'വി.എസിനേക്കുറിച്ച് അന്ന് നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നോ? 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്' വിവാദത്തില്‍ എം വി നികേഷ് കുമാറും വീണ ജോര്‍ജ്ജും വ്യക്തത വരുത്തണം': ഇന്ത്യാവിഷന്റെ പഴയ വാര്‍ത്ത ഉയര്‍ത്തി വി.ടി ബല്‍റാമിന്റെ വിമര്‍ശനം

'വി.എസിനേക്കുറിച്ച് അന്ന് നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നോ?

Update: 2025-07-29 10:36 GMT

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ 'ക്യാപിറ്റല്‍ പണിഷ്‌മെന്റ്' വിവാദത്തില്‍ എം.വി. നികേഷ്‌കുമാറും വീണ ജോര്‍ജും ഇപ്പോഴെങ്കിലും വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 2012 ഫെബ്രുവരി എട്ടിന് ഇന്ത്യാവിഷന്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് ബല്‍റാം ഈ ആവശ്യം ഉന്നയിക്കുന്നത്.

'സി.പി.എം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിനിധികള്‍. വി.എസ് ഒറ്റുകാരനാണെന്നും സമാന്തര പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ചെന്നും പ്രതിനിധികള്‍ ആരോപിച്ചു. വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് വേണ്ടതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് പറഞ്ഞു. വി.എസിന് പിന്തുണയുമായി വയനാട്ടില്‍ നിന്ന് പി. കൃഷ്ണണപ്രസാദ് സംസാരിച്ചു' -എന്നാണ് ഇന്ത്യാവിഷന്റെ ഫേസ്ബുക് പോസ്റ്റ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്.

അന്ന് ഇന്ത്യാവിഷന്‍ വാര്‍ത്താ വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്ന എം.വി. നികേഷ്‌കുമാര്‍, വീണ ജോര്‍ജ് എന്നിവര്‍ ഇപ്പോഴെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. സഖാവ് വി.എസിനേക്കുറിച്ച് അന്ന് നിങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തില്‍ രണ്ടുപേര്‍ക്കെതിരെയാണ് ആരോപണം ഉയരുന്നത്. ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞതായി സി.പി.എം നേതാവ് സുരേഷ് കുറുപ്പ് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. 'അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു.

ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല. തനിക്ക് സീറ്റ് നിഷേധിക്കപ്പെടുമെന്നു തോന്നിയപ്പോള്‍ അദ്ദേഹം തുറന്ന പോരാട്ടത്തിനിറങ്ങി. മത്സരിച്ചു. ജയിച്ചു. മുഖ്യമന്ത്രിയായി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവമില്ല. ഇനി ഉണ്ടാവുകയുമില്ല' -സുരേഷ് കുറുപ്പ് എഴുതുന്നു.

വി.എസിന്റെ നിര്യാണത്തിന് പിന്നാലെ, അദ്ദേഹത്തിന് 'കാപിറ്റല്‍ പണിഷ്‌മെന്റ്' നല്‍കണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നത് ശരിവെച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി മുന്‍ അംഗം പിരപ്പന്‍കോട് മുരളിയും രംഗത്തെത്തിയിരുന്നു. വിഭാഗീയതക്ക് നേതൃത്വം നല്‍കുന്ന വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന സമ്മേളന പ്രതിനിധിയായ യുവാവിന്റെ പ്രസംഗംകേട്ട് വേദിയിലെ നേതാക്കള്‍ ചിരിച്ചു.

ആ യുവാവാകട്ടെ പെട്ടെന്നുതന്നെ സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും എത്തിയെന്നും അന്നത്തെ സമ്മേളന പ്രതിനിധിയും മുന്‍ എം.എല്‍.എയുമായ മുരളി മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍, പിരപ്പന്‍കോട് മുരളിയുടെ വാക്കുകള്‍ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ രംഗത്തെത്തി. മുരളി ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്തുപോയി പുസ്തകമെഴുതുമ്പോള്‍ അതിന്റെ പ്രചാരണത്തിനായി പലതും പറയുമെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News