കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും; മുഖ്യമന്ത്രി കസേരയ്ക്ക് കോണ്‍ഗ്രസ് മോഹിക്കേണ്ട; തരൂര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ; പിന്തുണയുമായി വെള്ളാപ്പള്ളി; ഇടതു മുഖപത്രങ്ങളിലും കോണ്‍ഗ്രസ് നേതാവിന് പ്രശംസ

കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും

Update: 2025-02-17 07:28 GMT

ആലപ്പുഴ: കേരളത്തിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍. തരൂര്‍ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല. ഉള്ള സത്യം അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു. അത് ഇത്രയും വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അദ്ദേഹത്തെ കൊല്ലാന്‍ കൊടുവാളുമായി കോണ്‍ഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിര്‍ക്കുക എന്നതാണ്. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്റ് സ്വഭാവിക ശൈലിയാണ്. പക്ഷെ നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയണം അതാണ് പരിഷ്‌കൃത സംസ്‌കാരം. കേരളത്തില്‍ ആര് എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

മുഖ്യമന്ത്രി കസേരയ്ക്ക് കോണ്‍ഗ്രസ് മോഹിക്കണ്ട. മുഖ്യമന്ത്രി മോഹികളായി കോണ്‍ഗ്രസില്‍ ഒരുപാട് പേരുണ്ട്. അഞ്ചാറു പേര്‍ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി തര്‍ക്കിക്കുന്നു. കോണ്‍ഗ്രസ് ഇനി അങ്ങനെ മോഹിക്കണ്ട.കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാധ്യത ഇടതുപക്ഷത്തിന് തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

അതേസമയം വ്യാവസായിക മേഖലയിലെ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ നിലപാടിനെ പ്രശംസിച്ച് ഇടതു പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ രംഗത്തുവന്നു. സിപിഐ, സിപിഎം മുഖപത്രത്തിലാണ് ലേഖനങ്ങള്‍. തരൂരിന്റെ അഭിപ്രായ പ്രകടനം സംസ്ഥാനത്തിന്റെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് 'ശശി തരൂര്‍ പറഞ്ഞതിലെ നേര്' എന്ന തലക്കെട്ടോടെ സിപിഐ മുഖപത്രം ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

സംസ്ഥാന ഭരണത്തിലെ ഏതെങ്കിലും വ്യക്തികളെയോ എല്‍ഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതിന് വേണ്ടിയല്ല ലേഖനം. യാഥാര്‍ത്ഥ്യം വിളിച്ചുപറയുകയാണ് തരൂര്‍. ഓരോ വകുപ്പിന് കീഴിലും ഇത്തരത്തില്‍ മികവിന്റെ നിരവധി ഉദാഹരണങ്ങള്‍ എടുത്തുപറയുവാനുണ്ടെന്നും ജനയുഗം പറയുന്നു.

വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് ദേശാഭിമാനി എഡിറ്റോറിയല്‍. നാട് ഭരണ മികവിന്റെ യഥാര്‍ത്ഥ ചിത്രം കണ്ടറിയുമ്പോള്‍ ഇതൊന്നും ഈ നാട്ടില്‍ സംഭവിക്കുന്നില്ലെന്ന് പറയാന്‍ അസാമാന്യ തൊലാക്കട്ടിയും ഉളുപ്പില്ലായ്മയും വേണം. പ്രതിപക്ഷ നേതാവും ഒരുപറ്റം കോണ്‍ഗ്രസുകാരും ചില മാധ്യമങ്ങളും ഈ ഗണത്തില്‍ പെടും എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഒന്നിനെയും അംഗീകരിക്കില്ല എന്നതാണ് ഇവരുടെ നയം. തരൂരിനെയും ഇക്കൂട്ടര്‍ തള്ളിപ്പറയുന്നു. കേന്ദ്രം കേരളത്തെ ദ്രോഹിക്കുമ്പോള്‍ കയ്യടിക്കുന്നു. ഈ നീചമനസ്ഥിതി കേരളം തിരിച്ചറിയണമെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്കിടെ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടു. 'ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?' എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് തരൂരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്. അനാവശ്യവിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുതെന്ന വിമര്‍ശനത്തോടെയാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.

Tags:    

Similar News