ലൈഫ് ലഭിച്ചിട്ടും മുതലാക്കിയില്ല; രണ്ടാം ട്വന്റി 20യിലും നിരാശപ്പെടുത്തി; പി ആര്‍ ബലത്തില്‍ എത്രനാള്‍ പിടിച്ചുനില്‍ക്കും? ഇങ്ങനെ കളിച്ചാല്‍ സഞ്ജു പുറത്തിരിക്കും; തിലക് വര്‍മ തിരിച്ചെത്തിയാല്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാകും; കടുത്ത വിമര്‍ശനവുമായി ആരാധകര്‍
റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് ആരാധകര്‍. നാഗ്പൂരില്‍ 10 റണ്‍സെടുത്ത് പുറത്തായ സഞ്ജു ഇന്ന് രണ്ടാം മത്സരത്തില്‍ ആറ് റണ്‍സിന് മടങ്ങിയിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ലൈഫ് ലഭിച്ചിട്ടും സഞ്ജുവിന് മുതലാക്കാനായില്ല. സഞ്ജു നല്‍കിയ അനായാസ ക്യാച്ച് ന്യൂസിലന്‍ഡ് ഫീല്‍ഡര്‍ ഡെവോണ്‍ കോണ്‍വെ വിട്ടുകളഞ്ഞിരുന്നു. അത് കോണ്‍വെയുടെ കയ്യില്‍ തട്ടി സിക്സാവുകയും ചെയ്തു. അതില്ലായിരുന്നെങ്കില്‍ റണ്‍സില്ലാതെ മടങ്ങേണ്ടി വന്നേനെ സഞ്ജുവിന്. ഒരു ലൈഫ് ലഭിച്ചിട്ടും മികച്ച സ്‌കോര്‍ നേടാതെ വിക്കറ്റ് തുലച്ചതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. തിലക് വര്‍മ ടീമില്‍ തിരിച്ചെത്തുന്നതോടെ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം നഷ്ടമായേക്കുമെന്നാണ് ആശങ്ക. മികച്ച ഫോമിലുള്ള ഇഷാനെ ഓപ്പണറാക്കി തിലക് മുന്‍നിരയില്‍ ഇടംപിടിക്കുമെന്നാണ് വിലയിരുത്തല്‍.
മാറ്റ് ഹെന്റിക്കെതിരെ ആദ്യ പന്ത് പ്രതിരോധിച്ച സഞ്ജു, രണ്ടാം പന്ത് ഫ്ളിക്ക് ചെയ്തു. എന്നാല്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ കോണ്‍വെ ക്യാച്ച് വിട്ടുകളഞ്ഞു. മൂന്നും നാലും പന്തുകളില്‍ സഞ്ജുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ മിഡ് ഓണിലൂടെ കളിക്കാന്‍ ശ്രമിച്ചെങ്കിലും രചിന്‍ രവീന്ദ്രയുടെ കൈകളില്‍ ഒതുങ്ങി. ഇതോടെ സഞ്ജുവിന് ക്രീസ് വിടേണ്ടി വന്നു. വിക്കറ്റ് കീപ്പിംഗിലും സഞ്ജുവിന് മോശം ദിവസമായിരുന്നു. സഞ്ജു നിരാശപ്പെടുത്തുകയും ഇഷാന്‍ കിഷന്‍ തകര്‍ത്തടിക്കുകയും ചെയ്തതോടെ ടീമില്‍ സഞ്ജുവിന്റെ സ്ഥാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഓപ്പണ്‍ ചെയ്യുന്ന താരം വിക്കറ്റ് കീപ്പറായിരിക്കണമെന്ന നിര്‍ബന്ധത്തോടെയാണ് സഞ്ജുവിനെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിവും ലോകകപ്പ് സ്‌ക്വാഡിലുമെടുക്കുന്നത്. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് കിഷന്‍ വരുന്നത്. എന്നാല്‍ തിലക് വര്‍മയ്ക്ക് പരിക്കേറ്റതോടെ കിഷനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. കിഷന്‍ ഗംഭീരം പ്രകടനവും പുറത്തെടുക്കുന്നു. ഇന്ന് 32 പന്തില്‍ 76 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. ഇനി തിലക് തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയേറെ. തിലകിന് മൂന്നാം സ്ഥാനത്ത് കളിപ്പിച്ച് അഭിഷേക് - ഇഷാന്‍ സഖ്യത്തെ ഓപ്പണ്‍ ചെയ്യിപ്പിക്കാന്‍ സാധ്യതകള്‍ ടീം മാനേജ്മെന്റ് തേടും. അങ്ങനെ വന്നാല്‍ സഞ്ജു പുറത്തിരിക്കും. എന്തായാലും വരും മത്സരങ്ങളിലെങ്കിലും സഞ്ജുവിന് ഫോമിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകകപ്പ് കളിക്കുകയെന്ന സ്വപ്നവും മറക്കേണ്ടി വരും.
