ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷം ഫോളോവേഴ്‌സ്; കീർത്തി സുരേഷിനെയും മറികടന്ന് ആരാധക പിന്തുണ; സോഷ്യൽ മീഡിയയിൽ ഇത് സഞ്ജു യുഗം
ചെന്നൈ: ക്രിക്കറ്റ് പിച്ചിലെ റെക്കോർഡുകൾക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലും ജൈത്രയാത്ര തുടർന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന റെക്കോർഡാണ് സഞ്ജു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് സഞ്ജുവിന്റെ ഈ കുതിപ്പ്.
19 ദശലക്ഷം (1.9 കോടി) ഫോളോവേഴ്‌സാണ് സഞ്ജുവിനെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നടി കീർത്തി സുരേഷിനെയാണ് (18.8 ദശലക്ഷം) സഞ്ജു മറികടന്നത്. അനുപമ പരമേശ്വരൻ (16.6 ദശലക്ഷം), ദുൽഖർ സൽമാൻ (15.9 ദശലക്ഷം) എന്നിവരാണ് പട്ടികയിൽ പിന്നിലുള്ള മറ്റ് പ്രമുഖർ.
ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി നേടിയ തകർപ്പൻ സെഞ്ച്വറിയാണ് സഞ്ജുവിന്റെ ജനപ്രീതിക്ക് പുത്തൻ കരുത്തേകിയത്. വെടിക്കെട്ട് ബാറ്റിംഗിനൊപ്പം മൈതാനത്തിന് പുറത്തെ ലാളിത്യവും ആരാധകർക്കിടയിൽ താരത്തെ പ്രിയങ്കരനാക്കുന്നു. കഴിഞ്ഞ ദിവസം തന്റെ തകർന്ന ഫോണുമായി എത്തിയ ആരാധകന് പുതിയ ഫോൺ സമ്മാനിച്ച സഞ്ജുവിന്റെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ക്രിക്കറ്റ് പ്രേമികൾക്ക് പുറമെ സിനിമാ-സാംസ്‌കാരിക മേഖലയിലുള്ളവരും സഞ്ജുവിനെ പിന്തുടരുന്നുണ്ട്.
നേരത്തെ ടി20 ലോകകപ്പിന് പിന്നാലെ സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പാണ് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയത്. ലോകകപ്പിന് ശേഷം ഇടയ്ക്ക് ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും, ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ മിന്നും സെഞ്ച്വറി സഞ്ജുവിന്റെ സോഷ്യൽ മീഡിയ മൂല്യം വീണ്ടും കുതിച്ചുയരാൻ കാരണമായി.