ഏകദിന പരമ്പരയില്‍ ഉപയോഗിച്ച അതേ വിക്കറ്റ്; മഞ്ഞുവീഴ്ച തുണയ്ക്കുമോ? കിവീസിനെ ബാറ്റിങ്ങിന് വിട്ട് സൂര്യകുമാര്‍; അക്‌സറും ബുമ്രയും പുറത്ത്; കുല്‍ദീപും ഹര്‍ഷിതും കളിക്കും; ന്യൂസിലന്‍ഡ് നിരയില്‍ മൂന്ന് മാറ്റങ്ങള്‍

Update: 2026-01-23 13:38 GMT

റായ്പുര്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യന്‍ ഇറങ്ങുന്നത്. കൈവിരലിനു പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ പുറത്തായപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. ന്യൂസീലന്‍ഡ് ടീമില്‍ മൂന്നു മാറ്റമുണ്ട്. ടിം റോബിന്‍സന്‍, കീല്‍ ജാമിസന്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് എന്നിവര്‍ പുറത്തായപ്പോള്‍ ടിം സീഫെര്‍ട്ട്, സക്കറി ഫോള്‍ക്‌സ്, മാറ്റ് ഹെന്റി എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി.

മഞ്ഞുവീഴ്ച തുടരുന്നുണ്ടെന്നും ഇന്ത്യ സമീപകാലത്ത് വിജയലക്ഷ്യം പിന്തുടരാത്തതിനാല്‍ ചേസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് സ്‌കൈ പറയുന്നു. ഏകദിന പരമ്പരയില്‍ ഉപയോഗിച്ച അതേ വിക്കറ്റാണ് ഇന്നത്തെ മത്സരത്തിന് ഉപയോഗിക്കുന്നത്. മഞ്ഞുവീഴ്ച മത്സരത്തെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം പന്തെറിയുന്നതിനായിരുന്നു താല്‍പര്യമെന്ന് സാന്റ്‌നര്‍ പ്രതികരിച്ചു.

അപാരഫോമിലുള്ള അഭിഷേക് ശര്‍മ കഴിഞ്ഞദിവസം 35 പന്തില്‍ 84 റണ്‍സെടുത്ത് ഓപ്പണിങ്ങിലെ ഒരുസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സാംസണ്‍ ആദ്യമത്സരത്തില്‍ 10 റണ്‍സിന് പുറത്തായി. ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ഇഷാന്‍ കിഷന്റെ അവസ്ഥയും സമാനമാണ്. ആദ്യമത്സരത്തില്‍ എട്ടുറണ്‍സിന് പുറത്തായ ഇഷാനും ഈ പരമ്പരയില്‍ ഫോം തെളിയിച്ചാലേ ലോകകപ്പില്‍ സാധ്യതയുള്ളൂ. ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തിരിക്കുന്നുണ്ട്. ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണ്. അതിനു മുന്നോടിയായി ന്യൂസീലന്‍ഡിനെതിരായ പരമ്പരവിജയവും പ്രധാനമാകും.

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്നു നടക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പലര്‍ക്കും ഇത് സെക്കന്‍ഡ് ചാന്‍സ് കൂടിയാണ്. ട്വന്റി20 ലോകകപ്പിനു 2 ആഴ്ച മാത്രം ബാക്കിനില്‍ക്കെ ആരാധകരുടെ വിശ്വാസവും പ്ലേയിങ് ഇലവനില്‍ സ്ഥാനവും ഉറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടം.

ന്യൂസിലന്‍ഡ് ടീം : ഡെവോണ്‍ കോണ്‍വേ, ടിം സെയ്ഫര്‍ട്ട് , രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാറില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, സാക്കറി ഫൗള്‍ക്സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി

ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

Tags:    

Similar News