'വിവാഹം കഴിക്കേണ്ടി വന്നപ്പോള്‍' മാത്രമാണ് റമീസ് മതം മാറ്റക്കാര്യം എടുത്തിട്ടത്; അവള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു, കാരണം ഇമോഷണല്‍ സ്ലേവറി: ഇത്തരം വാര്‍ത്തകള്‍ ഒളിച്ചുവച്ചാല്‍ പുതിയ കേരള സ്റ്റോറികള്‍ വരും: സജീവന്‍ അന്തിക്കാടിന്റെ കുറിപ്പ്

സജീവന്‍ അന്തിക്കാടിന്റെ കുറിപ്പ്

Update: 2025-08-12 10:44 GMT

കോതമംഗലം: കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം. വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്. റമീസിന്റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, മതത്തെ ഭേദിച്ചുള്ള വിവാഹങ്ങള്‍ കൂടുതല്‍ ഉണ്ടാകണമെന്നും ഒരു വിവാഹത്തിനും മതം ഒരു ചെറിയ മാനദണ്ഡം പോലും ആകാന്‍ പാടില്ലെന്നും സ്വതന്ത്ര ചിന്തകനായ സജീവന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. പങ്കാളിയുടെ മതവിശ്വാസങ്ങളും നിരീശ്വരത്വവും തുടരാന്‍ സഹിഷ്ണുതയുള്ള കമിതാക്കള്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി. അല്ലാത്തപക്ഷം മുട്ടനാടും പച്ചിലയുമായി കഴിഞ്ഞാല്‍ മതിയെന്നും സജീവന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം വാര്‍ത്തകള്‍ ഒളിച്ചുവയ്ക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സജീവന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

റമീസ് എന്ന ചെറുപ്പക്കാരന് 25 വയസ്സായതേ ഉള്ളൂ. അപ്പോഴേക്കും പ്രണയം, വിവാഹം എന്നീ കാര്യങ്ങളിലൊക്കെ നല്ല അറിവു നേടി. കൂടെ പഠിച്ചിരുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ അവന്‍ പ്രേമിച്ചു. സെക്‌സ് ചെയ്യാനുള്ള സമ്മതം അവളില്‍ നിന്നും കിട്ടാന്‍ വിവാഹ വാഗ്ദാനം നല്‍കിയാല്‍ മതിയെന്നതായിരുന്നു അവന് കിട്ടിയ പ്രധാനഅറിവ്.

അടുത്തത് വിവാഹം കഴിക്കേണ്ടത് എങ്ങനെ എന്ന അറിവാണ്. ഒരു മുസ്ലീം ചെറുപ്പക്കാരന്‍ എന്ന നിലക്ക് താന്‍ വിവാഹം കഴിക്കേണ്ടത് ഒരു മുസ്ലിം പെണ്‍കുട്ടിയേയാണ്. എന്നാല്‍, പ്രേമിച്ചു പോയത് വേറൊരു മതക്കാരിയെ ആണല്ലോ. അതു കൊണ്ട് മതം മാറ്റി സ്വന്തം മതത്തിലേക്ക് കൊണ്ടു വരണം - ഇത് അവനെ അവന്റെ മതം പഠിപ്പിച്ച അറിവാണ്. എന്നാല്‍ ഇക്കാര്യം ആദ്യം തന്നെ കാമുകിയോട് പറയാന്‍ പാടില്ല കാരണം സെക്‌സ് കിട്ടില്ല.

25 വയസ്സിനുള്ളില്‍ തന്നെ ഇത്തരം അറിവുകള്‍ നേടിയതുകൊണ്ടാണ് ഏറ്റവും നികൃഷ്ടമായ രീതിയില്‍ കാമുകിയെ വഞ്ചിക്കാന്‍ റമീസിന് കഴിഞ്ഞത്. അവളെ തന്റെ ഇംഗിതങ്ങള്‍ക്കൊക്കെ പറ്റിയ ഒരു ഉപകരണമാക്കി മാറ്റിയതിനു ശേഷം ''വിവാഹം കഴിക്കേണ്ടി വരും'' എന്ന ഒരു അവസ്ഥ വന്നുചേര്‍ന്നപ്പോള്‍ മാത്രമാണ് അവന്‍ മതം മാറ്റക്കാര്യം എടുത്തിട്ടത്.

