തിരിച്ചു വരവ് ഗംഭീരമാക്കി ലെവൻഡോവ്സ്കി; സെൽറ്റാ വിയോയ്‌ക്കെതിരെ ഹാട്രിക്ക്; ലാ ലിഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ; പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി ഹാൻസി ഫ്ലിക്കും സംഘവും
വിഗോ: ലാ ലിഗയിൽ സെൽറ്റാ വിയോയ്‌ക്കെതിരെ 4-2ന് തകർപ്പൻ ജയം നേടി ബാഴ്സലോണ. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക്കും ലാമിൻ യമാലിന്റെ ഒരു ഗോളുമാണ് ബാഴ്സലോണയുടെ തകർപ്പൻ വിജയം സമ്മാനിച്ചത്. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനോക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ് ബാഴ്സലോണ.
മത്സരത്തിന്റെ പത്താം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ലെവൻഡോവ്സ്കി ആദ്യ ഗോൾ നേടിയത്. സെൽറ്റാ വിയോ തൊട്ടടുത്ത മിനിറ്റിൽ സെർജിയോ കാറെയയിലൂടെ തിരിച്ചടിച്ചു. എന്നാൽ 37-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡിന്റെ പാസ് സ്വീകരിച്ച് ലെവൻഡോവ്സ്കി ഒരിക്കൽക്കൂടി വലകുലുക്കി ബാഴ്സലോണക്ക് ലീഡ് നേടിക്കൊടുത്തു.
43-ാം മിനിറ്റിൽ ബോർജ ഇഗ്ലേഷ്യസ് നേടിയ ഗോളിലൂടെ സെൽറ്റാ വീണ്ടും സമനില നേടി. എന്നാൽ ഇടവേളക്ക് തൊട്ടുമുമ്പ് ലാമിൻ യമാൽ നേടിയ ഗോൾ ബാഴ്സലോണക്ക് മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ കളി നിയന്ത്രണത്തിലാക്കിയ ബാഴ്സലോണ 73-ാം മിനിറ്റിൽ ലെവൻഡോവ്സ്കിയിലൂടെ ഗോൾ നേടി ഹാട്രിക്ക് പൂർത്തിയാക്കി. റാഷ്ഫോർഡിന്റെ കോർണറിൽ നിന്നായിരുന്നു ഗോൾ.
'പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ലെവൻഡോവ്സ്കിയുടെ പ്രകടനം മികച്ചതായിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിൽ അദ്ദേഹം തിരിച്ചെത്തി. മൂന്ന് ഗോളുകൾ നേടാൻ സാധിച്ചത് താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട താരമായിരുന്നു ലെവൻഡോവ്സ്കി' ബാഴ്സലോണ കോച്ച് ഹാൻസി ഫ്ലിക്ക് മത്സരശേഷം പ്രതികരിച്ചു.
റയൽ മാഡ്രിഡ് റോയോ വല്ലെകാനോയുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബാഴ്സലോണക്ക് ലീഗ് കിരീടത്തിലേക്കുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. നിലവിൽ 28 പോയിന്റുള്ള ബാഴ്സലോണ, മൂന്നാം സ്ഥാനത്തുള്ള വില്ലാറയലിനെക്കാൾ രണ്ട് പോയിന്റ് മുന്നിലാണ്. 13 പോയിന്റുള്ള സെൽറ്റാ വിയോ പതിമൂന്നാം സ്ഥാനത്താണ്.