മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കുന്നു; പര്യടനം ഈ മാസം 17 മുതൽ; 'മലയാളോത്സവം' പരിപാടികളിൽ പങ്കെടുക്കും
റിയാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ സന്ദർശനം നടത്തും. മലയാളം മിഷന്റെ നേതൃത്വത്തിൽ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന 'മലയാളോത്സവം' പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.
സന്ദർശനത്തിന്റെ ഭാഗമായി, 17ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ നടക്കുന്നത്. മലയാള ഭാഷയുടെ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ലോകമെമ്പാടും നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മലയാളം മിഷന്റെ ഈ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങളും സൗദിയിലേക്കുള്ള യാത്രയിൽ പങ്കുചേരും. പരിപാടികളുടെ വിജയത്തിനായി സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
നേരത്തെ, 2023 ഒക്ടോബറിൽ സൗദി അറേബ്യയിൽ ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.