ചേട്ടന്‍മാരെപോലെ അനിയനും ക്രിക്കറ്റിലേക്ക്; ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ സാം കറനിന്റെയും ടോം കറനിന്റെയും സഹോദരന്‍ ബെന്‍ കറന്‍ ദേശീയ ടീമില്‍; ഇംഗ്ലീഷ് ജഴ്‌സിയിലല്ല!

Update: 2024-12-10 08:49 GMT

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ സാം കറനിന്റെയും ടോം കറനിന്റെയും സഹോദരന്‍ ബെന്‍ കറന്‍ സിംബാബ്‌വെ ദേശീയ ടീമില്‍. അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിലാണ് താരം കളിക്കുക. ഡിസംബര്‍ 17നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന പരമ്പരകളിലാണ് താരത്തിന്റെ അരങ്ങേറ്റ മത്സരം.

തന്റെ പിതാവ് കെവിന്‍ കറനിന്റെ പാത പിന്തുടരാനാണ് താല്‍പ്പര്യമെന്ന് ബെന്‍ കറന്‍ പ്രതികരിച്ചു. സിംബാബ്‌വെയ്ക്കായി 11 ഏകദിന മത്സരങ്ങള്‍ കളിച്ച താരമാണ് കെവിന്‍ കറന്‍. പിന്നാലെ സിംബാബ്‌വെ ക്രിക്കറ്റിന്റെ മുഖ്യപരിശീലകനായും കെവിന്‍ കറന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്മംകൊണ്ട് സിംബാബ്‌വെക്കാരനായ കെവിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.

1983 മുതല്‍ 1987 വരെയാണ് കെവിന്‍ സിംബാബ്‌വെയ്ക്കായി ക്രിക്കറ്റ് കളിച്ചത്. 11 മത്സരങ്ങളില്‍ നിന്നായി 287 റണ്‍സ് നേടി അക്കാലത്തെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു കെവിന്‍. എങ്കിലും താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ കഴിഞ്ഞില്ല. 1990ലാണ് സിംബാബ്‌വെ ടെസ്റ്റ് പദവി നേടിയതെന്നതാണ് കാരണം. അപ്പോഴേയ്ക്കും കെവിന്‍ ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു.

28 വയസ്സുകാരനായ ബെന്‍ കറന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 മത്സരങ്ങളില്‍നിന്ന് 2429 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്ന് സെഞ്ചറികളും 12 അര്‍ധ സെഞ്ചറികളും താരം സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 36 മത്സരങ്ങളും ബെന്‍ കറന്‍ കളിച്ചിട്ടുണ്ട്. 2022 വരെ ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടന്‍ഷെയര്‍ ടീമിന്റെ താരമായിരുന്നു ബെന്‍. അതിനു ശേഷം സിംബാബ്‌വെയിലേക്കു താമസം മാറിയ ബെന്‍, ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി. തുടര്‍ന്നാണ് ദേശീയ ടീമില്‍ താരത്തിന് ഇടം ലഭിക്കുന്നത്.

Tags:    

Similar News