റിങ്കു സിങ്ങിനും ആര്യൻ ജുയാലിനും സെഞ്ചുറി; സീഷൻ അൻസാരി നാല് വിക്കറ്റ്; വിജയ് ഹസാരെ ട്രോഫിയിൽ ചണ്ഡീഗഡിനെതിരെ 227 റൺസിന്റെ കൂറ്റൻ ജയവുമായി ഉത്തർപ്രദേശ്
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ റിങ്കു സിങ്ങിന്റെയും ആര്യൻ ജുയാലിന്റെയും മിന്നും സെഞ്ചുറി പ്രകടനങ്ങളുടെ കരുത്തിൽ ചണ്ഡീഗഡിനെതിരെ ഉത്തർപ്രദേശിന് 227 റൺസിന്റെ കൂറ്റൻ ജയം. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശ് നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 367 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചണ്ഡീഗഡ് 29.3 ഓവറിൽ വെറും 140 റൺസിന് എല്ലാവരും പുറത്തായി. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച റിങ്കു സിങ് 60 പന്തിൽ 106 റൺസ് നേടിയപ്പോൾ, ആര്യൻ ജുയാൽ 118 പന്തിൽ 134 റൺസുമായി ഉത്തർപ്രദേശിന്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടു.
ഉത്തർപ്രദേശിനായി ഓപ്പണർ അഭിഷേക് ഗോസാമി ഒരു റൺസെടുത്ത് നേരത്തെ പുറത്തായെങ്കിലും, ആര്യൻ ജുയാലും ധ്രുവ് ജുറലും (67 റൺസ്) ചേർന്ന് രണ്ടാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജുറൽ മടങ്ങിയതിന് ശേഷം, സമീർ റിസ്‌വിയും (32) ജുയാലും ചേർന്ന് 71 റൺസ് കൂടി ടീം സ്കോറിലേക്ക് കൂട്ടിച്ചേർത്തു. പിന്നീട് ക്രീസിലെത്തിയ റിങ്കു സിങ് തുടക്കം മുതൽ ആഞ്ഞടിച്ചു. ജുയാൽ-റിങ്കു സഖ്യം നാലാം വിക്കറ്റിൽ 134 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. 45-ാം ഓവറിൽ പുറത്തായ ആര്യൻ ജുയാൽ എട്ട് സിക്സറുകളും ഏഴ് ഫോറുകളും സഹിതം 134 റൺസ് നേടി. റിങ്കു സിങ് 60 പന്തിൽ നാല് സിക്സറുകളും 11 ഫോറുകളും ഉൾപ്പെടെ 106 റൺസുമായി പുറത്താവാതെ നിന്നപ്പോൾ, പ്രശാന്ത് വീറും ഉറച്ച പിന്തുണ നൽകി.
368 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചണ്ഡീഗഡിന് തുടക്കം മുതൽ വൻ തകർച്ച നേരിട്ടു. ക്യാപ്റ്റൻ മനൻ വോഹ്റ നേടിയ 32 റൺസാണ് അവരുടെ ടോപ് സ്കോർ. തരണ്‍പ്രീത് സിംഗ് (24), സന്യം സൈനി (18), അങ്കിത് കൗഷിക് (16), തുഷാര്‍ ജോഷി (11), അര്‍ജുന്‍ അസാദ് (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഉത്തർപ്രദേശിനായി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച സീഷൻ അൻസാരി നാല് വിക്കറ്റ് വീഴ്ത്തി ചണ്ഡീഗഡ് ബാറ്റിംഗ് നിരയെ തകർത്തു. വിപ്രജ് നിഗം രണ്ട് വിക്കറ്റ് നേടിയപ്പോൾ, കാർത്തിക് ത്യാഗി, വൈഭവ് ചൗധരി, പ്രശാന്ത് വീർ എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.