മാധ്യമങ്ങളെ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത് 'രാഹുല്‍ മാങ്കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ല' എന്ന്; പണി പാളിയെന്ന് മനസ്സിലാക്കിയപ്പോള്‍ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെന്ന നിലയില്‍ രാഹുല്‍ സ്വയം മാറി നില്‍ക്കണമായിരുന്നു എന്ന് പറഞ്ഞ് യുടേണ്‍!
മാധ്യമങ്ങളെ നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത് 'രാഹുല്‍ മാങ്കൂട്ടത്തില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല;
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ കൂടുതല്‍ സജീവമായിരിക്കയാണ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എല്ലാ പരിപാടികളിലും അദ്ദേഹം സാന്നിധ്യം അറിയിക്കാറുണ്ട്. ഇതോടെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ തനിക്ക് മേല്‍ ചുമത്തിയ കേസുകള്‍ ആവിയാകുകയും ചെയ്തു. എങ്കിലും രാഹുല്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും വേദികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിധത്തിലാണ് ബിജെപിയുടെ നിലപാട്. എന്നാല്‍, എതിര്‍പ്പുകള്‍ക്കിടയിലും മന്ത്രിമാര്‍ക്കൊപ്പമുള്ള ചില പരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി പങ്കിട്ടത്. ഇതില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. എന്നാല്‍ രാഹുലിനൊപ്പം വേദിപങ്കിട്ടതില്‍ യാതൊരു തെറ്റുമില്ലെന്ന നിലപാടാണ് മന്ത്രി ക്യാമറകള്‍ക്ക് മുന്നില്‍ പറഞ്ഞത്. എന്നാല്‍, മന്ത്രിയെ പാര്‍ട്ടി ഇടപെട്ട് തിരുത്തിയതോടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അഡ്മിന്‍ തിരുത്തല്‍ പ്രസ്താനയുമായി രംഗത്തുവന്നു.
ഗര്‍ഭഛിദ്ര ആരോപണമടക്കം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി പാലക്കാട്ട് വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് ആദ്യം പ്രതികരിച്ചത്. രാഹുലിനെ തടയില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയിരുന്നു. വിമര്‍ശനമുയര്‍ന്നതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
'രാഹുല്‍ അവിടുത്തെ എംഎല്‍എയാണ്. അയാളുടെ മണ്ഡലത്തില്‍ വച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. കോടതി ശിക്ഷിച്ചിട്ടില്ല. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിര്‍ത്തുകയോ പരിപാടിയില്‍ പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. യുഡിഎഫ് ആണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞു നടക്കുകയാണ്. എന്തോ ഒരു കാര്യത്തിന് എനിക്ക് നേരെ ഇപ്പോഴും കരിങ്കൊടി കാണിക്കുകയാണ്. മന്ത്രി വാസവന്‍ രാജിവെക്കണമെന്ന് പറയുന്നു. ആവര്‍ത്തിച്ചു പറഞ്ഞു പറഞ്ഞ് രാജിവെക്കണം എന്നതിന് വിലയില്ലാതായി. രാഹുലിനെ വേണമെങ്കില്‍ പങ്കെടുപ്പിക്കാതിരിക്കാം. പക്ഷേ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ മാന്യത കാണിക്കുക എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയത് അവരുടെ പാര്‍ട്ടിയുടെ തീരുമാനമായിരിക്കും- മന്ത്രി പറഞ്ഞു.
എന്നാല്‍ മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയ മന്ത്രി പാര്‍ട്ടിക്ക് വഴിങ്ങിയാണ് ഫേസ്ബുക്കില്‍ പിന്നീട് തിരുത്തില്‍ പോസ്റ്റിട്ടത്. വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നതായും ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
'ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാല്‍, പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍, ആരോപണ വിധേയരായ വ്യക്തികള്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നു.' ശിവന്‍കുട്ടി തുടര്‍ന്നു.
ഭാവിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍, വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാര്‍മിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശം നല്‍കുമെന്നും പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാധ്യമങ്ങളിലൂടെ ശിവന്‍കുട്ടി നിലപാട് വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസും വി ഡി സതീശനും നിലപാട് തിരുത്തണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ രാഹുലിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന വേദികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോള്‍ അപ്രതീക്ഷിത വിലക്ക് നിലനില്‍ക്കുന്നുണ്ട്.