അവള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു. കാരണം ഇമോഷണല്‍ സ്ലേവറി. അനന്തരം കമിതാക്കളുടെ കുടുംബങ്ങള്‍ പരസ്പരം സംസാരിക്കുകയും ചതിയില്‍ പെട്ടു പോയ ഈ പെണ്‍കുട്ടി മതം മാറാമെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷെ പെണ്‍കുട്ടിയുടെ അച്ഛന്‍ ശ്രീ എല്‍ദോസിന്റെ മരണം മൂലം വിവാഹം ഒരു കൊല്ലം കഴിഞ്ഞ് മതി എന്ന് തീരുമാനിക്കുന്നു.

പക്ഷെ ഈ ഒരു വര്‍ഷം റമീസിന് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അവന്‍ വേട്ടക്കിറങ്ങി. മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം പിടിക്കപ്പെട്ടു, നാട്ടിലും വാട്‌സാപ്പിലും പാട്ടായി. ഇതറിഞ്ഞതോടെ ആ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു, അവരുടെ ബന്ധം ഉലഞ്ഞു.

പക്ഷെ അവന്‍ വന്നു തെറ്റും മാപ്പും പറഞ്ഞ് അവളെ വീണ്ടും പ്രേമത്തിന്റെ അടിമയാക്കി. പക്ഷേ അവള്‍ക്കവനെ മറ്റേ കാര്യത്തില്‍ ഇനി വിശ്വസിക്കാന്‍ കഴിയില്ലല്ലോ. ഇവനൊരു മുട്ടനാടാണ്, പച്ചില എവിടെ കണ്ടാലും കടിക്കും. അതുകൊണ്ടവള്‍ പറഞ്ഞു, ഉടന്‍ വിവാഹം കഴിക്കാം, മതം മാറാനൊന്നും സമയമില്ല, റജിസ്റ്റര്‍ മാര്യേജ് ചെയ്യാം.

അവന്‍ അവളോട് ok പറഞ്ഞ് നേരെ കൊണ്ടുപോയത് അവന്റെ വീട്ടിലേക്ക്. വീട്ടുകാര്‍ അവളെ അവിടെ കെട്ടിയിട്ടു മര്‍ദ്ദിച്ചു കൊണ്ട് മതം മാറാന്‍ നിര്‍ബന്ധിച്ചു. അവരുടെ അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അവള്‍ എല്ലാം സമ്മതിച്ചു വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയ അവള്‍ ഇനി ജീവിക്കേണ്ട എന്ന് തീരുമാനമെടുത്തു, മാത്രമല്ല ''നിങ്ങള്‍ മൂലം ഞാന്‍ ആത്മഹത്യ ചെയ്യുന്നു'' എന്നര്‍ത്ഥം വരുന്ന ഒരു വാട്‌സ്ആപ്പ് മെസ്സേജ് റമീസിന്റെ ഉമ്മക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

ഈ മെസേജ് കിട്ടിയ ഉടന്‍ റമീസിന്റെ ഉമ്മ പെണ്‍കുട്ടിയുടെ അമ്മയുമായി ബന്ധപ്പെട്ടു. ആ അമ്മ ഓടിപ്പോയി മുറി തുറന്നു നോക്കുമ്പോള്‍ കാണുന്നത് മകളുടെ ചേതനയറ്റ ശരീരമാണ്. ഇത് കുറച്ചു നാള്‍ മുമ്പ് തുടങ്ങി ഇന്നലെ അവസാനിച്ച ഒരു സംഭവകഥയാണ്. (ഇതില്‍ അല്പസ്വല്പം വ്യത്യാസങ്ങളൊക്കെ ഉണ്ടാവാം) .

ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ ചതിച്ച് മരണത്തിലേക്ക് നയിച്ച റമീസും അവന്റെ കുടുംബവുമാണ് ഈ കഥയിലെ നികൃഷ്ട ജീവികള്‍.

