ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നു; ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും തകരാറിലാകുമെന്ന് ആശങ്ക; വ്യോമയാന, നാവിക മേഖലകളില്‍ അടക്കം ആശങ്ക; മുന്നറിയിപ്പു നല്‍കി നാസ

ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നു

Update: 2025-05-21 06:14 GMT
ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നു; ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും തകരാറിലാകുമെന്ന് ആശങ്ക; വ്യോമയാന, നാവിക മേഖലകളില്‍ അടക്കം ആശങ്ക; മുന്നറിയിപ്പു നല്‍കി നാസ
  • whatsapp icon

ന്യൂയോര്‍ക്ക്: ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍. ലോകമെമ്പാടുമുള്ള ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവെന്നാണ് സൂചന. കഴിഞ്ഞയാഴ്ച സൂര്യനില്‍ നിന്നുള്ള ശക്തമായ ഒരു ഊര്‍ജ്ജ സ്ഫോടനത്തിന് ശേഷമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് സൗരജ്വാലകളുടെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ എക്സ് 2.7 എന്ന ഇനത്തില്‍ പെട്ടതാണ് എന്നാണ് നാസയിലെ ഗവേഷകര്‍ മനസിലാക്കുന്നത്.

സൂര്യപ്രകാശത്തില്‍ നിന്ന് വരുന്ന തീവ്രമായ വികിരണ സ്ഫോടനങ്ങളാണ് സൗരജ്വാലകള്‍ എന്നറിയപ്പെടുന്നത്. സൂര്യന്റെ ഉപരിതലത്തിലെ ഇരുണ്ടതും തണുപ്പുള്ളതുമായ മേഖലയിലാണ് ഇവ സംഭവിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ സ്ഫോടനങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ജ്വാലകള്‍ ഏതാനും മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കും. ഈ മാസം പതിന്നാലിനാണ് സൗരജ്വാലകള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് ഭൂമിയിലേക്ക് എത്തുകയാണ്.

ഇത് കാരണം ഇപ്പോള്‍ തന്നെ യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ റേഡിയോ ബ്ലാക്കൗട്ടുകള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ വൈദ്യുതി തടസവും ഉണ്ടായിട്ടുണ്ട്. സ്വരജ്വാലകള്‍ ഇനിയുള്ള ദിവസങ്ങളില്‍ റേഡിയോ ആശയവിനിമയം, വൈദ്യുത പവര്‍ ഗ്രിഡുകള്‍, നാവിഗേഷന്‍ സിഗ്നലുകള്‍ എന്നിവയെ ദോഷകരമായി ബാധിക്കുകയും ബഹിരാകാശ പേടകങ്ങള്‍ക്കും ബഹിരാകാശയാത്രികര്‍ക്കും അപകടസാധ്യതകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടെന്നുമാണ് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ സൗരജ്വാലകള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവയില്‍ അലാസ്‌ക, വാഷിംഗ്ടണ്‍, ഇഡാഹോ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, മിനസോട്ട, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, മെയ്ന്‍ എന്നിവയും ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ പതിനൊന്ന് സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നത്. വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതല്‍ സൗരജ്വാലകളും സാധ്യതയുള്ള ഭൂകാന്തിക കൊടുങ്കാറ്റുകളും ഉണ്ടാകാം. സൂര്യന്റെ ഏറ്റവും പുറം പാളിയില്‍ പ്ലാസ്മയുടെ സ്ഫോടനം മൂലം ഭൂമിയുടെ കാന്തികവലയത്തില്‍ ഉണ്ടാകുന്ന താല്‍ക്കാലിക പ്രതിസന്ധിയാണ് ഭൂകാന്തിക കൊടുങ്കാറ്റ് എന്നറിയപ്പെടുന്നത്. 1989 ല്‍ കാനഡയിലെ ക്യൂബെക്കില്‍ ഇത്തരത്തില്‍ ഉണ്ടായ സൗരക്കൊടുങ്കാറ്റ് ഒമ്പത് മണിക്കൂറോളം രാജ്യത്തെ വിവിധ മേഖലകളില്‍ വന്‍ തടസം സൃഷ്ടിച്ചിരുന്നു.

വ്യോമയാന, നാവിക മേഖലകളിലെ റേഡിയോ ആശയ വിനിമയങ്ങള്‍ക്ക് ഇത് വലിയ തോതില്‍ തടസം സൃഷ്ടിക്കാറുണ്ട്. എങ്കിലും നിലവിലെ സൗരക്കൊടുങ്കാറ്റ് നേരത്തേ ഉണ്ടായ കൊടുങ്കാറ്റുകളെ അപേക്ഷിച്ച് വലിയ ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കില്ല എന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News