വിജയ് ഹസാരെയില്‍ സെഞ്ചുറികളുമായി സിലക്ടര്‍മാരെ 'ഞെട്ടിച്ച' കരുണ്‍ നായര്‍; കേരള ടീമിനെ 'കൈവിട്ട' സഞ്ജു; ഫിറ്റ്‌നസ് തൊടാതെ പ്രമുഖര്‍; ചാമ്പ്യന്‍ ടീമിനെ കണ്ടെത്താന്‍ ആലോചന തുടര്‍ന്ന് അഗാര്‍ക്കറും സംഘവും; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും
മുംബൈ: അടുത്തമാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലിയും ഋഷഭ് പന്തും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഹാര്‍ദ്ദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയും ടീമില്‍ ഉള്‍പ്പെടുത്തും.
ട്വന്റി 20 ടീമില്‍ ഇടംപിടിച്ച പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ ഇടം കണ്ടെത്തും. അതേ സമയം വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ സെഞ്ചുറികളുമായി വിദര്‍ഭയെ ഫൈനലില്‍ എത്തിച്ച മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ ഇടംപിടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേ സമയം വിജയ് ഹസാരെയ്ക്കുള്ള കേരള ടീമിനു വേണ്ടി ഒരു മത്സരം പോലും കളിക്കാതെ സഞ്ജു സാംസണ്‍ വിട്ടുനിന്നത് ബിസിസിഐയുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
എതിരാളികളെല്ലാം ടീമിനെ പ്രഖ്യാപിച്ച് പരിശീലനമാരംഭിച്ചെങ്കിലും ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യയ്ക്ക് ഇതുവരെ പ്രഖ്യാപിക്കാനായിരുന്നില്ല. ബുമ്രയുടെ പരുക്ക്, ഷമിയുടെ ഫിറ്റ്‌നസ്, വിക്കറ്റ് കീപ്പര്‍ ആരെന്ന കണ്‍ഫ്യൂഷന്‍.. സിലക്ടര്‍മാര്‍ക്ക് മുന്‍പില്‍ ചോദ്യങ്ങളേറെയാണ്. അടുത്ത മാസം പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള പ്രാഥമിക ടീമിനെ തിരഞ്ഞെടുക്കാനുള്ള സമയപരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. ആകെയുള്ള എട്ട് ടീമുകളില്‍ ഇതുവരെ ടീമിനെ തിരഞ്ഞെടുക്കാത്തത് ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണ്. ഓപ്പണിങ് ബാറ്റര്‍ സയിം അയൂബിന്റെ പരുക്കാണ് പാക്കിസ്ഥാന്‍ ടീം തിരഞ്ഞെടുപ്പ് വൈകാന്‍ കാരണം.
മുന്നോട്ട് പോകാന്‍ 'ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ്'
ഇനിയും ഉത്തരം കണ്ടെത്താനാകാത്ത സിലക്ഷന്‍ തലവേദനകളും പ്രമുഖ താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ജസ്പ്രീത് ബുമ്ര, ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ പരുക്കേറ്റ കുല്‍ദീപ് യാദവ് എന്നിവരുടെ ഫിറ്റ്‌നസ് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ടീം മാനേജ്‌മെന്റിന് ലഭിച്ചിട്ടില്ല. പരുക്കു ഭേദമായി തിരിച്ചെത്തിയെങ്കിലും മുഹമ്മദ് ഷമിയുടെ ഫോം വിലയിരുത്താന്‍ 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര വരെ കാത്തിരിക്കണം.
സ്പിന്നര്‍മാര്‍, വിക്കറ്റ് കീപ്പര്‍, ഓള്‍റൗണ്ടര്‍ എന്നീ പൊസിഷനുകളിലെ സിലക്ഷനിലും ബിസിസിഐയ്ക്ക് ആശയക്കുഴപ്പമുണ്ട്. ഇതിനിടയിലാണ് വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ തുടര്‍ സെഞ്ചറികളുമായി കരുണ്‍ നായരും മയാങ്ക് അഗര്‍വാളും ടീമില്‍ ഇടംനേടാന്‍ അവകാശവാദം ഉന്നയിക്കുന്നത്. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിനെയും നാളെ പ്രഖ്യാപിച്ചേക്കും.
സാധ്യതാ പട്ടിക ഇങ്ങനെ
ഓപ്പണര്‍മാര്‍
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഓപ്പണര്‍മാരായിരുന്ന രോഹിത് ശുഭ്മന്‍ ഗില്‍ കൂട്ടുകെട്ടിനെ ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ നിലനിര്‍ത്തിയേക്കും. ബാക്കപ് ഓപ്പണറായി യശസ്വി ജയ്‌സ്വാളിനാണ് പ്രഥമ പരിഗണനയെങ്കിലും വിജയ് ഹസാരെയിലെ മികച്ച പ്രകടനത്തോടെ ദേവ്ദത്ത് പടിക്കലും സാധ്യതാ പട്ടികയിലെത്തിയിട്ടുണ്ട്.
