വി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം; നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും; വന്ദേ ഭാരത് ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് ജ്യോതിയെ എത്തിച്ചതാരാണ്? ആരോപണവുമായി സന്ദീപ് വാര്യര്‍
വി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം
തിരുവനന്തപുരം: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും യാത്രയില്‍ മുരളീധരനൊപ്പമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ 'ട്രാവല്‍ വിത്ത് ജോ' എന്ന അവരുടെ വ്‌ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷം ഇത് പ്രചരിപ്പിച്ചതോടെ, വിവാദത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് വിഷയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാനെന്നും താന്‍ ക്ഷണിച്ചിട്ടല്ല അവര്‍ വന്നതെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വി മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം എന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ആരോപണം.
ജ്യോതി മല്‍ഹോത്രയെ ഡല്‍ഹിയില്‍ നിന്ന് രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. ഇപ്പോള്‍ കേരള ബി.ജെ.പിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മല്‍ഹോത്രയെ മന്ത്രിയുടെ പി.ആര്‍ വര്‍ക്കിന് വേണ്ടി അസൈന്‍ ചെയ്തതല്ലേ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
വി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാമെന്നും നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്നും സന്ദീപ് പറഞ്ഞു.
കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു ഇത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സന്ദര്‍ശനം. യാത്രയ്ക്കിടെ വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മല്‍ഹോത്ര വി.മുരളീധരനോട് ആരായുകയും ചെയ്തിട്ടുണ്ട്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
പാക്കിസ്ഥാന്‍ ചാരയായ ജ്യോതി മല്‍ഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം.
എന്നാല്‍ വി. മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോര്‍ട്ടിംഗിന് വേണ്ടി ആയമ്മ 2023 സെപ്റ്റംബറില്‍ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്.
മറുപടി പറയേണ്ടത് വി. മുരളീധരനാണ്. ഡല്‍ഹിയില്‍ നിന്ന് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് എത്തിച്ചതാരാണ്?
ജ്യോതിയുടെ വിദേശയാത്രകള്‍ക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ? വാഗാ ബോര്‍ഡില്‍ വച്ച് പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മല്‍ഹോത്ര പറയുന്നത് ഹരിയാന ബിജെപി എന്നാണ്. വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോള്‍ കേരള ബി.ജെ.പിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മല്‍ഹോത്രയെ മന്ത്രിയുടെ പിആര്‍ വര്‍ക്കിന് വേണ്ടി അസൈന്‍ ചെയ്തതല്ലേ?
ഈ മാധ്യമ വിഭാഗം മേധാവിയുടെ ഡല്‍ഹി വീട്ടില്‍ താമസിച്ചല്ലേ ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഒരുത്തന്‍ തട്ടിപ്പ് നടത്തിയത്?
നിശ്ചയമായും വി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം. നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും.
കഴിഞ്ഞ ദിവസവും ഈ വിഷയത്തില്‍ സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകള്‍ ബി.ജെ.പി ഓഫീസില്‍ നിന്നാണ് നേരിട്ട് വിതരണം ചെയ്തതെന്നും ജ്യോതി മല്‍ഹോത്രക്ക് ആരാണ് വന്ദേ ഭാരത് പാസ് നല്‍കിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
സന്ദീപ് വാര്യരുടെ ചൊവ്വാഴ്ചത്തെ ഫേസ്ബുക്ക് കുറിപ്പ്:
വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകള്‍ ബിജെപി ഓഫീസില്‍ നിന്നാണ് നേരിട്ട് വിതരണം ചെയ്തത്. പാക്കിസ്ഥാന്‍ ചാരയായ ജ്യോതി മല്‍ഹോത്രക്ക് ബിജെപി ഓഫീസില്‍ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നല്‍കിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണം. അദ്ദേഹത്തിന്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും 'വേണ്ടപ്പെട്ടവര്‍ക്കൊക്കെ' വന്ദേ ഭാരത് ഉദ്ഘാടന പാസ് നല്‍കിയിട്ടുണ്ട്. ജ്യോതി മല്‍ഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനെ തരമുള്ളൂ.
നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികള്‍ക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ല.