ഈ ദുഷ്‌കൃത്യത്തിന് പാശ്ചാത്തലമൊരുക്കിയത് അവരുടെ മതവിശ്വാസമാണ് എന്ന് നിസ്സംശയം പറയാന്‍ കഴിയും, കാരണം മതം മാറ്റം ആയിരുന്നു പ്രധാന വിഷയം.

എന്തായിരിക്കും അവന്റെ കുടുംബം ചിന്തിച്ചത്? തീര്‍ച്ചയായും അവന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ കെട്ടുന്നതാണ് നല്ലതെന്ന് അവര്‍ക്കറിയാം. പക്ഷെ മകന്‍ പ്രേമിച്ചിട്ടുള്ളത് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയേയാണ്. ആ പെണ്‍കുട്ടി മതം മാറി വരികയാണെങ്കില്‍ സമുദായത്തിനൊരു ഗുണമല്ലേ എന്നവര്‍ ചിന്തിക്കുന്നു.

റമീസ് തന്റെ പ്രണയം തുടങ്ങുമ്പോള്‍ മതംമാറ്റം എന്ന ആവശ്യം മുന്നോട്ടുവച്ചിട്ടില്ല. അവന്റെ ലൈംഗിക അഭിനിവേശം പൂര്‍ത്തിയാക്കി അവളെ ഒരു ഇമോഷണല്‍ സ്ലേവ് ആക്കിയതിനുശേഷമാണ് ഈയൊരു ഡിമാന്‍ഡ് അവന്‍ വയ്ക്കുന്നത്. അതിന് അവനെ പ്രാപ്തമാക്കുന്നത് അവന്റെ മതവിശ്വാസം തന്നെയാണ്.

'''മുസ്ലീമാക്കുന്നതിനു വേണ്ടി ഒരു പെണ്‍കുട്ടിയെ ലേശം വഞ്ചിച്ചാലും കുഴപ്പമില്ല''എന്ന വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങള്‍ ഒക്കെ എവിടെ നിന്നാണ് ഈ കുടുംബത്തിന് കിട്ടിയത്? മദ്രസ്സാ കാലത്തു തന്നെ ഇതൊക്കെ പഠിക്കുന്നുണ്ടോ? അല്ലെങ്കില്‍ സാമുദായികമായ ജീവിതത്തില്‍ നിന്ന് പിന്നീടവര്‍ ആര്‍ജിക്കുന്നതാണോ?

അങ്ങനെയായിരുന്നെങ്കില്‍ എല്ലാ മുസ്ലിംമതവിശ്വാസികളും അത് ചെയ്യണമല്ലോ, അങ്ങനെ കാണുന്നുമില്ല. നമ്മുടെ ഡിയറസ്റ്റായ പല മുസ്ലിം മതവിശ്വാസികളും സ്വപ്നത്തില്‍ പോലും ഇങ്ങനെ ചിന്തിക്കുന്നില്ല. എന്നാല്‍ ചിലര്‍ മാത്രം ഇങ്ങനെയാകുന്നു. എന്തുകൊണ്ടാവാം അത്?

മതപുസ്തകം കൂടുതല്‍ വായിക്കുന്നവരാണ് ഇത്തരം വിശ്വാസങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നാണ് തോന്നുന്നത്. പ്രത്യേകിച്ചും വഹാബിസ്റ്റ്' ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവര്‍.

മതപുസ്തകം കൂടുതല്‍ പഠിക്കുന്തോറും ആളുകള്‍ക്ക് തീവ്രത കൂടുന്നു. എന്നാല്‍ ചിലരുണ്ട്. കറണ്ട് ബില്ല് സൂക്ഷിക്കാനും റേഷന്‍ കാര്‍ഡ് എടുത്ത് വയ്ക്കാനും പറ്റിയ സ്ഥലം എന്ന രീതിയില്‍ മതപുസ്തകങ്ങളെ കാണുന്നവര്‍. അവരൊന്നും ഈ പണിക്ക് പോകുന്നില്ല.

അവര്‍ അറിവ് ഉണ്ടാക്കുന്നത് മറ്റു മനുഷ്യരുമായി ഇടകലര്‍ന്ന് ജീവിച്ചാണ്. അങ്ങനെ ഉണ്ടാക്കുന്ന അറിവ് ആറാം നൂറ്റാണ്ടിലെയും ആറായിരാമാണ്ടിലെയും പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടില്ല.

