രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങുന്നത് ജഡേജയ്ക്ക് ഗുണകരമാകും; സഞ്ജുവിനെ സ്വന്തമാക്കുന്നത് ചെന്നൈയ്ക്കും നേട്ടം; ഇരുവരും ക്യാപ്റ്റൻ സ്ഥാനം പ്രതീക്ഷക്കരുതെന്ന് ആർ. അശ്വിൻ
ചെന്നൈ: സഞ്ജു സാംസണോ രവീന്ദ്ര ജഡേജയോ ക്യാപ്റ്റൻ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ആർ. അശ്വിൻ. ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജു സാംസണെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായും, ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ സംഭവിച്ചാലും ഇരുവർക്കും അവരുടെ പുതിയ ടീമുകളിൽ ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്ന് അശ്വിൻ വ്യക്തമാക്കി.
രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങുന്നത് ജഡേജയുടെ കരിയറിന് ഗുണകരമാകുമെന്നും, രാജ്കോട്ട് വിക്കറ്റുകൾ അദ്ദേഹത്തിന്റെ ബൗളിംഗ് ശൈലിക്ക് അനുയോജ്യമാണെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. കൂടാതെ, രാജസ്ഥാന്റെ ബാറ്റിംഗ് നിരയിൽ സ്ഥിരത കൊണ്ടുവരാനും ജഡേജക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജുവിനെ സ്വന്തമാക്കുന്നത് ചെന്നൈക്ക് ഗുണകരമാണെങ്കിലും, കഴിഞ്ഞ മൂന്ന് വർഷമായി ജഡേജ നിർവഹിക്കുന്ന ഫിനിഷർ റോളിലേക്ക് മറ്റൊരു താരത്തെ കണ്ടെത്തേണ്ടി വരും.
സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലെത്തിയാൽ ആദ്യ സീസണിൽ അദ്ദേഹത്തിന് ക്യാപ്റ്റൻസി ലഭിക്കാൻ സാധ്യതയില്ല. നിലവിൽ ഋതുരാജ് ഗെയ്‌ക്വാദ് തന്നെയായിരിക്കും ചെന്നൈയെ നയിക്കുക. എന്നിരുന്നാലും, ഭാവിയിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതകളുണ്ട്. ജഡേജയെ കൈവിടുന്നതിന് മുമ്പ് ചെന്നൈ മാനേജ്മെന്റ് അദ്ദേഹത്തോട് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിൻ സൂചിപ്പിച്ചു. യുവതാരങ്ങൾ കൂടുതലുള്ള രാജസ്ഥാന്റെ സംസ്കാരം വ്യത്യസ്തമാണെന്നും, അവിടെ ബന്ധങ്ങൾ വഴിയാണ് ടീം മുന്നോട്ടുപോകുന്നതെന്നും താരം പറഞ്ഞു.