ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് ബാഴ്സലോണ; ലാലിഗയിൽ ഒവിഡോക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം; 50-ാം വിജയം പൂർത്തിയാക്കി ഹാൻസി ഫ്ലിക്
ഒവിഡോ: ലാലിഗയിൽ വിജയം തുടർന്ന് ബാഴ്സലോണ. റിയൽ ഒവിഡോക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് (1-3) ബാഴ്സയുടെ വിജയം. ആദ്യ ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിച്ച് വിജയം നേടിയതോടെ ബാഴ്സ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡിനോട് കൂടുതൽ അടുത്തിരിക്കുകയാണ്.
മത്സരത്തിൽ ഒവിഡോയാണ് ആദ്യം ലീഡ് നേടിയത്. 33ാം മിനിറ്റിൽ ആൽബർട്ടോ റെയ്ന ബാഴ്സ ഗോൾകീപ്പർ ജോവാൻ ഗാർഷ്യയുടെ പിഴവ് മുതലെടുത്ത് വലകുലുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സ ശക്തമായി തിരിച്ചടിച്ചു. 56ാം മിനിറ്റിൽ എറിക് ഗ്രാഷ്യയിലൂടെ സമനില നേടിയ ബാഴ്സ, 70ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ലീഡ് നേടി.
88ാം മിനിറ്റിൽ റോണാൾഡ് അരൗഹോയും ഗോൾ നേടിയതോടെ ബാഴ്സയുടെ വിജയം പൂർത്തിയായി.ഈ വിജയത്തോടെ 16 പോയിന്റുള്ള ബാഴ്സലോണ, 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡിനെക്കാൾ രണ്ട് പോയിന്റ് പുറകിലാണ്.
ഈ മത്സരത്തോടെ പരിശീലകൻ ഹാൻസി ഫ്ലിക് ബാർസിലോണയ്ക്കായി 67 മത്സരങ്ങളിൽ നിന്ന് 50 വിജയങ്ങൾ സ്വന്തമാക്കി. ക്ലബ് ചരിത്രത്തിൽ ലൂയിസ് എൻറിക് (60 മത്സരങ്ങൾ), ഹെലൻിയോ ഹെരേര (64 മത്സരങ്ങൾ) എന്നിവർക്ക് ശേഷം അതിവേഗം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ പരിശീലകനാണ് ഫ്ലിക്.