വിജയകുതിപ്പ് തുടർന്ന് സിറ്റി; ബ്രെൻഡ്ഫോർഡിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; പ്രീമിയർ ലീഗിൽ 250 വിജയങ്ങൾ പൂർത്തിയാക്കി പെപ് ഗ്വാർഡിയോള; മറികടന്നത് ഫെര്‍ഗൂസനേയും വെംഗറേയും

Update: 2025-10-06 09:38 GMT

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്നേറ്റം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ബ്രെൻഡ്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. കളിയുടെ 9ാം- മിനുട്ടിൽ ഏർലിംഗ് ഹാളണ്ടാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 13 പോയന്‍റുമായി സിറ്റി പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഈ വിജയത്തോടെ പെപ് ഗ്വാർഡിയോള പ്രീമിയർ ലീഗിൽ അതിവേഗം 250 വിജയങ്ങൾ നേടുന്ന പരിശീലകൻ എന്ന റെക്കോർഡ് സ്വന്തമാക്കി.

349 മത്സരങ്ങളിൽ നിന്നാണ് ഗ്വാർഡിയോള ഈ നേട്ടം കൈവരിച്ചത്. ഇതിഹാസ പരിശീലകരായ സർ അലക്സ് ഫെർഗൂസനെയും ആഴ്സൻ വെംഗറെയും മറികടന്നാണ് ഗ്വാർഡിയോളയുടെ ഈ ചരിത്ര നേട്ടം. ഫെർഗൂസൻ 404 മത്സരങ്ങളിൽ നിന്നും വെംഗർ 423 മത്സരങ്ങളിൽ നിന്നുമാണ് 250 വിജയങ്ങൾ നേടിയത്. മത്സരത്തിലെ ഒൻപതാം മിനിറ്റിൽ ഹാളണ്ടിന്റെ ഗോളിൽ സിറ്റി മുന്നിലെത്തുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ എവർട്ടൻ വിജയം നേടി. മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിരുന്നിട്ടും, അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ മടക്കിയാണ് എവർട്ടൻ 2-1 ന് വിജയം സ്വന്തമാക്കിയത്. 37-ാം മിനിറ്റിൽ ഡാനിയൽ മൗനോസിന്റെ ഗോളിൽ ക്രിസ്റ്റൽ പാലസ് മുന്നിലെത്തി. 76-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഇലിമാനും എക്സ്ട്രാ ടൈമിൽ ഗോൾ നേടിയ ജാക്ക് ഗ്രീലിഷുമാണ് എവർടണിന്റെ വിജയശിൽപ്പികൾ.

7 മത്സരങ്ങളിൽ നിന്ന് 11 പോയന്‍റുള്ള എവർടൺ ലീഗിൽ എട്ടാം സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ 2-0 ന് പരാജയപ്പെടുത്തി. സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ലയും ബേൺലിയെ 2-1 ന് വീഴ്ത്തി. വൂൾവ്‌സ് ബ്രൈറ്റനുമായി 1-1 സമനിലയിൽ പിരിഞ്ഞു. .

Tags:    

Similar News