അത്യാവശ്യത്തിന് ബ്ലഡ്ഡ് ബാഗില്‍ നിന്നും യക്ഷി ചോര കുടിക്കുന്നുമുണ്ട്; ശരിക്കും പേടിക്കേണ്ടതാണ്, സത്യത്തില്‍ ചിരിയാണ് വന്നത്; ഒരു കഥ അന്വേഷിച്ചു നടക്കുന്ന കഥാപാത്രങ്ങള്‍; ഒരു കഥാപാത്രവും കൂടെ പോരുന്നില്ല; 'ലോക' സിനിമയെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി
ലോക' സിനിമയെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി
കൊച്ചി: ഡോ.ബി.ഇഖ്ബാലിന് പുറമേ, മുരളി തുമ്മാരുകുടിയും കല്യാണി പ്രിയദര്‍ശന്‍ നായികയായി അഭിനയിച്ച 'ലോക' സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരു കഥാപാത്രവും മനസ്സില്‍ തങ്ങിനില്‍ക്കുന്നില്ലെന്നും, സിനിമയുടെ പ്രധാന പോരായ്മ കഥയില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായിലെ മാക്‌സ് തിയേറ്ററില്‍ ഗംഭീരമായ ശബ്ദസംവിധാനങ്ങളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടതെങ്കിലും, കാണികളുടെ എണ്ണം കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യക്ഷിക്കഥയായതുകൊണ്ട് കാണികള്‍ക്ക് ഭയമുണ്ടാകുമെന്ന പ്രതീക്ഷ തെറ്റായെന്നും, എന്നാല്‍ ആ ഭയമില്ലായ്മ തന്നെ സിനിമയുടെ ദൗര്‍ബല്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ വിവിധ ഘടകങ്ങള്‍ ഒത്തുചേര്‍ന്നിട്ടും അവയൊന്നും പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്നില്ലെന്ന് തുമ്മാരുകുടി പറഞ്ഞു. യക്ഷി രക്തം കുടിക്കുന്നത് ദംഷ്ട്രകള്‍ ഉപയോഗിച്ചാണെന്നും, ആവശ്യമെങ്കില്‍ ബ്ലഡ് ബാഗില്‍ നിന്നും ചോര കുടിക്കുന്നുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. ബെംഗളൂരു പശ്ചാത്തലമാക്കിയുള്ള സിനിമയില്‍ ടെക്കി യുവാക്കള്‍, പാര്‍ട്ടികള്‍, കഞ്ചാവ്, സൂപ്പര്‍ വുമണ്‍, യക്ഷിക്കഥ, ആയുധങ്ങള്‍, പൂജദ്രവ്യങ്ങള്‍, രാജാവ്, മന്ത്രി, ചാത്തന്‍, ഗരുഡ ഫോഴ്‌സ്, എന്‍ഐഎ തുടങ്ങി നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും സിനിമയ്ക്ക് ഒരു ദിശാബോധം നല്‍കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പട്ടിയും പൂച്ചയും നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ടെന്നും, എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അഭിനയിക്കേണ്ടതില്ലാത്ത അവസ്ഥയാണ് സിനിമയിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ അവസാന ഭാഗം അമിതമായ അക്രമണ സ്വഭാവം കാണിക്കുന്നെന്നും, സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടും ഒരു കഥ പറയാന്‍ സിനിമയ്ക്ക് സാധിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
കഥയില്ലാത്തൊരു ലോക(ം)
വളരെ ചെറുപ്പത്തില്‍, വീട്ടില്‍ വൈദ്യുതി ഒന്നും ഇല്ലാതിരുന്ന കാലത്താണ് കള്ളിയങ്കാട്ടു നീലിയുടെ കഥ വല്യച്ഛന്‍ പറഞ്ഞു തന്നത്. അന്ന് രാത്രി പേടിച്ച് ഉറങ്ങിയില്ല.
പിന്നീട് നീലിയെക്കുറിച്ച് കേള്‍ക്കുന്നത് എഴാച്ചേരി രാമചന്ദ്രന്റെ 'നീലി' എന്ന അതിമനോഹരമായ കവിത ശ്രീകാന്ത് പാടുമ്പോഴാണ്. ഒരു വ്യത്യസ്തമായ വീക്ഷണമാണ് എഴാച്ചേരി ആ കവിതയില്‍ പങ്കുവെക്കുന്നത്. ഭയമല്ല, ചെറിയൊരു ദുഃഖമാണ് അത് നമ്മില്‍ ബാക്കിയാക്കുന്നത്.
