ഐപിഎല്ലിൽ ധോണിപ്പടയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളികൾ ലക്നൗ സൂപ്പർ ജയന്‍റ്സ്; തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ലക്നൗ; ആറാം തോല്‍വി ഒഴിവാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിനാകുമോ ?
ലക്‌നൗ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് നിർണായക പോരാട്ടം. ലക്നൗ സൂപ്പർ ജയന്‍റ്സാണ് ചെന്നൈയുടെ എതിരാളികൾ. ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഈ സീണണിൽ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് 5 തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് കാഴ്ചവെക്കുന്നത്. ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിനെ തുടർന്ന് ധോണി ആയിരുന്നു കഴിഞ്ഞ മത്സരം നയിച്ചത്. സീസണില്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഒഴിവാക്കുകയാണ് എന്ന് ധോണിപ്പടയുടെ ലക്ഷ്യം. അതേസമയം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫോമിലല്ലെങ്കിലും അവിശ്വസനീയ ഫോമിൽ കളിക്കുകയാണ് ലക്നൗ സൂപ്പർ ജയന്‍റ്സ്.
ഐപിഎൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി അഞ്ച് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിലാണ് ചെന്നൈ. സിഎസ്‌കെയുടെ മധ്യനിര തീർത്തും ദുർബലം ആയതിനാൽ രച്ചിൻ രവീന്ദ്ര- ഡെവോൺ കോൺവേ ഓപ്പണിംഗ് കൂട്ടിലേക്കാണ് ചെന്നൈ ആരാധകര്‍ ഉറ്റുനോക്കുന്നത്. രാഹുൽ ത്രിപാഠിയും, ദീപക് ഹൂഡയും, വമ്പൻ അടികൾക്ക് പേരുകേട്ട ശിവം ഡൂബയും അടങ്ങുന്ന മധ്യനിര ഫോമിലേക്കുയരാത്തതും ചെന്നൈയ്ക്ക് വെല്ലുവിളിയാണ്. വാലറ്റത്ത് ക്രീസിലെത്തുന്ന ധോണിയും ടീമിന് ഗുണം ചെയ്യുന്നില്ല. റിതുരാജിന്റെ അഭാവവും ചെന്നൈയ്ക്ക് വിനയാകും.
അതേസമയം മികച്ച ഫോമിലാണ് ലക്‌നൗ. എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നേടിയ തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്വന്തം മൈതാനത്ത് ഇന്നിറങ്ങുന്നത്. ഓപണറായി മിച്ചൽ മാർഷും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കുഞ്ഞിന് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ മാര്‍ഷ് കളിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ മാർഷ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ആവേശ് ഖാൻ, രവി ബിഷ്ണോയ്, ഷാർദുൽ താക്കൂർ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയിലും ലക്നൗവിന് പ്രതീക്ഷയേറെ. ലക്നൗവിനെതിരെ ചെന്നൈയ്ക്ക് ഇതുവരെ ജയിക്കാനായത് ഒറ്റക്കളിയിൽ മാത്രമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനത്താണ്. കളിച്ചക ആറ് മത്സരങ്ങളിൽ നാലും ജയിച്ച ലക്നൗ സൂപ്പര്‍ ജയന്‍റ്സ് നാലാം സ്ഥാനത്താണ്.