പസഫിക് സമുദ്രത്തിന് ചുറ്റും വ്യാപിച്ചുകിടക്കുന്ന 25,000 മൈല്‍ ദൈര്‍ഘ്യമുള്ള റിംഗ് ഓഫ് ഫയറില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് ഭൂകമ്പം കാരണമായേക്കും; പുതിയ ലോകാവസാന തിയറി ഇങ്ങനെ

Update: 2025-08-01 08:26 GMT

ലോകാവസാനം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ച് നിരവധി പ്രവചനങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ ചില പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകാതെ പോയിട്ടുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പുതിയ സിദ്ധാന്തം ഇപ്പോള്‍ പുറത്ത് വരികയാണ്. 25,000 മൈല്‍ നീളമുള്ള 'റിംഗ് ഓഫ് ഫയര്‍' അഗ്നിപര്‍വ്വത ശൃംഖല പൊട്ടിത്തെറിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കൃത്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് റഷ്യയെ പിടിച്ചു കുലുക്കിയ വന്‍ ഭൂകമ്പം ഉണ്ടായത്. 8.8 ആയിരുന്നു ഈ ഭൂകമ്പത്തിന്റെ തീവ്രതയായി രേഖപ്പടുത്തിയത്. ജപ്പാന്‍, ഹവായ്, യുഎസ് വെസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളില്‍ ഇതിന്റെ ഫലമായി സുനാമി തിരമാലകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വലിയ തോതിലുള്ള ദുരന്തങ്ങള്‍ ഒന്നും തന്നെ ഇതിന്റെ ഫലമായി ഉണ്ടായില്ല എന്നത് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ ഇത് കൊണ്ട് മാത്രം ഈ വന്‍ ഭൂകമ്പത്തിന്റെ അനന്തര ഫലങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.

പസഫിക് സമുദ്രത്തിന് ചുറ്റും വ്യാപിച്ചുകിടക്കുന്ന 25,000 മൈല്‍ ദൈര്‍ഘ്യമുള്ള അഗ്നിപര്‍വ്വത ശൃംഖലയായ റിംഗ് ഓഫ് ഫയറില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് ഭൂകമ്പം കാരണമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ഇക്കാര്യം അസാധ്യമാണ് എങ്കില്‍ പോലും ഈ മുഴുവന്‍ അഗ്നിപര്‍വ്വത ശൃംഖലയും ഒരേസമയം പൊട്ടിത്തെറിച്ചാല്‍ അതിന്റെ ഫലം വിനാശകരമായിരിക്കും. 425 ല്‍ അധികം അഗ്നിപര്‍വ്വതങ്ങളുടെ ആവാസ കേന്ദ്രമാണ് ഇവിടം. ഭൂമിയിലെ എല്ലാ സജീവ അഗ്നിപര്‍വ്വത സ്ഥലങ്ങളുടെയും 75 ശതമാനവും ഇതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കയിലെ മൗണ്ട് സെന്റ് ഹെലന്‍സ്, ജപ്പാനിലെ മൗണ്ട് ഫുജി, സുന്ദ കടലിടുക്കിലെ ക്രാകറ്റോവ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതങ്ങളില്‍ ചിലത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരമൊരു സ്ഫോടന പരമ്പര ഉണ്ടായാല്‍ ലോകത്തെ വിവിധ ഭാഗങ്ങളിലെ അന്തരീക്ഷം ചാരം കൊണ്ട് നിറയുമെന്നും അത് വിമാന സര്‍വ്വീസുകളെ പോലും ഗുരുതരമായി ബാധിക്കും എന്നുമാണ്. സമീപ കാലഘട്ടത്തില്‍ ഭൂകമ്പങ്ങള്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് കാരണമായതായി തോന്നുന്ന നിരവധി സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 'ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഭൂകമ്പ ആഘാത തരംഗങ്ങള്‍ക്ക് കഴിയും.

അങ്ങനെ ഒരു സ്ഫോടനത്തിന് സമീപമുള്ള അഗ്നിപര്‍വ്വതങ്ങളെയും അഗ്നിപര്‍വ്വത സംവിധാനങ്ങളെയും ഇളക്കിമറിക്കാന്‍ കഴിയും. റഷ്യയിലെ കാംചട്സ്‌കയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പം ഇത് ഇതുവരെ ഉണ്ടായതില്‍ ആറാമത്തെ ശക്തമായ ഭൂകമ്പമാണൊണ് കരുതപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് കംചട്കയിലെ ക്ല്യൂചെവ്സ്‌കോയ് അഗ്നിപര്‍വ്വതത്തിന്റെ പടിഞ്ഞാറന്‍ ചരിവുകളില്‍ നിന്ന് ലാവാ പ്രവാഹങ്ങള്‍ നേരിയ തോതില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ക്ല്യൂചെവ്സ്‌കയ സോപ്ക ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ്.

ഈ സ്ഫോടനങ്ങള്‍ക്ക് സമീപം താമസിക്കുന്ന ആര്‍ക്കും പാറകള്‍ വീഴുക, വിഷവാതകങ്ങള്‍, മാരകമായ മണ്ണിടിച്ചില്‍, തിളച്ചുമറിയുന്ന ചൂടുള്ള പൈറോക്ലാസ്റ്റിക് പ്രവാഹങ്ങള്‍ എന്നിവ കാരണം അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. റിംഗ് ഓഫ് ഫയര്‍ 15 രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍, ഈ സ്ഫോടനങ്ങള്‍ ഇവിടങ്ങളില്‍ വളരെയധികം വിനാശകരമായിരിക്കും.

ഭാഗ്യവശാല്‍, യാഥാര്‍ത്ഥ്യത്തില്‍ ഇത് ഒരിക്കലും സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകമെമ്പാടും നിരവധി വലിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അവ വ്യാപകമായ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് കാരണമായിട്ടില്ല എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News