തോക്കുധാരികളായ കൊള്ളക്കാർ വളഞ്ഞു, പിന്നെ തുരുതുരെ വെടിയൊച്ചകൾ; ഘാനയിൽ ഫുട്ബോൾ ടീം ബസിന് നേരെ ആക്രമണം; 20-കാരനായ താരം കൊല്ലപ്പെട്ടു; ലോകം നടുങ്ങിയ ആ നിമിഷം ഇങ്ങനെ

Update: 2026-04-13 17:00 GMT

അക്ര: ഘാനയിൽ ഫുട്ബോൾ ടീം ബസിനു നേരെ സായുധരായ മോഷ്ടാക്കൾ നടത്തിയ വെടിവെപ്പിൽ പ്രൊഫഷണൽ താരം കൊല്ലപ്പെട്ടു. ഘാന പ്രീമിയർ ലീഗ് ടീമായ ബെറെകം ചെൽസിയുടെ താരം ഡൊമിനിക് ഫ്രിംപോങ് (20) ആണ് മരിച്ചത്. ഞായറാഴ്ച ഗുവാസോ ബിബിയാനി റോഡിലായിരുന്നു ദാരുണമായ സംഭവം. സ്മാർടക്സിനെതിരായ ലീഗ് മത്സരം കഴിഞ്ഞ് സംരേബോയിയിൽ നിന്നു മടങ്ങുകയായിരുന്ന ടീം ബസ് ഒരു സംഘം മുഖംമൂടിധാരികൾ തടയുകയായിരുന്നു.

ഡ്രൈവർ ബസ് പിന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ പ്രകോപിതരായ മോഷ്ടാക്കൾ ബസിനു നേർക്ക് തുരുതുരെ വെടിയുതിർത്തു. ഇതോടെ കളിക്കാരും ജീവനക്കാരും ജീവൻ രക്ഷിക്കാനായി അടുത്തുള്ള കുറ്റിക്കാടുകളിലേക്ക് ഓടിമാറി. ഇതിനിടെയാണ് ഫ്രിംപോങിന് വെടിയേറ്റത്. താരത്തിന്റെ മരണം ഘാന ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഫ്രിംപോങിന്റെ വിയോഗം ഘാന ഫുട്ബോളിന് നികത്താനാവാത്ത നഷ്ടമാണെന്ന് അസോസിയേഷൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

മൈതാനത്തെ അർപ്പണബോധം കൊണ്ട് ശ്രദ്ധേയനായ വളർന്നുവരുന്ന പ്രതിഭയായിരുന്നു അദ്ദേഹം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കായിക താരങ്ങളുടെ യാത്രാ സുരക്ഷ വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2023-ലും സമാനമായ രീതിയിൽ ലെഗോൺ സിറ്റീസ് എന്ന ക്ലബിന്റെ ബസിനു നേരെ ആക്രമണം നടന്നിരുന്നു. അന്ന് ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടാനായെങ്കിലും താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഘാനയിൽ ശക്തമാവുകയാണ്.

Similar News