'സണ്‍റൈസേഴ്‌സിൽ ഉള്ളപ്പോൾ മുതൽ അവനെ അറിയാം'; ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ടെസ്റ്റിൽ കളിക്കണമെന്ന് ആഗ്രഹം; അഭിഷേക് ശർമ്മയെ പ്രശംസിച്ച ബ്രയൻ ലാറ

Update: 2025-10-08 06:39 GMT

മുംബൈ: ടി20 ഫോർമാറ്റിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കണമെന്ന യുവതാരം അഭിഷേക് ശർമ്മയുടെ ആഗ്രഹം പ്രശംസനീയമാണെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. മുംബൈയിൽ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് പുരസ്കാര ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലാറ ഇക്കാര്യം വ്യക്തമാക്കിയത്.

സൺറൈസേഴ്‌സ് ഹൈദരാബാദിൽ ബാറ്റിംഗ് പരിശീലകനായിരുന്ന കാലയളവിൽ അഭിഷേകിൻ്റെ വളർച്ച നേരിട്ട് കണ്ടിട്ടുണ്ടെന്നും, യുവരാജ് സിംഗിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് ശൈലിയും വേഗതയും താരത്തിൻ്റെ പ്രത്യേകതകളാണെന്നും ലാറ പറഞ്ഞു. ഐപിഎല്ലിൽ ട്രാവിസ് ഹെഡിനൊപ്പം ഓപ്പണറായി ഇറങ്ങിയാണ് അഭിഷേക് മികച്ച പ്രകടനം കാഴ്ചവെച്ചത്.

'ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റ് ടീമിൽ ഇടംനേടാൻ അഭിഷേക് ആഗ്രഹിക്കുന്നു എന്നത് വളരെ മികച്ച കാര്യമാണ്. മറ്റൊരു ഫോർമാറ്റിലേക്ക് മാറാനുള്ള താരത്തിൻ്റെ ഈ താല്പര്യം കാണുന്നതിൽ സന്തോഷമുണ്ട്,' ലാറ കൂട്ടിച്ചേർത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഉള്ളപ്പോള്‍ അഭിഷേകിനെ അറിയാമെന്നും ഒരുപക്ഷേ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പെ അതിശയപ്പെടുത്തുന്ന താരമായിരുന്നെന്നും ലാറ വ്യക്തമാക്കി.

Tags:    

Similar News