'സഞ്ജു രാജസ്ഥാൻ വിട്ടാൽ കാരണക്കാരൻ ആ സഹതാരം'; മലയാളി താരത്തെ ചെന്നൈയുടെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് ബദരീനാഥ്

Update: 2025-08-12 14:49 GMT

ചെന്നൈ: മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നിലെ കാരണം സഹതാരം റിയാൻ പരാഗാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ബദരീനാഥ്. റിയാൻ പരാഗിനെ ഭാവി നായകനായി ടീം മാനേജ്മെൻ്റ് പരിഗണിക്കുന്നതിലുള്ള അതൃപ്തിയാണ് സഞ്ജുവിനെ ടീം വിടാൻ പ്രേരിപ്പിക്കുന്ന ഘടകമെന്ന് ബദരീനാഥ് തൻ്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

'എൻ്റെ അഭിപ്രായത്തിൽ, റിയാൻ പരാഗാണ് ഇതിന് കാരണം. പരാഗിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന ഒരു സാഹചര്യത്തിൽ സഞ്ജുവിനെപ്പോലൊരു താരത്തിന് എങ്ങനെ ടീമിൽ തുടരാനാകും?' എന്നാണ് ബദരീനാഥ് ചോദിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ രാജസ്ഥാൻ റോയൽസിനെ നയിച്ചത് പരാഗായിരുന്നു. പിന്നീട് സഞ്ജു ഇംപാക്ട് പ്ലെയറായി തിരിച്ചെത്തിയ ചില മത്സരങ്ങളിലും പരാഗ് തന്നെയായിരുന്നു ക്യാപ്റ്റൻ. ഈ പശ്ചാത്തലത്തിലാണ് ബദരീനാഥിൻ്റെ നിരീക്ഷണം.

അതേസമയം, സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന വാർത്തകളോടും മുൻ ചെന്നൈ താരം കൂടിയായ ബദരീനാഥ് പ്രതികരിച്ചു. മഹേന്ദ്ര സിങ് ധോണിക്ക് അനുയോജ്യനായ പകരക്കാരനാണ് സഞ്ജുവെങ്കിലും, നിലവിലെ സാഹചര്യത്തിൽ താരത്തെ ചെന്നൈയുടെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'വിക്കറ്റ് കീപ്പർ ബാറ്ററും നായകനുമെന്ന നിലയിൽ ധോണിക്ക് ഒത്ത പകരക്കാരനാകാൻ സഞ്ജുവിന് സാധിക്കും. എന്നാൽ ബാറ്റിങ് ഓർഡറിൽ ആദ്യ മൂന്നോ നാലോ സ്ഥാനങ്ങളിൽ കളിക്കുന്ന താരമാണ് അദ്ദേഹം. നിലവിൽ ചെന്നൈയുടെ ഈ സ്ഥാനങ്ങളിൽ ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ തുടങ്ങിയ മികച്ച താരങ്ങളുണ്ട്. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാൻ സഞ്ജു അനുയോജ്യനല്ല' ബദരീനാഥ് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതിന് സമാനമായ ഒരു ട്രേഡ് ഇടപാടിന് ചെന്നൈ സൂപ്പർ കിങ്സ് മുതിരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകമിപ്പോൾ.

Tags:    

Similar News