'ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും അയ്യപ്പന്മാരോട് മാപ്പ് പറയാന്‍ തയാറാണോ'; പത്ത് വര്‍ഷം ഒന്നും ചെയ്യാതിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ അയ്യപ്പ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യം ഭക്തര്‍ക്ക് തിരിച്ചറിയാനാകും; ചോദ്യങ്ങളുമായി വി. മുരളീധരന്‍
'ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും അയ്യപ്പന്മാരോട് മാപ്പ് പറയാന്‍ തയാറാണോ'
കോഴിക്കോട്: ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാറിനോടും മുഖ്യമന്ത്രിയോടും ചോദ്യങ്ങളുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍ രംഗത്ത്. ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന പഴയ നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴുമുള്ളതെന്ന് മുരളീധരന്‍ ചോദിച്ചു. ദര്‍ശനം നടത്താനാകാതെ മാലയൂരി മടങ്ങിയ അയ്യപ്പന്മാരെ കപട സ്വാമികളെന്ന് വിളിച്ചതില്‍ മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാണോ എന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.
''ആചാരങ്ങള്‍ തിരുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്ന നിലപാടാണ് കഴിഞ്ഞ കാലങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. അത്തരം സമീപനമെടുത്തതില്‍ മാപ്പ് പറയണം. ഭക്തര്‍ ദര്‍ശനം നടത്താനാകാതെ തിരിച്ചുപോകേണ്ടിവന്ന സാഹചര്യത്തില്‍, അവരെ കപടഭക്തരെന്ന് വിളിച്ചതില്‍ മാപ്പ് പറയണം.
മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യണം. പത്തുവര്‍ഷത്തോളം ഒന്നും ചെയ്യാതിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ അയ്യപ്പ സംഗമം നടത്തുമെന്ന പ്രഖ്യാപനവും ശബരിമലയിലെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പറയുകയും ചെയ്യുന്നു, അതിന്റെ ഉദ്ദേശ്യമെന്താണെന്ന് അയ്യപ്പ ഭക്തര്‍ക്ക് തിരിച്ചറിയാനാകും'' -മുരളീധരന്‍ പറഞ്ഞു.
പമ്പയില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കില്ലെന്നാണ് വിവരം. സുരേഷ് ഗോപി പങ്കെടുക്കരുതെന്നാണ് ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും നിലപാട്. ശാസ്തമംഗത്തെ വസതിയിലെത്തി സുരേഷ് ഗോപിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ക്ഷണിച്ചിരുന്നു. സുരേഷ് ഗോപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ സംഗമമെന്നും പ്രശാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, പങ്കെടുക്കുന്ന കാര്യത്തില്‍ സുരേഷ് ഗോപി ഒരു വിശദീകരണവും നല്‍കിയിട്ടില്ലെങ്കിലും വിട്ടുനില്‍ക്കും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയില്‍നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടില്‍നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേരും പങ്കെടുക്കും.