വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും; 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണ്; വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നത്; നിലപാട് വ്യക്തമാക്കി എം മെഹബൂബ്
വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടര്‍ പട്ടിക ആണെന്ന കാര്യം അറിയാത്ത ആളാണോ വി എം വിനുവെന്ന് ചോദിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും. വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ല. 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കോര്‍പ്പറഷേനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദം പൊള്ളയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. 2020ലെ വോട്ടെടുപ്പില്‍ വി എം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വിനുവിന്റെ ഭാര്യ, മകന്‍, മകള്‍ എന്നിവരും 2020ല്‍ വോട്ട് ചെയ്തില്ല. എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വി എം വിനുവും ഭാര്യയും വോട്ട് ചെയ്തിട്ടുമുണ്ട്.
എന്നാല്‍ 2020ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയിട്ടും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനുവും കോണ്‍ഗ്രസും. കോര്‍പ്പറേഷനിലെ എട്ടാം ഡിവിഷനിലെ നാലാം നമ്പര്‍ ബൂത്തില്‍നിന്ന് താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിനു പറയുന്നത്. അന്നത്തെ കൗണ്‍സിലറായിരുന്ന കെ പി രാജേഷ് കുമാറിനൊപ്പം വന്നാണ് വോട്ട് ചെയ്തതെന്നും വിനു പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വിനു വോട്ട് ചെയ്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ് വി എം വിനു. കല്ലായി ഡിവിഷനില്‍ നിന്നും വിനു വോട്ട് തേടി പ്രചാരണത്തിലും സജീവമായിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം അറിയുന്നത്. കരട് വോട്ടര്‍ പട്ടികയോ അന്തിമ പട്ടികയോ പരിശോധിക്കാതെയാണോ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന ചോദ്യവും ഇതിനോടകം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ഉയരുന്നുണ്ട്.
വോട്ടര്‍ പട്ടിക പരിശോധിക്കാതെയാണോ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന ചോദ്യത്തോട് 18 വയസ് കഴിഞ്ഞ ഒരാള്‍ക്ക് വോട്ടുണ്ടാവില്ലെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഇനി ചിന്തിക്കേണ്ട സമയമായെന്നുമാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചത്. വിഷയത്തില്‍ കോടതിയെ സമീപിക്കാനിരിക്കയാണ് വി എം വിനു. വോട്ടര്‍പട്ടികയില്‍ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച വിനു കോര്‍പ്പറേഷന്‍ ഓഫീസിലെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കും.