ഈ വിഷയത്തില്‍ എക്‌സ് മുസ്ലിങ്ങളുടെ ചില പ്രതികരണങ്ങള്‍ ഈയുള്ളവന്‍ ശ്രദ്ധിക്കുകയുണ്ടായി. എക്‌സ് മുസ്ലീങ്ങളില്‍ മോദിപ്പണിക്കാരെയും വിജ്യന്‍ പണിക്കാരെയും ഒഴിച്ചു നിര്‍ത്തിയാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ.അതില്‍ ഒരാളാണ് ലിയാക്കത്ത്.

ലിയാഖത്ത് നിര്‍ദ്ദേശിക്കുന്നത്, അമുസ്ലിങ്ങള്‍ 'ഒരു മുസ്ലിം പുരുഷനെയോ സ്ത്രീയെയോ സ്‌നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യരുത്' എന്നാണ്.

ഒരുപക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്നായിരിക്കാം പുള്ളി ഉദ്ദേശിച്ചിട്ടുള്ളത്. അങ്ങനെയായാല്‍ പോലും ഇവിടെ മതം മാത്രമെ എല്ലാ കാലത്തും നിലനില്‍ക്കൂ എന്ന അവസ്ഥ തുടരും. മനുഷ്യര്‍ മതത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന് യഥാര്‍ത്ഥ ഹാപ്പിനസ് അനുഭവിക്കാതെ മരിച്ചു മണ്ണടിഞ്ഞു പോകും.

മതത്തെ ഭേദിച്ചുള്ള വിവാഹങ്ങള്‍ കൂടുതല്‍ ഉണ്ടാകണമെന്ന് മാത്രമല്ല ഒരു വിവാഹത്തിനും മതം ഒരു ചെറിയ മാനദണ്ഡം പോലും ആകാന്‍ പാടില്ല. പങ്കാളിയുടെ മതവിശ്വാസങ്ങളും നിരീശ്വരത്വവും തുടരാന്‍ സഹിഷ്ണുതയുള്ള കമിതാക്കള്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി. അല്ലാത്തപക്ഷം മുട്ടനാടും പച്ചിലയുമായി കഴിഞ്ഞാല്‍ മതി.

ഇത് അടുത്തൊന്നും നടക്കുന്ന കാര്യമായിരിക്കില്ല. പക്ഷേ ഇതൊരു ലക്ഷ്യമായിരിക്കണം. അതുപോലെ ഇത്തരം വാര്‍ത്തകള്‍ ഒളിച്ചു വയ്ക്കുന്ന പ്രവണത കേരളത്തിലുണ്ട്. ഇങ്ങനെ ഒളിച്ചു വെച്ചിട്ട് എന്താണ് കാര്യം ? പൂച്ച കണ്ണടച്ചാല്‍ പൂച്ചയ്ക്ക് മാത്രമല്ലേ കാണാതിരിക്കാന്‍ കഴിയൂ.

നിങ്ങള്‍ ഒളിച്ചു വെച്ച വിവരം മറ്റൊരാള്‍ പുറത്തുപറയാന്‍ ഉണ്ടായാല്‍ അയാള്‍ക്ക് സ്വീകാര്യത കൂടുകയേ ഉള്ളൂ. അത് പുതിയ കേരള സ്റ്റോറികള്‍ക്ക് പ്രേരണയാവുകയേ ഉള്ളൂ.

ഹിന്ദുത്വഫാസിസത്തിനെതിരെ പൊരുതുന്നത് സുതാര്യതയോടെയും സത്യസന്ധതയോടെയും ആയിരിക്കണം. നുണ പറഞ്ഞ് അവരെ വിജയിക്കാനാവില്ല, അവരെയെല്ല ആരെയും ജയിക്കാനാവില്ല.

(ഈ വാര്‍ത്ത മുക്കി ഫാസിസത്തെ തോല്‍പ്പിക്കുന്ന എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു.)


Full View


Tags:    

Similar News