മാഡ്രിഡ് ഡെർബിയിൽ അത്‍ലറ്റിക്കോയുടെ ഗോൾ മഴ; ഹൂലിയൻ അൽവാരസിന് ഇരട്ട ഗോൾ; ലാലിഗയിൽ റയലിന് തോൽവി
മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിനെ തകർത്ത് അത്‍ലറ്റിക്കോ മാഡ്രിഡ്. സ്വന്തം തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5-2 എന്ന സ്കോറിനാണ് അത്‍ലറ്റിക്കോയുടെ വിജയം. മത്സരത്തിൽ ഹൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, റോബിൻ ലെ നോർമൻഡ്, അലക്സാണ്ടർ സൊർലോത്, അന്റോയിൻ ഗ്രീസ്മാൻ എന്നിവർ ഓരോ ഗോളുകൾ നേടി.
കളി തുടങ്ങി 14ാം മിനിറ്റിൽ റോബിനിലൂടെ അത്‍ലറ്റിക്കോ മുന്നിലെത്തിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് റയൽ മഡ്രിഡ് രണ്ടു ഗോളടിച്ച് ലീഡ് നേടി. 25ാം മിനിറ്റിൽ കിലിയൻ എംബാപ്പെയും 36ാം മിനിറ്റിൽ അർദ ഗുലറും റയലിനായി ലക്ഷ്യം കണ്ടു. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അലക്സാണ്ടർ സൊർലോത്തിന്റെ ഗോളിലൂടെ അത്‍ലറ്റിക്കോ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ കളി പൂർണ്ണമായും അത്‍ലറ്റിക്കോയുടെ നിയന്ത്രണത്തിലായി. 51ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹൂലിയൻ അൽവാരസ് തന്റെ രണ്ടാം ഗോളും അത്‍ലറ്റിക്കോയുടെ ലീഡും നേടി. 63ാം മിനിറ്റിൽ ലയണൽ മെസ്സിയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഒരു ഫ്രീകിക്കിലൂടെ അൽവാരസ് തന്റെ രണ്ടാം ഗോൾ നേടി ആരാധകരെ ഞെട്ടിച്ചു. 83ാം മിനിറ്റിൽ കളത്തിലിറങ്ങിയ ഗ്രീസ്മാൻ നാലാം ഗോൾ നേടിയതോടെ അത്‍ലറ്റിക്കോ വിജയം പൂർണമായി.