ലക്ഷ്യം 217, ആദ്യ പന്തിൽ സൂര്യവംശി മടങ്ങി, പിന്നാലെ ധ്രുവ് ജുറെലും; 5 റൺസിനിടെ 4 വിക്കറ്റ്; പ്രഫുൽ ഹിംഗെയുടെ ബൗളിങ്ങിൽ തകർന്നടിഞ്ഞ് റോയൽസ്; ഹൈദരാബാദിൽ ഓറഞ്ച് ആർമി 'ഷോ'
ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 217 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ റോയൽസിന് ബാറ്റിങ്ങിൽ വൻ തകർച്ച. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ മുൻനിരയെ ഹൈദരാബാദ് ബൗളർമാർ എരിഞ്ഞൊതുക്കി. വെറും 5 റൺസിനിടെ 4 പ്രധാന വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ഹൈദരാബാദ് പേസർ പ്രഫുൽ ഹിംഗെയുടെ തീപ്പൊരി ബൗളിങ്ങാണ് രാജസ്ഥാനെ തകർത്തത്.
തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ വൈഭവ് സൂര്യവംശിയെ (0) പുറത്താക്കി ഹിംഗെ വേട്ട തുടങ്ങി. ആ ഓവറിലെ നാലാം പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലും (0) മടങ്ങി. അതുകൊണ്ടും തീർന്നില്ല, ഓവറിലെ അവസാന പന്തിൽ ലുവാൻ-ഡ്രെ പ്രിട്ടോറിയസിനെയും (0) പുറത്താക്കിയതോടെ രാജസ്ഥാൻ സമ്മർദ്ദത്തിലായി. 1.2 ഓവറിൽ വെറും 2 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് ഹിംഗെ വീഴ്ത്തിയത്.
മറുഭാഗത്ത് സാക്കിബ് ഹുസൈനും ഹൈദരാബാദിനായി കരുത്തുകാട്ടി. അപകടകാരിയായ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (1) നിതീഷ് കുമാർ റെഡ്ഡിയുടെ കൈകളിൽ എത്തിച്ചാണ് സാക്കിബ് പ്രഹരമേൽപ്പിച്ചത്. നിലവിൽ ക്രീസിലുള്ള ക്യാപ്റ്റൻ റിയാൻ പരാഗിലും രവീന്ദ്ര ജഡേജയിലുമാണ് രാജസ്ഥാന്റെ പ്രതീക്ഷകൾ. അവസാന വിവരങ്ങൾ ലഭിക്കുമ്പോൾ 2.2 ഓവറിൽ 4 വിക്കറ്റിന് 5 റൺസ് എന്ന അതീവ ദയനീയ നിലയിലാണ് രാജസ്ഥാൻ.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. നിശ്ചിത ഓവറിൽ ടീമിനെ മികച്ച നിലയിലെത്തിച്ചതിൽ ക്ലാസനും നിതീഷ് റെഡ്ഡിയും സലിൽ അറോറയും നിർണായക പങ്കുവഹിച്ചു. ടോസ് ജയിച്ച് ഫീൽഡിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു സൺറൈസേഴ്സിന്റെ തുടക്കം. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) ജോഫ്ര ആർച്ചർ പുറത്താക്കി.
എന്നാൽ ഈ ഞെട്ടലിൽ നിന്ന് ഇഷാൻ കിഷനും ട്രാവിസ് ഹെഡും ചേർന്ന് ടീമിനെ കരകയറ്റി. 18 പന്തിൽ 18 റൺസെടുത്ത ഹെഡ് പുറത്തായതോടെ ക്രീസിലെത്തിയ ഹെയ്ന്റിച് ക്ലാസനെ കൂട്ടുപിടിച്ച് ഇഷാൻ കിഷൻ സവാരി തുടങ്ങി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസാണ് ബോർഡിൽ ചേർത്തത്. തകർപ്പൻ ഫോമിലായിരുന്ന ഇഷാൻ 44 പന്തിൽ 8 ഫോറും 6 സിക്‌സുമടക്കം 91 റൺസെടുത്തു.
നിർഭാഗ്യം കൊണ്ട് മാത്രമാണ് താരത്തിന് 9 റൺസ് അകലെ സെഞ്ചുറി നഷ്ടമായത്. ക്ലാസൻ 26 പന്തിൽ 40 റൺസെടുത്തു. അവസാന ഓവറുകളിൽ നിതീഷ് കുമാർ റെഡ്ഡിയും (13 പന്തിൽ 28), സലിൽ അറോറയും (13 പന്തിൽ 24) ചേർന്ന് നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദ് സ്കോർ 200 കടത്തിയത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
