'എന്തു സംഭവിച്ചാലും ക്രിക്കറ്റ് നടക്കണം, ചില കളിക്കാർ എപ്പോഴും ഇന്ത്യക്കാരാണെന്നു തെളിയിക്കാനുള്ള ശ്രമം നടത്തുകയാണ്'; വീണ്ടും വിവാദ പരാമർശവുമായി ഷാഹിദ് അഫ്രീദി
ദുബൈ: ദുബൈ: ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെ, മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ പരാമർശങ്ങൾ വീണ്ടും വിവാദമായിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ മത്സരം ഏറെ ശ്രദ്ധ നേടുന്നതിനിടയിലാണ് അഫ്രീദിയുടെ പ്രസ്താവനകൾ. ലെജൻഡ്സ് ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറിയതിനെ സൂചിപ്പിച്ചാണ് അദ്ദേഹം മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെയും വിമർശിച്ചു.
ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ഈ പരാമർശങ്ങൾ നടത്തിയത്. 'എന്തു സംഭവിച്ചാലും ക്രിക്കറ്റ് നടക്കണമെന്നാണ് ഞാൻ മുൻപും പറഞ്ഞിട്ടുള്ളത്. ഇരു രാജ്യങ്ങളുടേയും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ലെജൻഡ്സ് ക്രിക്കറ്റ് മത്സരം കാണാൻ ആളുകൾ ടിക്കറ്റെടുത്തിരുന്നു. കളിക്കാൻ പരിശീലനവും നടത്തി. എന്നാൽ പിന്നീട് അവർ കളിച്ചില്ല. എന്താണ് അവരുടെ വിചാരം എന്ന് എനിക്ക് മനസ്സിലാകുന്നില്ല,' അദ്ദേഹം പറഞ്ഞു.
ധവാനെക്കുറിച്ച് അഫ്രീദി പറഞ്ഞ വാക്കുകളിങ്ങനെയാണ്. 'ഞാൻ ചീഞ്ഞ മുട്ട എന്നു വിശേഷിപ്പിച്ച ഇന്ത്യൻ താരത്തോട് അദ്ദേഹത്തിന്റെ ക്യാപ്റ്റൻ (യുവരാജ് സിങ്) പറഞ്ഞത്, നിങ്ങൾക്കു കളിക്കാൻ താത്പര്യമില്ലെങ്കിൽ കളിക്കണ്ട. എന്നാൽ ട്വീറ്റ് ചെയ്യരുത് എന്നാണ്. അയാൾ വന്നത് ഗൂഢലക്ഷ്യത്തോടെയാണ്. അതാണ് അദ്ദേഹം ഒരു ചീഞ്ഞ മുട്ടയായത്. ഇത്തരം ചീഞ്ഞ മുട്ടകൾ എല്ലാം നശിപ്പിക്കും.' ചില കളിക്കാർ എപ്പോഴും ഇന്ത്യക്കാരാണെന്നു തെളിയിക്കാനുള്ള ശ്രമം നടത്തുകയാണ്. അവർ ഏഷ്യാ കപ്പിൽ കമന്ററി പറയാനുമുണ്ടെന്നും അഫ്രീദി പറഞ്ഞു.
ലെജൻഡ്സ് ക്രിക്കറ്റിൽ ഇന്ത്യ- പാകിസ്ഥാൻ സെമി ഫൈനൽ മത്സരം നടക്കേണ്ടതായിരുന്നു. എന്നാൽ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കളിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് ആദ്യം രംഗത്തെത്തിയത് ശിഖർ ധവാനായിരുന്നു. രാജ്യമാണ് വലുതെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും ഉള്ള നിലപാടായിരുന്നു ധവാന്‍ സ്വീകരിച്ചത്.