അമ്മയുടെ ചിതയെരിയുമ്പോള്‍ ആംബുലന്‍സിലിരുന്ന് നോക്കി കണ്ട് ശ്രുതി; കണ്ണീര്‍ വറ്റിയ നയനങ്ങളില്‍ നിറഞ്ഞത് നിര്‍വ്വികാരത: ഉള്ളുലയ്ക്കുന്ന കുറിപ്പുമായി സിദ്ദീഖ് എം.എല്‍.എ

അമ്മയുടെ ചിതയെരിയുമ്പോള്‍ ആംബുലന്‍സിലിരുന്ന് നോക്കി കണ്ട് ശ്രുതി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി സിദ്ദീഖ് എം.എല്‍.എ

Update: 2024-09-20 02:27 GMT

കല്‍പറ്റ: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച അമ്മയുടെ മൃതദേഹം പുത്തുമലയിലെ പൊതുശ്മശാനത്തില്‍നിന്ന് പുറത്തെടുത്ത് മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിലെ ശ്മശാനത്തില്‍ ദഹിപ്പിക്കുമ്പോള്‍ ആംബുലന്‍സില്‍ ഇരുന്ന് നിര്‍വ്വികാരതയോടെ എല്ലാം നോക്കി കാണുക ആയിരുന്നു ശ്രുതി. കണ്ണീര്‍പോലും പൊഴിക്കാനാകാതെ പരിക്കേറ്റ കാലുകളുമായി ഇരുന്ന ശ്രുതിയുടെ വേദന ആരുടേയും ഉള്ളുലയ്ക്കുന്നതായിരുന്നു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതു പേരെ നഷ്ടമാകുന്നത്.

പിന്നാലെ ദുരന്തമുഖത്ത് താങ്ങായി നിന്ന പ്രതിശ്രുത വരനും വാഹനാപകടത്തില്‍ നഷ്ടമായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അമ്മയുടെ മൃതദേഹം പുത്തുമലയിലെ കുഴിമാടത്തില്‍നിന്നെടുത്ത് ഹൈന്ദവ ആചാര പ്രകാരം ദഹിപ്പിക്കണം എന്ന് ശ്രുതി സിദ്ദിഖ് എംഎല്‍എയോട് ആവശ്യപ്പെടുന്നത്. വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കുഴിമാടത്തില്‍നിന്നെടുത്ത് മേപ്പാടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തിന്റെ ശ്മശാനത്തില്‍ ഐവര്‍ മഠത്തിന്റെ സഹായത്തോടെയാണ് അമ്മയുടെ മൃതദേഹം ദഹിപ്പിച്ചത്.

കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലാണ് ശ്രുതിയെ ശ്മശാന പരിസരത്തേക്കു കൊണ്ടുവന്നത്. ശസ്ത്രക്രിയ നടത്തിയതിനാല്‍ ശ്രുതിക്കു നടക്കാനാകില്ല. ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്ക് ഒപ്പമുണ്ടായിരുന്നു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ ഒമ്പതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. ഈമാസം പത്തിന് കല്‍പറ്റയിലെ വാടക വീട്ടില്‍നിന്നു ലക്കിടിയിലേക്കു പോകവെയാണ് ജെന്‍സനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാന്‍ ബസില്‍ ഇടിച്ചത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ ജെന്‍സന്‍ മരണത്തിനു കീഴടങ്ങി. അതിനിടെയാണ് അമ്മയെ ഹൈന്ദവ ആചാരപ്രകാരം അടക്കണമെന്ന ആവശ്യം ശ്രുതി അറിയിച്ചത്. മൃതദേഹം ദഹിപ്പിക്കാന്‍ നേതൃത്വം നല്‍കിയ സിദ്ദീഖ് എം.എല്‍.എ ഉള്ളുലക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ രൂപം;

സാറേ... എനിക്കെന്റെ അമ്മയെ കുഴിമാടത്തില്‍ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം...' എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകള്‍ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞു... ജിന്‍സണ്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവര്‍ അപേക്ഷ നല്‍കിയിരുന്നു...

പിന്നീട് ആംബുലന്‍സില്‍ ശ്രുതിയെയും കൊണ്ട് ഒരു യാത്രയായിരുന്നു... പുത്തുമലയിലെ പൊതു കുഴിമാടത്തില്‍ നിന്ന് ശ്രുതിയുടെ അമ്മയെ വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ

എടുത്ത് മേപ്പാടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തിന്റെ ശ്മശാനത്തില്‍ ഐവര്‍ മഠത്തിന്റെ സഹായത്തോടെ ദഹിപ്പിക്കുമ്പോള്‍ ശ്രുതി കരഞ്ഞില്ല... കണ്ണീര്‍ വറ്റിപ്പോയിരിക്കണം...

ശ്രുതിയുടെ അമ്മയെ കുഴിമാടത്തില്‍ നിന്ന് എടുക്കവെ അരികത്ത് തലയില്‍ കൈ കൊടുത്ത് ഇരുന്ന ജിന്‍സന്റെ അച്ഛന്‍ വല്ലാത്ത നോവായിരുന്നു... വിഷ്വല്‍ ലാംഗ്വേജില്‍ എല്ലാം നിങ്ങള്‍ക്ക് കാണാം...

മുസ്ലിം പള്ളിയിലെ ഖബറില്‍ നിന്ന് ചര്‍ച്ചിലേക്കും, ഹൈന്ദവ ശ്മശാനത്തിലേക്കും, പുത്തുമലയിലെ പൊതു ശ്മശാനത്തില്‍ നിന്നും അത് പോലെ തിരിച്ചും ഡിഎന്‍എ വഴി തിരിച്ചറിഞ്ഞ ബോഡികള്‍ എടുത്ത് മാറ്റുകയാണ് ദിവസവും ഞങ്ങള്‍...

എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ജോസഫ്, രാജു എജമാടി, സുരേഷ് ബാബു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബിജെപി നേതാവ് മുരളി, രാധാ രാമസ്വാമി എന്നിവരോട് നന്ദി... സ്‌നേഹം...

വൈറ്റ് ഗാര്‍ഡാണ് ഓരോ ബോഡിയും എടുക്കുന്നത്, അവരെ അഭിനന്ദിക്കാന്‍ എനിക്ക് വാക്കുകളില്ല... അവര്‍ക്ക് കുടിവെള്ളം പോലും ഞങ്ങള്‍ക്ക് കൊടുക്കേണ്ടി വരാറില്ല... അവര്‍ ഞങ്ങള്‍ക്ക് തരും... ഈ സേവനം ഒരു മലയാളിയും ഒരു കാലത്തും മറക്കില്ല... വൈറ്റ് ഗാര്‍ഡ് ജില്ലാ ചെയര്‍മാന്‍ ഷുക്കൂറിനും, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറിയും വൈറ്റ് ഗാര്‍ഡ് അംഗവുമായ ഷിഹാബിനും ടീമിനും നന്ദി... സ്‌നേഹം... ശ്രുതിയുടെ അമ്മയെ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഐവര്‍ മഠത്തിനും സേവാഭാരതിക്കും നന്ദി...

അമ്മയ്ക്ക് നിത്യശാന്തി നേരുന്നു...

Tags:    

Similar News