡലത്തില്‍ വരുന്നതിലും പാലക്കാട് ഡിസിസിയില്‍ അവ്യക്തതയുണ്ട്. രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതിലാണ് വ്യക്തതയില്ലാത്തത്. വി കെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാനാണ് ഷാഫി പറമ്പില്‍ എംപിയുടെ പക്ഷത്തിന്റെ തീരുമാനം. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News