ആരാധകരെ ശാന്തരാകുവിന്‍...! ചെന്നൈയെ നയിക്കാന്‍ വീണ്ടും എം എസ് ധോണി; ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും; പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്ന് പുറത്ത്; ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് മറികടക്കുമോ? ആരാധകര്‍ പ്രതീക്ഷയില്‍
ചെന്നൈയെ ഇനി ധോണി നയിക്കും
ചെന്നൈ: ഒരു ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും എം.എസ്. ധോണി. നിലവിലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ പരുക്കു ഗുരുതരമായ സാഹചര്യത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്. താരത്തിന് ഈ സീസണില്‍ ഇനി ഒരു മത്സരത്തിലും കളിക്കാന്‍ സാധിക്കില്ല.
2022 ല്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്ന സീസണില്‍ പരുക്കേറ്റു പുറത്തായപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഏറ്റെടുത്തിരുന്നു. 43ാം വയസ്സിലാണു ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാകുന്നത്. വെള്ളിയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഐപിഎലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ ധോണിക്കെതിരെ വിമര്‍ശനമുയരുന്നതിടെയാണു ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്.
കൈത്തണ്ടയിലെ പരിക്കിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്നും പുറത്തായതായും എംഎസ് ധോനി പകരം നായകനാകുമെന്നും ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച കൊല്‍ക്കത്തയ്ക്കെതിരേയുള്ള മത്സരത്തിന് മുന്നോടിയായാണ് പരിശീലകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്ത് തട്ടിയാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയില്‍ പരിക്കേറ്റത്. ഇതാണ് താരത്തിന് വിനയായത്. നെറ്റ്സിലെ പരിശീലനത്തിലെ ഋതുരാജിന്റെ പ്രകടനം നോക്കിയേ താരം കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസ്സി നേരത്തേ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി, പഞ്ചാബ് ടീമുകള്‍ക്കെതിരേ താരം കളിച്ചിരുന്നു.
സീസണില്‍ ഇതുവരെ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒരു വിജയം മാത്രമാണു സ്വന്തമാക്കാന്‍ സാധിച്ചത്. നാലു കളികള്‍ തോറ്റ ടീം രണ്ടു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ധോണി, ബാറ്റിങ്ങില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. 0,30,16, 30, 27 എന്നിങ്ങനെയാണ് അഞ്ചു മത്സരങ്ങളില്‍ ധോണിയുടെ സ്‌കോറുകള്‍.
ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ചെന്നൈയ്ക്ക് പലപ്പോഴും തിരിച്ചടിയായത്. 180ന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ ചെന്നൈയെ പരാജയപ്പെടുത്താം എന്ന നിലയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. റണ്‍ ചേസില്‍ സ്‌കോറിംഗിന് വേഗം കൂട്ടാനാകാതെ ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിഷമിക്കുന്നത് ആരാധകരെയും നിരാശരാക്കിയിരുന്നു.
അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴില്‍ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി ഗെയ്ക്വാദിന് ക്യാപ്റ്റന്‍സി കൈമാറുകയായിരുന്നു. 2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ധോണിയ്ക്ക് കീഴില്‍ ചെന്നൈ ചാമ്പ്യന്‍മാരായത്.