'പിണറായിയുടെ പേര് സര്‍ക്കാരിനൊപ്പം ചേര്‍ത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല; കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാം; അഭിപ്രായം പറയേണ്ടത് ഇടതുമുന്നണി യോഗത്തില്‍'; ബിനോയ് വിശ്വത്തിനെതിരേ വി ശിവന്‍കുട്ടി
ബിനോയ് വിശ്വത്തിനെതിരേ വി ശിവന്‍കുട്ടി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഎം നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാന്‍ വീണക്ക് അറിയാം. കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. പൂര്‍ണ്ണ പിന്തുണ എല്‍ഡിഎഫ് പിണറായിക്ക് നല്‍കിയിട്ടുണ്ട്.
പിണറായിയുടെ പേര് സര്‍ക്കാരിനൊപ്പം ചേര്‍ത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ലെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടതുമുന്നണി യോഗത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വീണാ വിജയന്റെ പേരില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. അദ്ദേഹം പറയേണ്ടിയിരുന്നത് എല്‍ഡിഎഫ് യോഗത്തിലായിരുന്നു. അതുമാത്രമല്ല, പിണറായി സര്‍ക്കാര്‍ എന്ന് പറയാന്‍ പാടില്ല എന്നാണ് ബിനോയ് വിശ്വത്തിന്റെ പുതിയ കണ്ടുപിടിത്തം. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും, ബിനോയ് വിശ്വം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് തന്നെ ആയിരിക്കും പറയുക. അതിലൊന്നും അസൂയയുടേയും കുശുമ്പിന്റെയും ആവശ്യമില്ല', വി ശിവന്‍കുട്ടി പറഞ്ഞു.
വീണാ വിജയനെതിരായ എക്‌സാലോജിക് കുറ്റപത്രം സിപിഐയുടെ വിഷയമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. വീണാ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ കേസും രണ്ടും രണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രിക്കൊപ്പം കൂടെ നില്‍ക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കാര്യങ്ങള്‍ സിപിഐയുടെ വിഷയമല്ലെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.