ഷാർജയിൽ ഗതാഗത നിയമലംഘനങ്ങളിൽ ആശ്വാസ നടപടി; പത്ത് വർഷത്തിലേറെ പഴക്കമുള്ള ട്രാഫിക് പിഴകൾ റദ്ദാക്കി; ഒഴിവാക്കിയത് 7,000ത്തിലധികം പിഴകൾ

Update: 2025-10-22 15:00 GMT

ഷാർജ: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള 7,000-ൽ അധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ അധികൃതർ. ഇതുവരെ 284 പേർക്ക് ഈ നടപടിയിലൂടെ പ്രയോജനം ലഭിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഏറ്റവും പുതിയ തീരുമാനത്തെ തുടർന്നാണ് വർഷങ്ങളായി അടയ്ക്കാതെ കിടന്ന പിഴകൾ ഒഴിവാക്കി നൽകിയത്. സാമൂഹിക സ്ഥിരത ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പാക്കിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു.

പിഴ ഒഴിവാക്കാൻ അപേക്ഷിക്കുന്നവർ 1,000 ദിർഹം ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ, വാഹന ഉടമയുടെ മരണം, 10 വർഷത്തിൽ കൂടുതൽ തുടർച്ചയായി രാജ്യം വിട്ടുപോകുക, ഉടമയെ കണ്ടെത്താൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തുടങ്ങിയ മാനുഷികമായ പ്രത്യേക സാഹചര്യങ്ങളിൽ ഈ ഫീസിൽ ഇളവ് ലഭിക്കും. യോഗ്യരായ വ്യക്തികൾക്ക് ട്രാഫിക് ആൻഡ് ലൈസൻസിംഗ് സർവീസ് സെന്ററുകൾ സന്ദർശിച്ച് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

റോഡ് നിയമങ്ങൾ പാലിക്കാനും സുരക്ഷ ഉറപ്പാക്കാനും പൊതുജനം ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു. നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ, പിഴത്തുക, തടങ്കൽ കാലയളവ്, വാഹനം കണ്ടുകെട്ടിയതിനുള്ള ഫീസ് എന്നിവയിൽ 35 ശതമാനം ഇളവ് ലഭിക്കും.

60 ദിവസത്തിന് ശേഷം എന്നാൽ ഒരു വർഷത്തിനുള്ളിൽ പിഴ അടയ്ക്കുകയാണെങ്കിൽ, പിഴത്തുകയിൽ 25 ശതമാനം ഇളവ് ലഭിക്കും. നിയമങ്ങൾ പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും പൊലീസ്, ഗതാഗത സംവിധാനങ്ങളിൽ പൊതുജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    

Similar News