മുന്‍നിര - മധ്യനിര ബാറ്റര്‍:
വിരാട് കോലി, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, റിയാന്‍ പരാഗ്, സൂര്യകുമാര്‍ യാദവ്, രജത് പാട്ടിദാര്‍, തിലക് വര്‍മ, സായ് സുദര്‍ശന്‍
മിഡില്‍ ഓര്‍ഡര്‍ ബാറ്റിങ്ങില്‍ സ്ഥാനമുറപ്പുള്ളത് വിരാട് കോലിക്കും ശ്രേയസ് അയ്യര്‍ക്കും മാത്രമാണ്. വിജയ് ഹസാരെയില്‍ ഇത്തവണ 5 സെഞ്ചറികള്‍ നേടിയ കരുണ്‍ നായരെ പരിഗണിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വിക്കറ്റ് കീപ്പര്‍:
ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍
സിലക്ടര്‍മാരുടെ പ്രധാന തലവേദന വിക്കറ്റ് കീപ്പര്‍ പൊസിഷനാണ്. ഏകദിന ലോകകപ്പില്‍ കെ.എല്‍.രാഹുലായിരുന്നു കീപ്പറെങ്കിലും ഋഷഭ് പന്ത് തിരിച്ചെത്തിയതിനാല്‍ ഫസ്റ്റ് ചോയ്‌സായി രാഹുലിന് സ്ഥാനമുറപ്പിക്കാനാകില്ല. എന്നാല്‍ മധ്യനിര ബാറ്റര്‍ എന്ന നിലയില്‍ രാഹുല്‍ ടീമില്‍ ഇടം ഉറപ്പിക്കും.
ഓള്‍റൗണ്ടര്‍:
ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, നിതീഷ് റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇത്തവണയും വെല്ലുവിളിയില്ല. പേസ് ഓള്‍റൗണ്ടറായി നിതീഷ് റെഡ്ഡിക്കും സാധ്യത ഏറെയാണ്. ശിവം ദുബെയെ ട്വന്റി 20 ടീമില്‍ പരിഗണിക്കാത്തതിനാല്‍ ഏകദിനത്തിലും സാധ്യതയില്ല. എന്നാല്‍ സ്പിന്‍ ഓള്‍റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരിലാര് എന്നതാകും സിലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യം. രണ്ട് പേരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
സ്പിന്‍ ബോളര്‍:
കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി
ഫോമും ഫിറ്റ്‌നസും തെളിയിച്ചാല്‍ കുല്‍ദീപ് യാദവ് ഇന്ത്യയുടെ ഒന്നാം സ്പിന്നറായി ടീമിലെത്തും. രണ്ടാം സ്‌പെഷലിസ്റ്റ് സ്പിന്നര്‍ക്കായുള്ള മത്സരം രവി ബിഷ്‌ണോയിയും വരുണ്‍ ചക്രവര്‍ത്തിയും തമ്മിലാണ്. ടീമിലെ ഓള്‍റൗണ്ടര്‍മാരിലെ സ്പിന്നര്‍മാരുടെ എണ്ണത്തിന് അനുസരിച്ചാകും ഇവരുടെ സാധ്യതകള്‍
പേസ് ബോളര്‍:
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ
ബുമ്രയും ഷമിയും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ പേസ് ബോളിങ് തിരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വലിയ തലവേദനയുണ്ടാകില്ല. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് റെഡ്ഡിയും ടീമിലെത്തിയാല്‍ 15 അംഗ സ്‌ക്വാഡില്‍ നാലാം പേസര്‍ക്ക് അവസരമുണ്ടാകില്ല.
ജനുവരി 12-നകം പ്രാഥമിക ടീമിനെ പ്രഖ്യാപിക്കണം എന്നായിരുന്നു ഐ.സി.സി. നിര്‍ദേശമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) സമയം നീട്ടിച്ചോദിക്കുകയായിരുന്നു. ഫെബ്രുവരി 19-നാണ് പാക്കിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ഫെബ്രുവരി 12 വരെ ടീമില്‍ മാറ്റംവരുത്താന്‍ അവസരമുണ്ട്. പാക്കിസ്ഥാനില്‍ കളിക്കാനാകില്ലെന്ന് നിലപാടെടുത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലാണ് ഈ മത്സരങ്ങള്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ട്വന്റി 20 ടീമില്‍ സീനിയര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷമി അതിനുശേഷം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷയ്‌ക്കൊത്ത് ബൗള്‍ചെയ്യാനായാല്‍ ഷമി ചാമ്പ്യന്‍സ് ട്രോഫി ടീമിലും ഇടംനേടും.