സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ...! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ...?; സിപിമ്മിനെ ട്രോളാന്‍ കുഴലപ്പം കഴിക്കുന്ന ചിത്രം പങ്കുവച്ച് മാത്യു കുഴല്‍നാടന്‍
സിപിമ്മിനെ ട്രോളാന്‍ കുഴലപ്പം കഴിക്കുന്ന ചിത്രം പങ്കുവച്ച് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: സിപിഎമ്മിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ പി.വി അന്‍വര്‍ എംഎഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 'സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ...! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ...? എന്നാണ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിനൊപ്പം കുഴലപ്പം കഴിക്കുന്ന സ്വന്തം ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെ മാസപ്പടി വിവാദം ഉയര്‍ത്തിയ മാത്യു കുഴല്‍നാടനെ സഖാക്കള്‍ 'കുഴലപ്പം' എന്നു വിളിച്ചാണ് ആക്ഷേപിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ അതേ നാണയത്തില്‍ കുഴല്‍നാടന്‍ മറുപടി നല്‍കിയത്.
ജനങ്ങള്‍ മുഖ്യമന്ത്രിയെ വെറുക്കുകയാണെന്നും അദ്ദേഹം ഏകാധിപതിയായെന്നും തുടങ്ങിയ നിരവധി ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍നിന്ന് താഴ്ന്ന് പൂജ്യത്തിലെത്തിയെന്നും അദ്ദേഹം തന്നെ ചതിച്ചെന്നും പറഞ്ഞ അന്‍വര്‍, പാര്‍ട്ടിക്ക് മുകളിലാണ് പിണറായിയെന്നും ആരോപിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അദ്ദേഹത്തോട് ഒന്നും പറയാനാവില്ലെന്നും ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.