വാട്‌സ് ആപ്പിലും ഇനി ചോദിച്ചു ചോദിച്ചു പോകാം..! ചാറ്റുകളുടെ താഴെ വലത് വശത്തായി വൃത്തത്തില്‍ നീല നിറത്തില്‍ മെറ്റ എ.ഐ ചാറ്റ്‌ബോട്ടിന്റെ ഐക്കണ്‍ റെഡി; മെനക്കേടെന്ന് പറഞ്ഞ് സായിപ്പന്‍മാര്‍; ചാരപ്പണിക്കായി ഉപയോഗിക്കുന്ന ആപ്പോ എന്നു പോലും സംശയം

വാട്‌സ് ആപ്പിലും ഇനി ചോദിച്ചു ചോദിച്ചു പോകാം..!

Update: 2025-04-12 04:05 GMT

ന്യൂയോര്‍ക്ക്: വാട്സാപ്പ് ലോകമെമ്പാടും ഇരുനൂറ് കോടിയോളം ഉപഭോക്താക്കള്‍ ഉള്ള മെസേജിംഗ് ആ്പ്പാണ്. വാട്സാപ്പ് ഉള്ളവര്‍ അതില്‍ ഈയാഴ്ച വന്ന ഒരു പ്രധാന മാറ്റം ശ്രദ്ധിച്ചു കാണും. വാട്സാപ്പ് നിങ്ങളുടെ ചാറ്റുകളുടെ താഴെ വലത് വശത്തായി വൃത്തത്തില്‍ നീല നിറത്തിലുള്ള ഒരു ഐക്കണ്‍ ഇപ്പോള്‍ കാണാന്‍ കഴിയും. മെറ്റയുടെ നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടായ മെറ്റാ എ.ഐയിലേക്കുള്ള ഷോര്‍ട്ട് കട്ടാണ് ഇത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും എന്തെങ്കിലും പഠിപ്പിക്കാനും, അല്ലെങ്കില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും സഹായിക്കുന്ന മെറ്റയുടെ ഒരു ഓപ്ഷണല്‍ സേവനമാണ് വാട്ട്‌സ്ആപ്പ് വഴിയുള്ള മെറ്റാ എ.ഐ എന്നാണ് കമ്പനി വിശദീകരിക്കുന്നത്.

കുറച്ചു കാലമായി അമേരിക്കയില്‍ ഈ ടൂള്‍ ലഭ്യമായിരുന്നെങ്കിലും അടുത്തിടെ മാത്രമാണ് യു.കെയില്‍ എത്തിത്തുടങ്ങിയത്. എന്നാല്‍ പല ഉപഭോക്താക്കളും ഇതിനെക്കുറിച്ച് കടുത്ത അതൃപ്തിയിലാണ്. ഇപ്പോള്‍ അവരില്‍ പലരും ചോദിക്കുന്നത് ഇതിനെ എങ്ങനെ ഒഴിവാക്കാം എന്നാണ്. വാട്സാപ്പ് ഉപയോഗിക്കുന്ന സമയത്തെല്ലാം ഇതൊരു മെനക്കോടായി മാറുകയാണ് എന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ പലരും ഇത് ഉപയോഗിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. രോഷം സഹിക്കാതെ ഒരു ഉപഭോക്താവ് പറഞ്ഞത് തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് കപ്പല്‍ കനാലില്‍ എറിയുന്നതിന് മുമ്പ് ഇതൊന്ന് മാറ്റിത്തരാന്‍ പറ്റുമോ എന്നാണ്.

എന്നാല്‍ മെറ്റ പറയുന്നത് സാമൂഹിക അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ സാധ്യതകള്‍ തുറക്കുന്നതിനും ആളുകള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ നിരന്തരം ഇടപഴകാന്‍ കഴിയുന്ന ഒരു സഹായിയാണ് ഈ സംവിധാനം എന്നാണ്. ഗ്രൂപ്പ് ചാറ്റില്‍ നടക്കുന്ന ഒരു സംവാദം നിങ്ങള്‍ക്ക് പരിഹരിക്കണം എന്നുണ്ടോ അല്ലെങ്കില്‍ നിങ്ങളെ അലട്ടുന്ന ഒരു സംശയത്തിന് ഉത്തരം കാണേണ്ടതുണ്ടോ എങ്കില്‍ മെറ്റാ എ.ഐ അതിന് നല്ലൊരു സഹായി ആയിരിക്കും എന്നും മെറ്റ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങളുടെ ഫ്രിഡ്ജില്‍ എന്തൊക്കെ സാധനങ്ങള്‍ ഇപ്പോള്‍ ഉണ്ട് എന്ന് നോക്കിയതിന് ശേഷം അവ ഉപയോഗിച്ച് എന്തൊക്കെ പാചകം ചെയ്യാം എന്ന് മെറ്റാ എ.ഐയോട് ചോദിച്ചാല്‍ ഉടനടി പരിഹാരം ലഭിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

അത് പോലെ ഏതൊക്കെ റെസ്റ്റോറന്റില്‍ നിങ്ങളുടെ ഇഷ്ടവിഭവം ലഭിക്കുമെന്നും മെറ്റാ എ.ഐ പറഞ്ഞു തരും എന്നൊക്കെയാണ് കമ്പനി പറയുന്നത്. എന്നാല്‍ ഇതൊന്നും തന്നെ ഉപഭോക്താക്കളെ തൃപ്തരാക്കുന്നില്ലെന്ന് മാത്രമല്ല രോഷാകുലരാക്കുകയും ചെയ്യുന്നു. സഭ്യമല്ലാത്ത വാക്കുകള്‍ പോലും ഉപയോഗിച്ചാണ് ചിലര്‍ മെറ്റാ എ.ഐയെ ഇഷ്ടപ്പെടുന്നില്ല എന്ന് അഭിപ്രായപ്പെടുന്നത്. മറ്റൊരാള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത് താന്‍ ജീവിതത്തില്‍ ഒരിക്കലും ഈ സംവിധാനം ഉപയോഗിക്കില്ല എന്നാണ്. കമ്പനി ഇപ്പോള്‍ ചെയ്യേണ്ടത് ഉപഭോക്താക്കള്‍ക്ക് മെറ്റാ എ.ഐ പ്രവര്‍ത്തനരഹിതമാക്കാനും സ്‌ക്രീനില്‍ നിന്ന് മാറ്റാനുള്ള ഓപ്ഷനും തരണം എന്നാണ്.

വിചിത്രമായ മറ്റൊരു കാര്യം പലരും മെറ്റാ എ.ഐയോട് ചോദിക്കുന്ന സംശയം ഇതെങ്ങനെ നീക്കം ചെയ്യാം എന്നാണ്. എന്നാല്‍ അവര്‍ക്ക് ലഭിച്ച മറുപടിയാകട്ടെ അപ്രായോഗികവും ആണ്. ഇതില്‍ നിലവിലില്ലാത്ത കാര്യങ്ങളാണ് മെറ്റാ എ.ഐ തന്നോട് ആവശ്യപ്പെട്ടതെന്ന് മറ്റൊരാള്‍ കോപത്തോടെ പറയുന്നു. എ.ഐ ചാറ്റ്ബോട്ട് നീക്കം ചെയ്യാന്‍ ഒരു സംവിധനവും ഇല്ലാത്ത സാഹചര്യത്തില്‍ ഇത് ചാരപ്പണിക്കായി ഉപയോഗിക്കുന്ന ആപ്പാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഓരോരുത്തരുടേയും സ്വകാര്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.

Tags:    

Similar News