'മഹി ഭായി അടുത്ത സീസണിലുണ്ടാകുമോ..?'; എന്റെ കാൽമുട്ടിലെ വേദന ആര് നോക്കുമെന്ന് മറുപടി; തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്ന് ധോണി
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരും സീസണിൽ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ വീണ്ടും കളിക്കുമോ എന്നത് ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസ്സിലുള്ള ചോദ്യമാണ്. എന്നാൽ ധോനിയുടെ ക്രിക്കറ്റ് ഭാവിയെ കുറിച്ചുള്ള സജീവ ചർച്ചകൾക്ക് തൽക്കാലം വിരാമമിടുന്നതായിരുന്നു കഴിഞ്ഞ ദിവസം താരം ഒരു അഭിമുഖത്തിൽ ആരാധകന് നൽകിയ മറുപടി. ഒരു പൊതുപരിപാടിക്കിടെ 2026-ലെ ഐപിഎൽ കളിക്കണമെന്ന ആരാധകന്റെ അഭ്യർത്ഥനയ്ക്ക്, 'എൻ്റെ കാൽമുട്ടിലെ വേദനയുടെ കാര്യം ആര് നോക്കും?' എന്ന മറുചോദ്യത്തിലൂടെയാണ് ധോണി സദസ്സിനെ ചിരിപ്പിച്ചത്.
എന്നാൽ താരം കളി നിർകയാണെന്നും ഉറപ്പിച്ച് പറഞ്ഞിട്ടില്ലെന്നത് ആരാധകർക്ക് ആശ്വാസമായി. തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നായിരുന്നു ധോണി വ്യക്തമാക്കിയത്. 'ഞാൻ കളിക്കുമോ ഇല്ലയോ എന്ന് എനിക്കിപ്പോൾ പറയാനാവില്ല. തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. ഡിസംബർ വരെ കാത്തിരിക്കാം, ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞ് ഒരു അന്തിമതീരുമാനത്തിലെത്താം' ധോണി പറഞ്ഞു.
ധോണിയുടെ ഈ നർമ്മം കലർന്ന പ്രതികരണത്തിന് പിന്നിൽ, ഏറെക്കാലമായി അദ്ദേഹത്തെ അലട്ടുന്ന ശാരീരികക്ഷമതാ പ്രശ്നങ്ങളുടെ ഗൗരവമേറിയ ഒരു യാഥാർത്ഥ്യമുണ്ട്. 2023-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെ താരം മുംബൈയിൽ വെച്ച് കാൽമുട്ടിന് ഒരു ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇത് താരത്തിന്റെ സമീപകാല പ്രകടനങ്ങളേയും കാര്യമായി ബാധിച്ചിരുന്നു. ശാസ്ത്രിയയ്ക്ക് ശേഷം ബാറ്റിംഗ് ക്രമത്തിൽ വളരെ താഴേക്കിറങ്ങുന്നതിലടക്കം ധോണി വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു.
അതേസമയം ധോണിയുടെ പകരക്കാരനായി ടീം മാനേജമെന്റ് മറ്റൊരു താരത്തിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. സഞ്ജുവിനെ ചെന്നൈ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും സജീവമാണ്.