വി.എം. വിനുവിന് 2020ലും വോട്ടില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്‌തെന്ന വാദം പൊളിയുന്നു; 2023ലെ കരട് വോട്ടര്‍ പട്ടികയിലും സംവിധായകന്റെ പേരില്ല; വോട്ടു ചെയ്തുവെന്ന് ആവര്‍ത്തിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്

വി.എം. വിനുവിന് 2020ലും വോട്ടില്ല!

Update: 2025-11-18 06:36 GMT

കോഴിക്കോട്: കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ വോട്ടുവെട്ടിയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിയുന്നു. 2020ല്‍ നടന്ന തെരഞ്ഞെടുപ്പിലും വി. എം. വിനുവിന് വോട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലാപ്പറമ്പില്‍ വോട്ട് ചെയ്തു എന്നായിരുന്നു വിനു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മലാപ്പറമ്പ് ഡിവിഷനില്‍ 2020ലെ വോട്ടര്‍ പട്ടികയിലും വി.എം. വിനുവിന്റെ പേരില്ല എന്ന് തെളിയിക്കുന്ന രേഖയാണ് പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി വി.എം. വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തതില്‍ വലിയ വിവാദമാണ് നടക്കുന്നത്. പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.എം. വിനുവിന്റെ പേരില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. 45 വര്‍ഷത്തോളമായി വോട്ട് ചെയ്യുന്നുണ്ടെന്നും, തനിക്ക് വോട്ട് നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നുമായിരുന്നു വി.എം. വിനുവിന്റെ ചോദ്യം.

എന്നാല്‍ വിനുവിന്റെ വാദങ്ങള്‍ പാടെ തള്ളുന്ന രേഖകളാണ് പിന്നീട് പുറത്തുവന്നത്. 2020ലും 2023ലെ കരട് വോട്ടര്‍ പട്ടികയിലും വിനുവിന്റെ പേരില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു വി.എം. വിനു കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിനിടെ, വിഎം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത സംഭവത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരിലാത്ത സ്ഥാനാര്‍ഥികളായ വി എം വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും പങ്കെടുത്തു. യോഗത്തിനുശേഷം മാധ്യമങ്ങളുടെ സംസാരിച്ച ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ വിഎം വിനുവും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലും വിഎം വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന വാദം തള്ളി.

2020ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ആ പട്ടിക എവിടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ പോലും അത് കാണാനില്ലെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. 2020ലെ വോട്ടര്‍ പട്ടിക സൈറ്റില്‍ കാണാനില്ല. കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ട്. മുന്‍ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പോലും കഴിയാത്ത വിധം ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും 2020ല്‍ വിഎം വിനു മലാപറമ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. കളക്ടര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

അതേസമയം കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി വി.എം വിനുവിന് പിന്നാലെ മെഡിക്കല്‍ കോളജ് സൗത്ത് വാര്‍ഡിലെ ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല. ഇതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. ബിന്ദുവിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത 21 ആം വാര്‍ഡിലും നിലവില്‍ മത്സരിക്കുന്ന 19 ആം വാര്‍ഡിലും വോട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പോസ്റ്ററടിച്ച് പ്രചാരണങ്ങള്‍ തുടങ്ങിയതിന് ശേഷമാണ് വോട്ടില്ല എന്ന കാര്യമറിയുന്നത്. ഇതോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനിശ്ചിതത്വം വന്നിരിക്കുകയാണ്. കോര്‍ കമ്മിറ്റി കൂടി പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാണ് ഡിസിസിയുടെ തീരുമാനം. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ലാതാവുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.

Tags:    

Similar News