ഏഷ്യാ കപ്പിലെ ജീവന്‍മരണപ്പോരില്‍ ടോസ് നേടിയ ബംഗ്ലാദേശിന് ബൗളിംഗ്; ആദ്യ പവർപ്ലേ നിർണായകം; ഇന്ത്യയുമായുള്ള ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന പാക്കിസ്ഥാൻ ടീമിൽ മാറ്റമില്ല
ദുബായ്: ഏഷ്യാ കപ്പിൽ നിർണായക മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് പാക്കിസ്ഥാനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഈ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യയെ നേരിടും. ഇന്ത്യക്കെതിരെ ഇന്നലെ പരാജയപ്പെട്ട ടീമിൽ മൂന്ന് മാറ്റങ്ങളോടെയാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. പവർപ്ലേ സ്വിംഗ് ബൗളർമാർക്ക് അനുകൂലമാകുമെന്നാണ് പിച്ച് റിപ്പോർട്ട്.
ക്യാപ്റ്റൻ ലിറ്റൺ ദാസിന് പകരം ജാക്കർ അലി തന്നെയാണ് ടീമിനെ നയിക്കുന്നത്. അതേസമയം, ശ്രീലങ്കയെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് പാക്കിസ്ഥാൻ കളത്തിലിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് ഏഷ്യാ കപ്പ് കിരീടത്തിനായി ഇന്ത്യയുമായി ഏറ്റുമുട്ടാം. ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെടുകയും ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ മത്സരം അതീവ നിർണായകമാണ്.
തോൽക്കുന്ന ടീമിന് ടൂർണമെന്റിൽ നിന്ന് പുറത്താവേണ്ടി വരും. ഈ ഏഷ്യാ കപ്പിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത് ഇത് ആദ്യമായാണ്. ഏഷ്യാ കപ്പ് ഫൈനലിൽ ഇതിനോടകം സ്ഥാനം ഉറപ്പിച്ച ഇന്ത്യ, കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.
ബംഗ്ലാദേശ് ടീം: സെയ്ഫ് ഹസ്സൻ, പർവേസ് ഹൊസൈൻ ഇമോൺ, തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈൻ, ജാക്കർ അലി (ക്യാപ്റ്റൻ), നൂറുൽ ഹസൻ, മെഹ്ദി ഹസൻ, റിഷാദ് ഹൊസൈൻ, ടസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.
പാകിസ്ഥാൻ ടീം: സാഹിബ്‌സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഘ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.