അവസാന ഓവര്‍ ത്രില്ലര്‍! പഞ്ചാബിന്റെ ക്വാളിഫയര്‍ 1 മോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഡല്‍ഹി; ശ്രേയസ്സിനെയും സംഘത്തെയും വീഴ്ത്തിയത് 6 വിക്കറ്റിന്; അര്‍ധസെഞ്ച്വറിയുമായി റിസ്വിയും കരുത്തുകാട്ടി കരുണും

പഞ്ചാബിന്റെ ക്വാളിഫയര്‍ 1 മോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഡല്‍ഹി;

Update: 2025-05-24 18:24 GMT

ജയ്പുര്‍: പ്ലേഓഫ് കാണാതെ പുറത്തായതിന്റെ നിരാശകളെല്ലാം തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന് പഞ്ചാബിനെതിരെ ഉജ്ജ്വല വിജയം.ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ പാതിവഴിയില്‍ ഉപേക്ഷിച്ച മത്സരം ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു വേദിയില്‍ വീണ്ടും നടത്തിയപ്പോള്‍, പഞ്ചാബ് കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 6 വിക്കറ്റിന്റെ ആവേശ ജയമാണ് സ്വന്തമാക്കിയത്.മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 206 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ മൂന്നു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡല്‍ഹി വിജയത്തിലെത്തി.തോല്‍വിയോടെ പഞ്ചാബിന്റെ ക്വാളിഫയര്‍ 1 മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു.

കരുണ്‍ നായരുടെയും സമീര്‍ റിസ്വിയുടെയും ഇന്നിങ്ങ്സാണ് ടീമിന് തുണയായത്.പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെത് മികച്ച തുടക്കമായിരുന്നു.കെ.എല്‍. രാഹുലും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ടീമിനെ അമ്പത് കടത്തി. രാഹുലും(35) ഡു പ്ലെസിസും(23) പുറത്തായതിന് പിന്നാലെ കരുണ്‍ നായരും സെദിഖുള്ള അത്താളും(22) സ്‌കോറുയര്‍ത്തി.തുടര്‍ന്ന് ശ്രദ്ധയോടെ പഞ്ചാബ് താരങ്ങളെ നേരിട്ട കരുണ്‍ നായര്‍ ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു.കരുണും സമീര്‍ റിസ്വിയും ചേര്‍ന്ന് 150-കടത്തിയെങ്കിലും കരുണ്‍ പുറത്തായത് ടീമിനെ പ്രതിരോധത്തിലാക്കി.

എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ചേര്‍ത്തുപിടിച്ച് സമീര്‍ റിസ്വി വെടിക്കെട്ട് നടത്തിയതോടെ ടീം വിജയത്തിലെത്തി.റിസ്വി 58 റണ്‍സുമായി പുറത്താകാതെ നിന്നു.19.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി.ട്രിസ്റ്റന്‍ സ്റ്റബ്സ് 14 പന്തില്‍ രണ്ടു ഫോര്‍ സഹിതം 18 റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ യാന്‍സന്‍, പ്രവീണ്‍ ദുബെ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തേ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണെടുത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായി.ആറുറണ്‍സ് മാത്രമാണ് താരം നേടിയത്. രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി.പ്രഭ്‌സിമ്രാന്‍ സിങ് 18 പന്തില്‍ നിന്ന് 28 റണ്‍സും ഇംഗ്ലിസ് 12 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു. പിന്നീട് നായകന്‍ ശ്രേയസ്സ് അയ്യരാണ് സ്‌കോറുയര്‍ത്തിയത്.

നേഹല്‍ വധേര 16 റണ്‍സെടുത്ത് കൂടാരം കയറി. വിക്കറ്റുകള്‍ പോകുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ശ്രേയസ്സ് അയ്യരാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. ശ്രേയസ്സ് 53 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും വെടിക്കെട്ട് നടത്തിയതോടെ ടീം 200-കടന്നു. ഒടുക്കം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 206 റണ്‍സെടുത്തു.സ്റ്റോയിനിസ് 16 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു.ഡല്‍ഹിക്കായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ തന്നെ പ്ലേഓഫ് ഉറപ്പിച്ചെങ്കിലും, പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനുള്ള പഞ്ചാബിന്റെ ശ്രമത്തിന് ഈ തോല്‍വി തിരിച്ചടിയാകും.നിലവില്‍ 13 കളികളില്‍നിന്ന് 17 പോയിന്റുമായി രണ്ടാമതാണ് പഞ്ചാബ്.ആര്‍സിബിക്കും ഒരു കളി ബാക്കിനില്‍െക്ക 17 പോയിന്റുണ്ട്.മുംബൈ ഇന്ത്യന്‍സ് 16 പോയിന്റുമായി നാലാമത്.ഗുജറാത്ത് ടൈറ്റന്‍സ് 18 പോയിന്റുമായി തലപ്പത്തുണ്ട്.ഫലത്തില്‍ നാലു ടീമുകള്‍ക്കും സ്ഥാനനിര്‍ണ്ണയത്തില്‍ അവസാന മത്സരം നിര്‍ണായകമായി.


Tags:    

Similar News