'അക്തറേ എന്തായാലും അവര്‍ ആ ട്രോഫി മേടിച്ചില്ല; എങ്കില്‍ നമുക്ക് ആ ട്രോഫി കൊണ്ട് ഒരു വിക്ടറി പരേഡ് നടത്തിയാലോ'; പിണങ്ങിപ്പോകാന്‍ ഇതെന്താ കണ്ടം ക്രിക്കറ്റോ? പാക്കിസ്ഥാന്‍ ഏഷ്യാകപ്പ് 'അടിച്ചു മാറ്റി'; നഖ്വി ട്രോഫിയുമായി 'മുങ്ങിയതില്‍' പാക്ക് ടീമിനും പിസിബിക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ

നഖ്വി ട്രോഫിയുമായി 'മുങ്ങിയതില്‍' പാക്ക് ടീമിനും പിസിബിക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ

Update: 2025-09-29 07:24 GMT

ദുബായ്: ഏഷ്യ കപ്പ് കലാശപ്പോരില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും പാക്ക് ക്രിക്കറ്റ് ബോര്‍ഡിനും (പി.സി.ബി.) ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍മഴ. ഇന്ത്യയുടെ ജയത്തിനുപിന്നാലെ ഡ്രസ്സിങ് റൂമില്‍ച്ചെന്ന് വാതിലടച്ച് അകത്തിരുന്ന പാക് ടീമിനും ട്രോഫിയുമായി 'മുങ്ങി'യ മൊഹ്സിന്‍ നഖ്വിക്കുമെതിരെയാണ് കമന്റുകളായും ട്രോളുകളായും പരിഹാസവും രോഷവും വിമര്‍ശനവുമല്ലാം സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ചും കമന്റുകളുണ്ട്.

നഖ്വിയുടെ കയ്യില്‍ നിന്നും കപ്പ് സ്വീകരിക്കില്ല എന്ന് ഇന്ത്യന്‍ ടീം നിലപാടെടുത്തതോടെ ഏഷ്യാ കപ്പ് ട്രോഫി എടുത്തുകൊണ്ടുപോകാന്‍ ഉത്തരവിട്ട ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയ്‌ക്കെതിരെ കമന്റുകളുടെയും ട്രോളുകളുടെയും ബഹളമാണ്. പാകിസ്ഥാന്‍ കപ്പ് തങ്ങള്‍ അടിക്കുമെന്ന് പറഞ്ഞു, അടിച്ചു(മാറ്റി) എന്നാണ് പലരും കുറിക്കുന്നത്. ഇവരിനി നാട്ടില്‍ ചെന്ന് ആ ട്രോഫിയും മെഡലും കാണിച്ച് തങ്ങള്‍ ജയിച്ചു എന്നും പറഞ്ഞു ആഘോഷിക്കും, കൂടെക്കൊണ്ടുപോകാന്‍ ആരും നിങ്ങളെ ട്രോഫിയുടെ കസ്റ്റോഡിയന്‍ ആക്കിയിട്ടില്ല എന്നിങ്ങനെ നിറയുന്നു കമന്റുകള്‍.


Full View

മല്‍സരത്തിലെ ഇന്ത്യയുടെ ജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമില്‍ ചെന്ന് വാതിലടച്ച പാകിസ്ഥാന്‍ ടീമിനുമുണ്ട് കമന്റുകളില്‍ പരിഹാസം. 'പിണങ്ങിപ്പോകാന്‍ ഇതെന്താ കണ്ടം ക്രിക്കറ്റോ' എന്നാണ് പലരും ചോദിക്കുന്നത്. പാക് ടീമിന്റെ പിണക്കം കാണുമ്പോള്‍ രാജ്യാന്തര മല്‍സരങ്ങളെല്ലാം നാട്ടിലെ ക്രിക്കറ്റ് കളിയായി മാറിയെന്നും കമന്റുകളുണ്ട്. മല്‍സര ശേഷം ഇന്ത്യ തങ്ങളുടെ ജയം ആഘോഷിക്കുമ്പോളാണ് സല്‍മാന്‍ അലി ആഗയുടെ നേതൃത്വത്തിലുള്ള പാക് ടീം ഡ്രസ്സിങ് റൂമിലേക്കു പോയത്. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ടീം പുറത്തിറങ്ങിയത്. ഇതോടെ സമ്മാനദാന ചടങ്ങും വൈകിയിരുന്നു.


