'സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ ?മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ ? നാട്ടില്‍ അതിദാരിദ്ര്യമല്ല ദരിദ്രജനതയാണുള്ളത് മൊയലാളീ': വിമര്‍ശനവുമായി ജോയ് മാത്യു
വിമര്‍ശനവുമായി ജോയ് മാത്യു
തിരുവനന്തപുരം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിലേക്ക് വനിതാ താരങ്ങളെ ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. 'സ്ത്രീശാക്തീകരണം നടന്ന കേരളത്തില്‍ അതിദാരിദ്ര്യമില്ലെന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ? മലയാളത്തില്‍ നടിമാര്‍ക്ക് അത്ര ദാരിദ്ര്യമാണോ?' ജോയ് മാത്യു സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. നാട്ടില്‍ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കമലഹാസന്‍
മമ്മുട്ടി
മോഹന്‍ ലാല്‍
എല്ലാവരും സൂപ്പര്‍
എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ ?
മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ ?
നാട്ടില്‍ അതിദാരിദ്ര്യമല്ല
ദരിദ്രജനതയാണുള്ളത് മൊയലാളീ
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം ആഘോഷിക്കുന്ന വേളയിലാണ് ജോയ് മാത്യുവിന്റെ ഈ പരാമര്‍ശം. ചടങ്ങിലേക്ക് കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെയാണ് പ്രധാന അതിഥികളായി ക്ഷണിച്ചിരുന്നത്. എന്നാല്‍, കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും മറ്റ് പരിപാടികള്‍ ഉള്ളതുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിക്കായി ഒന്നരക്കോടി രൂപയാണ് ചെലവഴിക്കുന്നത്. അതിദരിദ്രര്‍ക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കാന്‍ അനുവദിച്ച 52.80 കോടി രൂപയില്‍ നിന്നാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. 2021 ല്‍ രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ഈ പ്രഖ്യാപനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4ന് നടക്കും. ഈ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം ശ്രദ്ധേയമാകുന്നത്. പ്രഖ്യാപന വേളയില്‍ ഒരു വനിതാ താരത്തെ പോലും പരിപാടിയിലേക്ക് ക്ഷണിക്കാത്തതിന്റെ പിന്നിലെ കാരണം എന്താണെന്ന് ചോദ്യം ചെയ്യപ്പെടുകയാണ്.