അനായാസ ക്യാച്ച് ഡെവോണ്‍ കോണ്‍വെ വിട്ടുകളഞ്ഞു; എന്നിട്ടും ലൈഫ് പാഴാക്കി സഞ്ജു; ഗോള്‍ഡന്‍ ഡക്കായി അഭിഷേക് ശര്‍മ; അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍; ഇന്ത്യ തിരിച്ചടിക്കുന്നു; 209 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ന്യൂസിലന്‍ഡ്

Update: 2026-01-23 16:10 GMT

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. രചിന്‍ രവീന്ദ്രയും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുമാണ് കിവീസിനായി തിളങ്ങിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ആറ് ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെ ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇഷാന്‍ 21 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസണിനെ നഷ്ടമായി. ഓവറിലെ രണ്ടാം പന്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട സഞ്ജു അഞ്ചാം പന്തില്‍ പുറത്തായി. സഞ്ജുവിന്റെ ക്യാച്ച് ബൗണ്ടറി ലൈനിനടുത്തുനിന്ന് കോണ്‍വേ വിട്ടുകളയുകയും സിക്സറായി മാറുകയും ചെയ്തു. അഞ്ചാം പന്തില്‍ പക്ഷേ സഞ്ജു(6) രചിന്‍ രവീന്ദ്രയുടെ കൈകളിലൊതുങ്ങി. രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

ആറ് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. നേരിട്ട അഞ്ചാം പന്തില്‍ തന്നെ പുറത്തായി മടങ്ങുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. രണ്ടാം പന്തില്‍ തന്നെ സഞ്ജു നല്‍കിയ അനായാസ ക്യാച്ച് ന്യൂസിലന്‍ഡ് ഫീല്‍ഡര്‍ ഡെവോണ്‍ കോണ്‍വെ വിട്ടുകളഞ്ഞിരുന്നു. അത് കോണ്‍വെയുടെ കയ്യില്‍ തട്ടി സിക്സാവുകയും ചെയ്തു. സഞ്ജുവിന് പിന്നാലെ അഭിഷേക് ശര്‍മയുടെ (0) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

മാറ്റ് ഹെന്റിക്കെതിരെ ആദ്യ പന്ത് പ്രതിരോധിച്ച സഞ്ജു, രണ്ടാം പന്ത് ഫ്ളിക്ക് ചെയ്തു. എന്നാല്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ കോണ്‍വെ ക്യാച്ച് വിട്ടുകളഞ്ഞു. മൂന്നും നാലും പന്തുകളില്‍ സഞ്ജുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ മിഡ് ഓണിലൂടെ കളിക്കാന്‍ ശ്രമിച്ചെങ്കിലും രചിന്‍ രവീന്ദ്രയുടെ കൈകളില്‍ ഒതുങ്ങി. തുടര്‍ന്ന് അഭിഷേക് ശര്‍മയാവട്ടെ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. ജേക്കബ് ഡഫിയുടെ പന്തില്‍ തേര്‍ഡ് മാനില്‍ കോണ്‍വേയ്ക്ക് ക്യാച്ച്. ഇനി ഇഷാന്‍ കിഷന്‍ - സൂര്യകുമാര്‍ യാദവ് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്നര്‍ 47 റണ്‍സ് നേടി. രചിന്‍ രവീന്ദ്ര 44 റണ്‍സെടുത്തു. ഗംഭീര തുടക്കമായിരുന്നു ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ മൂന്ന് ഓവറില്‍ തന്നെ ന്യൂസിലന്‍ഡ് 43 റണ്‍സ് നേടിയിരുന്നു. എന്നാല്‍ നാലാം ഓവറില്‍ റാണ ബ്രേക്ക് ത്രൂമായെത്തി. റാണയുടെ സ്ലോവര്‍ കോണ്‍വെയ്ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ സീഫെര്‍ട്ടിനെ വരുണ്‍, ഇഷാന്‍ കിഷന്റെ കൈകളിലേക്കയച്ചു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാണയ്ക്കെതിരെ രചിന്‍ രവീന്ദ്ര 19 റണ്‍സ് അടിച്ചെടുത്തു.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഗ്ലെന്‍ ഫിലിപ്സ് (19), ഡാരില്‍ മിച്ചല്‍ (18), മാര്‍ക് ചാപ്മാന്‍ (10) എന്നീ മധ്യനിര താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സാന്റ്നര്‍ - സക്കാറി ഫൗള്‍ക്സ് (8 പന്തില്‍ 15) സഖ്യം ചേര്‍ത്ത 47 റണ്‍സാണ് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 200 കടത്തിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കുല്‍ദീപ് യാദവ് ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. രണ്ട് മാറ്റങ്ങളുമായിടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് അക്സര്‍ പട്ടേല്‍ പുറത്തായി. ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തി. ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റം വരുത്തിയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ടിം സീഫെര്‍ട്ട്, സക്കാറി ഫൗള്‍ക്സ്, മാറ്റ് ഹെന്റി എന്നിവര്‍ ടീമിലെത്തി. ടിം റോബിന്‍സണ്‍, ക്രിസ്റ്റിയന്‍ ക്ലാര്‍ക്ക്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് വഴി മാറിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ഡെവണ്‍ കോണ്‍വേ, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), സക്കാറി ഫൗള്‍ക്‌സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Similar News