Full View

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്ന പാക്ക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയാണ് ട്രോളുകളില്‍ നിറയുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്റെ യുദ്ധവിജയം ആഘോഷിച്ച അഫ്രീദി, ഏഷ്യാകപ്പ് ട്രോഫിയുമായി വിക്ടറി പരേഡ് നടത്തുമെന്നാണ് പരിഹാസം. 'അക്തറേ എന്തായാലും അവര്‍ ആ ട്രോഫി മേടിച്ചില്ല, എങ്കില്‍ നമുക്ക് ആ ട്രോഫി കൊണ്ട് ഒരു വിക്ടറി പരേഡ് നടത്തിയാലോ' എന്ന് ചോദിക്കുന്നു. മറ്റൊന്ന് നഖ്വി കിരീടവുമായി മുങ്ങിയത് ചൂണ്ടിക്കാട്ടിയുള്ളതാണ്. 'ഛോട്ടാ മുംബൈ'യുടെ ഡയലോഗ് കടമെടുത്താണ് നഖ്വിയെയും അഫ്രീദിയെയും ട്രോളുന്നത്. മറ്റൊന്ന് 'കൊച്ചി രാജാവി'ലെ ജഗതിയുടെ സീന്‍ ആണ് ട്രോള്‍മഴയില്‍ അഫ്രീദിയുടെ പേരില്‍ നിറയുന്നത്. തോറ്റവര്‍ക്കുള്ള ചെക്കെടുക്കാന്‍ തിരിച്ചെത്തുന്ന സല്‍മാന്‍ ആഗയും ട്രോള്‍ മഴയിലുണ്ട്.


Full View

അതേസമയം, ഇന്ത്യയെടുത്ത നിലപാടിനെ പ്രശംസിച്ചും കമന്റുകളുണ്ട്. 'നിലപാട്, ടീം ഇന്ത്യ!, ഭാരതത്തിന്റെ ചുണക്കുട്ടികള്‍, അഭിനന്ദനങ്ങള്‍ ആശംസകള്‍ ബിഗ് സല്യൂട്ട്, പാക്കിസ്ഥാന്‍ നാവുകൊണ്ട് ബാറ്റ് ചെയ്തു. ഇന്ത്യ കൈകൊണ്ടും, രാജ്യത്തിനൊപ്പം, നല്ല തീരുമാനം' എന്നിങ്ങനെ നിറയുന്നു കമന്റുകള്‍. അതേസമയം തന്നെ ഇന്ത്യയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുണ്ട്. 'പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രു രാജ്യമാണ് സംശയമില്ല. പക്ഷേ കളിച്ച സ്ഥിതിക്ക് സ്‌പോര്‍ട്‌സ് മാന്‍ സ്പീരിറ്റില്‍ കാര്യങ്ങളെ കാണേണ്ടതായിരുന്നു. ഇല്ലെങ്കില്‍ കളിക്കരുത്. ശത്രുവിന്റെ കയ്യില്‍ നിന്ന് തന്നെ അംഗീകാരം മേടിക്കുക അതൊരു അഭിമാനം അല്ലേ. കളിച്ച സ്ഥിതിക്ക് മറ്റൊരു സമീപനമായിരുന്നു സ്വീകരിക്കേണ്ടത്' ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കളിക്കളത്തിലെ ഈ നിലപാട് മോശമാണ് അല്ലെങ്കില്‍ കളിക്കരുതായിരുന്നു, ടൂര്‍ണ്ണമെന്റില്‍ നിന്ന് വീട്ടു നില്‍ക്കുകയെന്നതായിരുന്നു ശരിയായ നിലപാട്' എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.


Full View

മൊഹ്സിന്‍ നഖ്വി സമ്മാനദാന ചടങ്ങിനായി എത്തിയതോടെയായിരുന്നു ചടങ്ങില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങിയത്. നഖ്വിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാന്‍ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു. പാക്കിസ്ഥാനില്‍ മന്ത്രി എന്ന നിലയിലും നഖ്വിയുടെ പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പശ്ചാത്തലത്തിലും ഇന്ത്യ സമ്മാനദാന ചടങ്ങ് ബഹിഷ്‌കരിച്ചേക്കാമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നഖ്വിക്കൊപ്പം വേദി പങ്കിട്ട എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍, നഖ്വി ഇത് അനുവദിച്ചില്ല. ഏഷ്യാ കപ്പ് ട്രോഫി എടുത്തുകൊണ്ടുപോകാന്‍ നഖ്വി നിര്‍ദേശിക്കുകയായിരുന്നു.

Tags:    

Similar News