ആദ്യ മത്സരത്തിലും പിഴച്ചു
ആദ്യ മത്സരത്തില്‍ ഇടത് വശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് ബോള്‍ പിടിച്ചെടുത്ത സഞ്ജു സാംസണിന്റെ ഉജ്ജ്വല ക്യാച്ച്. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20യില്‍ സഞ്ജുവില്‍ നിന്ന് വന്ന ഈ ക്യാച്ച് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അതിശയിപ്പിച്ചു. എന്നാല്‍, പിന്നെ മത്സരത്തില്‍ കാര്യങ്ങള്‍ സഞ്ജുവിന് അനുകൂലമായില്ല. ഇതോടെ സഞ്ജുവിന് കാര്യങ്ങള്‍ ഇനി അത്ര എളുപ്പമല്ല എന്ന് വ്യക്തം.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഭിഷേക് അടിച്ചു തകര്‍ത്തപ്പോള്‍ ഏഴ് പന്തില്‍ നിന്ന് 10 റണ്‍സുമായാണ് സഞ്ജു ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്. ജാമിസണിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ രചിന്‍ രവീന്ദ്രയ്ക്ക് അനായാസ ക്യാച്ച് നല്‍കിയായിരുന്നു സഞ്ജുവിന്റെ മടക്കം. ജാമിസണിന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ നിന്ന് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി പായിച്ചാണ് സഞ്ജു തുടങ്ങിയത്. സഞ്ജുവിന്റേയും ആത്മവിശ്വാസം ഉയര്‍ത്തുന്ന ഷോട്ടായിരുന്നു ഇത്. പിന്നാലെ വീണ്ടും മിഡ് വിക്കറ്റിലേക്ക് കളിച്ച് സഞ്ജു രണ്ട് റണ്‍സ് എടുത്തു.
ഈ ഓവറിലെ അഞ്ചാമത്തെ പന്തില്‍ സഞ്ജു ഇതേ ഏരിയ ലക്ഷ്യം വെക്കും എന്ന കണക്കു കൂട്ടലില്‍ ജാമിസണ്‍ സഞ്ജുവിന്റെ ഹിറ്റിങ് സോണിലേക്ക് പന്തെറിഞ്ഞു. നേരത്തെ വന്ന ഷോര്‍ട്ട് ആവര്‍ത്തിക്കാന്‍ ശ്രമിച്ച സഞ്ജുവിന് ജാമിസണിന്റെ വേഗം കുറഞ്ഞ പന്തില്‍ പിഴച്ചു. പവറും കൃത്യതയും ഇല്ലാതെ വന്ന ഷോട്ടില്‍ പന്ത് മിഡ് വിക്കറ്റ് ഫീല്‍ഡറുടെ കൈകളില്‍ സുരക്ഷിതമായി. സഞ്ജു നിരാശപ്പെടുത്തിയതിനൊപ്പം ഇഷാനും സ്‌കോര്‍ ഉയര്‍ത്താനായില്ല എന്ന ആശ്വാസത്തിലാണ് സഞ്ജു ഫാന്‍സ്. തിലക് വര്‍മയുടെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ആണ് വണ്‍ഡൗണായി ഇറങ്ങിയത്. അഞ്ച് പന്തില്‍ എന്ന് എട്ട് റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന് കണ്ടെത്താനായത്. ഓപ്പണിങ്ങില്‍ ഇനിയുള്ള മത്സരങ്ങളില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. അതിനായില്ലെങ്കില്‍ അഭിഷേകിനൊപ്പം ഇഷാനെ ടി20 ലോകകപ്പില്‍ ഓപ്പണിങ്ങില്‍ ഇറക്കാനുള്ള ഓപ്ഷന്‍ ടീം മാനേജ്‌മെന്റിനുണ്ട്.
2024ലെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടം പിടിച്ചിരുന്നു എങ്കിലും ഒരു മത്സരം പോലും കളിക്കാനായില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പില്‍ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വന്നേക്കും. ആദ്യ ടി20യില്‍ ബാറ്റിങ്ങില്‍ നിരാശപ്പടുത്തിയതിനൊപ്പം വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ പ്രകടനം മോശമായിരുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്. റിവ്യു തീരുമാനങ്ങളില്‍ സഞ്ജുവിന്റെ അഭിപ്രായങ്ങള്‍ പിഴയ്ക്കുന്നതാണ് ആരാധകരെ അലോസരപ്പെടുത്തുന്നത്. ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ക്ക് ചാപ്മാനെതിരെ റിവ്യു എടുക്കാന്‍ സൂര്യയെ നിര്‍ബന്ധിച്ചത് സഞ്ജുവാണ്. അംപയര്‍ വൈഡ് വിളിച്ച ഡെലിവറിയില്‍ എഡ്ജ് ഉണ്ടെന്ന് പറഞ്ഞാണ് സഞ്ജു ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിലൂടെ ടീമിന് ഒരു റിവ്യു നഷ്ടമായി.
