ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതി; എല്ലായിടത്തും വര്‍ത്തമാനം പറയുന്ന പോലെ ഇവിടെ പറയരുതെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പറയേണ്ടത് പറഞ്ഞിട്ടേ പോകുവെന്ന് പി സി ജോര്‍ജ്; പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് എംഎല്‍എയും മുന്‍എംഎല്‍എയും; അനുനയിപ്പിച്ച് സംഘാടകര്‍

പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് സെബാസ്റ്റിയന്‍ കുളത്തുങ്കലും പി സിയും

Update: 2025-02-14 15:40 GMT

പൂഞ്ഞാര്‍: പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ ഇടഞ്ഞത്.

മുണ്ടക്കയത്ത് സര്‍ക്കാര്‍ ആശുപത്രി അനുവദിക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പിസി ജോര്‍ജ് പറഞ്ഞതാണ് പൂഞ്ഞാര്‍ എംഎല്‍എയെ ചൊടിപ്പിച്ചത്. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എംഎല്‍എ പറഞ്ഞു.എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.

എനിക്ക് സൗകര്യമുള്ളത് ഞാന്‍ പറയുമെന്നു പിസി ജോര്‍ജ് പറഞ്ഞു. തുടര്‍ന്ന് മറുപടിയായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രംഗത്തുവന്നു.

'ആ പിന്നെ അത് പറഞ്ഞാല്‍ മതി, ഉള്ള തസ്തികയേക്കാള്‍ അധികമൊരു തസ്തിക വേണമെന്നുണ്ടെങ്കില്‍ ആ തസ്തികക്ക് വേണ്ടിയിട്ട് ഗവണ്‍മെന്റ് സാങ്ഷന്‍ വേണം. അതിനാണ് നിവേദനം കൊടുത്തത്. അത് വിമര്‍ശിക്കാന്‍ നമുക്ക് വേറൊരു വികസന വേദിയുണ്ടാക്കാം. ഇത് ആശുപത്രിയുടെ ഉദ്ഘാടനമാണ്. ഇവിടെ അതിന്റെ കാര്യം പറഞ്ഞേച്ചു പോ. എല്ലായിടത്തും വര്‍ത്തമാനം പറയുന്ന പോലെ ഇവിടെ പറയരുതെന്നും' എംഎല്‍എ പറഞ്ഞു.

പറയണ്ടത് പറഞ്ഞിട്ടേ പോകുവെന്ന് പിസി ഇടയ്ക്ക് കേറി പറഞ്ഞു പൂഞ്ഞാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ രണ്ട് ഡോക്ടമാര്‍മാരെ കിട്ടാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നേ. അത് തന്നോടല്ലാതെ വേറെ ആരോടാണ് പറയേണ്ടുന്നത്. അത് പഞ്ചായത്തിന്റെ കീഴില്‍ വരുന്നതാ. അത് പറയാനുള്ള വേദി ഇതല്ലല്ലോ എന്ന് എംഎല്‍എ മറുപടി നല്‍കി. എംഎല്‍എയോട് നിവേദനം നല്‍കണമെങ്കില്‍ ഇതുപോലെയുള്ള അവസരമേ കിട്ടുകയുള്ളുവെന്നു പിസി വ്യക്തമാക്കി. സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.

Tags:    

Similar News