യുവേഫ ചാമ്പ്യൻസ് ലീഗിൽ നാണംകെട്ട് ബാഴ്സലോണ; ചെൽസിയോട് പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കത്തിക്കയറി എസ്റ്റാവോ
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിക്ക് വമ്പൻ ജയം. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആവേശകരമായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ തകർത്തത്. ബ്രസീലിയൻ യുവതാരം എസ്റ്റാവോ നിറഞ്ഞാടിയ രാവിൽ ഹാൻസി ഫ്ലിക്കിന്റെ യുവനിര കനത്ത പ്രഹരമാണ് ഏറ്റുവാങ്ങിയത്. ജയത്തോടെ ചെൽസി പോയന്‍റ് പട്ടികയിൽ അഞ്ചാമതെത്തി. അഞ്ചു മത്സരങ്ങളിൽനിന്ന് 10 പോയന്‍റ്. ഏഴു പോയന്‍റ് മാത്രമുള്ള ബാഴ്സ 15ാം സ്ഥാനത്താണ്.
മത്സരത്തിലുടനീളം ചെൽസി തങ്ങളുടെ ആധിപത്യം നിലനിർത്തി. 27-ാം മിനിറ്റിൽ ബാഴ്സലോണ താരം യൂൾസ് കൂണ്ടേയുടെ സെൽഫ് ഗോളിലൂടെയാണ് ചെൽസി ലീഡ് നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 44-ാം മിനിറ്റിൽ, നായകൻ റൊണാൾഡ് അരൗജോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ബാഴ്സക്ക് വലിയ തിരിച്ചടിയായി. പത്തുപേരായി ചുരുങ്ങിയ ബാഴ്സലോണയെ രണ്ടാം പകുതിയിൽ ചെൽസി പൂർണ്ണമായും തകർത്തു.
55-ാം മിനിറ്റിൽ 18 വയസ്സുകാരൻ എസ്റ്റാവോയുടെ മികച്ചൊരു ഒറ്റയാൾ പ്രകടനത്തിലൂടെ രണ്ടാം ഗോൾ പിറന്നു. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് താരം തൊടുത്ത ഷോട്ട് വലയിലെത്തി. കിലിയൻ എംബാപ്പെ, എർലിംഗ് ഹാളണ്ട് എന്നിവർക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടുന്ന മൂന്നാമത്തെ കൗമാര താരമായി എസ്റ്റാവോ ഇതോടെ മാറി. 73-ാം മിനിറ്റിൽ ലിയാം ഡിലാപ് വലകുലുക്കിയതോടെ ചെൽസിയുടെ വിജയം പൂർണ്ണമായി. ഈ വിജയം ചെൽസിയുടെ അടുത്ത ഘട്ട സാധ്യതകൾ വർദ്ധിപ്പിച്ചു.
ബയർ ലെവർകുസനോട് മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി തോറ്റത്. അലജാന്ദ്രോ ഗ്രിമാൾഡോ, പാട്രിക് ഷിക്ക് എന്നിവരാണ് വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗ് സീസണിൽ സിറ്റിയുടെ ആദ്യ തോൽവിയാണിത്, അതും സ്വന്തം കാണികൾക്കു മുന്നിൽ. 10 പോയന്‍റുമായി ആറാം സ്ഥാനത്താണ് സിറ്റി.
മറ്റു മത്സരങ്ങളിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്‍റസ് 3-2ന് ബോഡോ ഗ്ലിംറ്റിനെയും ബൊറൂസിയ ഡോർട്ട്മുണ്ട് 4-0ത്തിന് വിയ്യാറയലിനെയും മാഴ്സിലെ 2-1ന് നൂകാസിൽ യുനൈറ്റഡിനെയു നാപ്പോളി 2-0ത്തിന് ഖറബാഗ് എഫ്.കെയെയും പരാജയപ്പെടുത്തി. അത്ലറ്റികോ ബിൽബാവോ-സ്ലാവിയാ പ്രാഗ് മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
