പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്; ലാലിഗയിലെ ആവേശപ്പോരിൽ റയോ വല്ലേക്കാനോയെ തകർത്തത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; അൽവാരസിന് ഹാട്രിക്
മഡ്രിഡ്: ലാലിഗയിൽ ഹൂലിയൻ അൽവാരസിന്റെ ഹാട്രിക് മികവിൽ അത്ലറ്റിക്കോ മാഡ്രിഡിന് വിജയം. റയോ വല്ലേക്കാനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (2-3) അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. 15, 80, 88 മിനിറ്റുകളിലാണ് അൽവാരസ് ലക്ഷ്യം കണ്ടത്.
റിയാദ് എയർ മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15ാം മിനിറ്റിൽ ലൊറന്റോയുടെ തകർപ്പൻ പാസ് സ്വീകരിച്ച് അൽവാരസ് ഇടം കാലൻ വോളിയിലൂടെ അത്ലറ്റിക്കോക്ക് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45ാം മിനിറ്റിൽ പെപ് കാവറിയയിലൂടെ വല്ലേക്കാനോ തിരിച്ചടിച്ചു. ഗോൾ പോസ്റ്റിന് 30 മീറ്റർ അകലെ നിന്ന് കാവറിയ തൊടുത്ത ഷോട്ട് അത്ലറ്റിക്കോയുടെ വല കുലുക്കി.
രണ്ടാം പകുതിയിൽ 77ാം മിനിറ്റിൽ ആൽവാരോ ഗ്രാഷ്യ റിവേരയിലൂടെ വല്ലേക്കാനോ ലീഡ് ഉയർത്തി (2-1). എന്നാൽ, 80ാം മിനിറ്റിൽ അൽവാരസ് വീണ്ടും ലക്ഷ്യം കണ്ടതോടെ സ്കോർ സമനിലയിലായി (2-2). മത്സരത്തിന്റെ അവസാന മിനിറ്റിൽ, 88ാം മിനിറ്റിൽ, ബോക്സിന് പുറത്ത് നിന്ന് അൽവാരസ് തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ അത്ലറ്റിക്കോ വിജയഗോൾ നേടി ഹാട്രിക്കിന് അർഹനായി.
ഈ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ് ഒൻപത് പോയിന്റോടെ ലീഗിൽ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ 18 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 13 പോയിന്റ് വീതമുള്ള ബാഴ്സലോണയും വിയ്യ റയലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.