'ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുമ്പോഴും ദേശീയ ടീമിനെ മറക്കരുത്, മെസ്സി മാതൃക'; രാജ്യത്തിനുവേണ്ടി കളിക്കുന്നു എന്ന ബോധ്യമുണ്ടാകണം; വിമർശനവുമായി ബ്രയാൻ ലാറ
മുംബൈ: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസ് താരങ്ങളെ വിമർശിച്ച് മുൻ താരം ബ്രയാൻ ലാറ. രാജ്യത്തിനുവേണ്ടി കളിക്കുന്നു എന്ന ബോധ്യം താരങ്ങൾക്കുണ്ടാകണമെന്നും, പരിമിതികളെക്കുറിച്ചോർത്ത് പരാതിപ്പെടുന്നതിനു പകരം വിജയത്തിലുള്ള അഭിനിവേശം കാണിക്കണമെന്നും ലാറ ആവശ്യപ്പെട്ടു.
അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ വെറും രണ്ടുദിവസം ബാക്കിനിൽക്കെ ഇന്നിംഗ്‌സിനും 140 റൺസിനും ഇന്ത്യയോട് പരാജയപ്പെട്ടതോടെയാണ് ലാറയുടെ വിമർശനം.രാജ്യത്തിന് വേണ്ടി കളിക്കുന്നതിലെ അഭിമാനം താരങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കളിക്കുമ്പോഴും ദേശീയ ടീമിനെ മറക്കരുതെന്നും, ഫുട്‌ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെപ്പോലുള്ള കായികതാരങ്ങൾ രാജ്യസ്നേഹത്തിന്റെ കാര്യത്തിൽ മാതൃകയാണെന്നും ലാറ ചൂണ്ടിക്കാട്ടി.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി. വ്യാഴാഴ്ചയാണ് ഈ മത്സരം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ ഇന്ത്യൻ ടീം അംഗങ്ങൾക്ക് വീട്ടിൽ വിരുന്നൊരുക്കും. ഒന്നാം ടെസ്റ്റിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.