ഇന്നലെ ലോക കണ്ടു. നീലിയുടെ പാരമ്പര്യമായിട്ടാണ് കഥ പറഞ്ഞുവെയ്ക്കുന്നത്.
ദുബായില്‍ ദെയ്റ സിറ്റി സെന്ററിലെ മാക്‌സ് തീയേറ്ററില്‍, ഗംഭീരമായ സൗണ്ട് സംവിധാനങ്ങളെല്ലാം ഉണ്ട്. നൂറു കോടി, ഇരുന്നൂറു കോടി എന്നൊക്കെ കേട്ടിരുന്നെങ്കിലും തീയേറ്ററില്‍ അധികം ആളൊന്നും ഉണ്ടായിരുന്നില്ല. യക്ഷിക്കഥ ആകുമ്പോള്‍ പേടിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അത് അസ്ഥാനത്തായിരുന്നു എന്ന് വഴിയേ മനസ്സിലായി.
ബാംഗ്ലൂരിലാണ് സംഭവം നടക്കുന്നത്. ബാംഗ്‌ളൂര്‍ ആകുമ്പോള്‍ ടെക്കി പിള്ളേരും അവര്‍ ഒരുമിച്ചുള്ള രാത്രി പാര്‍ട്ടിയും അല്പം കഞ്ചാവും ഒക്കെ സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലോ അതിന്റിടയില്‍ സൂപ്പര്‍ വുമണും, യക്ഷിക്കഥയും, കുന്തങ്ങളും, മെഷീന്‍ ഗണ്ണും, പൂജ ദ്രവ്യങ്ങളും, കഞ്ചാവും, പഴയ രാജാവും പുതിയ ഹോം മിനിസ്റ്ററും, ചാത്തനും ഗരുഡ ഫോഴ്‌സും, എന്തിന് എന്‍ ഐ എ വരെ ഉണ്ട്. പട്ടിയുണ്ട്, പൂച്ചയുണ്ട്. പട്ടിയും പൂച്ചയും ഒക്കെ നന്നായി അഭിനയിച്ചിട്ടുമുണ്ട്.
കഥാപാത്രങ്ങള്‍ക്കൊന്നും അഭിനയത്തിന്റെ ആവശ്യമില്ല. ഒരു കഥ അന്വേഷിച്ചു നടക്കുന്ന കഥാപാത്രങ്ങളെ ആണ് രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ കണ്ടത്. തീയേറ്ററില്‍ നിന്നും പോരുമ്പോള്‍ ഒരു കഥാപാത്രവും കൂടെ പോരുന്നില്ല. അവസാന ഭാഗം ഒക്കെ ആകുമ്പോള്‍ മൊത്തം വയലന്‍സ് ആണ്. സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ട്. ദംഷ്ട്രകള്‍ ഉപയോഗിച്ച് കഴുത്തില്‍ നിന്നും അത്യാവശ്യത്തിന് ബ്ലഡ്ഡ് ബാഗില്‍ നിന്നും യക്ഷി ചോര കുടിക്കുന്നുമുണ്ട്. മൊത്തം സറൗണ്ട് സൗണ്ട്. കാതടപ്പിക്കുന്ന ഒച്ചയും ബഹളവും വെടിയും കത്തിക്കുത്തും ഒക്കെയുണ്ട്. അടുത്ത സീറ്റില്‍ ഒന്നും ആരുമില്ല. ശരിക്കും പേടിക്കേണ്ടതാണ്. സത്യത്തില്‍ ചിരിയാണ് വന്നത്.
കള്ളിയാങ്കാട്ടെ നീലിയുടെ 'കണ്ണുകളില്‍ ഇപ്പോഴും തീനാളമുണ്ടെന്ന് കാട് പറയുന്നതും കാറ്റു പറയുന്നതും കവിത പറയുന്നതും കള്ളം' എന്ന് എഴാച്ചേരി...
മുരളി തുമ്മാരുകുടി