തോല്‍വിയില്‍ നിന്നും രക്ഷയില്ലാതെ ചെന്നൈ; ചെപ്പോക്കിലും ഹൈദരാബാദിനോട് 5 വിക്കറ്റിന് തോറ്റു; ചെപ്പോക്കില്‍ ചെന്നൈക്കെതിരെ ഹൈദരാബാദിന്റെ ആദ്യ വിജയം; മൂന്നാം ജയത്തോടെ പ്രതീക്ഷ നിലനില്‍ത്തി സണ്‍റൈസേഴ്സ്
തോല്‍വിയില്‍ നിന്ന് കരകയറാനാകാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ചെന്നൈ:ഐപിഎല്ലില്‍ തോല്‍വിയില്‍ നിന്ന് കരകയറാനാകാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.സ്വന്തം തട്ടകത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 5 വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്.44 റണ്‍സെടുത്ത ഇഷാന്‍ കിഷാനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.ഹൈദരാബാദിന്റെ സീസണിലെ മൂന്നാം ജയമാണിത്. ചെന്നൈയുടെ ഏഴാം തോല്‍വിയും.
ചെന്നൈയെ എറിഞ്ഞിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയെ(0) നഷ്ടമായി.മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതൊഴിച്ചാല്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല.ഇഷാന്‍ കിഷന്‍ 34 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു.ട്രാവിസ് ഹെഡ് (19), ഹെന്റിച്ച് ക്ലാസന്‍(7), അനികെത് വര്‍മ(19) എന്നിവര്‍ പുറത്തായതോടെ സണ്‍റൈസേഴ്‌സ് 106-5 എന്ന നിലയിലായി. കമിന്‍ഡു മെന്‍ഡിസ് (32),നിതീഷ് കുമാര്‍ റെഡ്ഡി(19)എന്നിവര്‍ കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.
പവര്‍പ്ലേ ഓവറുകളില്‍ 37 റണ്‍സ് നേടാന്‍ മാത്രമാണ് ഹൈദരാബാദിനു സാധിച്ചത്. വണ്‍ഡൗണായി ഇറങ്ങിയ ഇഷാന്‍ കിഷന്റെ ഇന്നിങ്സാണ് ഹൈദരാബാദിന്റെ നട്ടെല്ലായത്. അനികേത് വര്‍മ 19 റണ്‍സെടുത്തും മടങ്ങി. മധ്യനിരയില്‍ കമിന്ദു മെന്‍ഡിസ് നിതീഷ് റെഡ്ഡി സഖ്യമാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. അവസാന 12 പന്തുകളില്‍ ആറു റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ സണ്‍റൈസേഴ്സ് ബാറ്റര്‍മാര്‍ വിജയ റണ്‍സ് കുറിച്ചു.ചെന്നൈക്കായി നൂര്‍ അഹമ്മദ് 2 വിക്കറ്റും കാംബോജി,ഖലീല്‍,ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.5 ഓവറില്‍ 154 റണ്‍സെടുത്തു പുറത്തായി. ചെന്നൈയ്ക്കായി സീസണിലെ ആദ്യ മത്സരം കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസാണ് ടോപ് സ്‌കോറര്‍. 25 പന്തുകള്‍ നേരിട്ട ബ്രെവിസ് നാലു സിക്സുകള്‍ അടക്കം ബൗണ്ടറി കടത്തി 42 റണ്‍സെടുത്തു. രണ്ടാം മത്സരം കളിക്കുന്ന ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തും തിളങ്ങി.ദീപക് ഹൂഡ (21 പന്തില്‍ 22), രവീന്ദ്ര ജഡേജ (17 പന്തില്‍ 21), ശിവം ദുബെ (ഒന്‍പതു പന്തില്‍ 12) എന്നിവരാണു ചെന്നൈയുടെ മറ്റു സ്‌കോറര്‍മാര്‍. 10 പന്തുകള്‍ നേരിട്ട എം.എസ്. ധോണി ആറു റണ്‍സ് മാത്രമെടുത്തു പുറത്തായത് ടീമിനു നിരാശയായി. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂട്ടിച്ചേര്‍ക്കും മുന്‍പേ ചെന്നൈയ്ക്ക് ഓപ്പണിങ് ബാറ്റര്‍ ഷെയ്ഖ് റാഷിദിനെ നഷ്ടമായിരുന്നു.
പവര്‍പ്ലേയില്‍ 50 റണ്‍സെടുക്കുന്നതിനിടെ ചെന്നൈയ്ക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായി.11.4 ഓവറില്‍ ടീം 100 കടന്നെങ്കിലും, സണ്‍റൈസേഴ്സ് ബോളര്‍മാര്‍ മധ്യഓവറുകള്‍ കടുപ്പിച്ചതോടെ ചെന്നൈ പ്രതിരോധത്തിലായി. ദീപക് ഹൂഡയുടെ ബാറ്റിങ്ങാണ് ചെന്നൈയെ 150 കടത്തിയത്. നാലോവറുകള്‍ പന്തെറിഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമിന്‍സ്, ജയ്ദേവ് ഉനദ്ഘട്ട് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും, കാമിന്ദു മെന്‍ഡിസും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു.ജയത്തോടെ ഹൈദരാബ് പട്ടികയില്‍ ഒരുപടി മുന്നോട്ട് കയറി 8 ാം സ്ഥാനത്തെത്തി.