അവസാനദിനം എഡ്ജ്ബാസ്റ്റണില്‍ മഴക്കളി; ആകാശത്ത് ആശങ്കയുടെ മഴമേഘം; മത്സരം തുടങ്ങാന്‍ വൈകുന്നത് ഇന്ത്യക്ക് തിരിച്ചടി; നാലു ദിവസം ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വാഴുമോ? പ്രതീക്ഷ കൈവിടാതെ ആരാധകര്‍
അവസാനദിനം എഡ്ജ്ബാസ്റ്റണില്‍ മഴക്കളി
ബര്‍മിങ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന്(പ്രാദേശിക സമയം 11ന്) ആരംഭിക്കേണ്ട മത്സരം കനത്ത മഴ മൂലം വൈകുകയാണ്. നിലവിലെ സാഹചര്യത്തില്‍ നിശ്ചിത സമയത്ത് മത്സരം തുടങ്ങാകാത്തത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. മത്സരം തുടങ്ങാന്‍ വൈകുന്തോറം ഓവറുകളും നഷ്ടമാവുമെന്നതിനാല്‍ ഇന്ത്യയുടെ വിജയപ്രതീക്ഷ തുലാസിലായി.
എജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലെ ആദ്യ ടെസ്റ്റ് വിജയം സ്വപ്നം കാണുന്ന ഇന്ത്യയ്ക്ക് കാലാവസ്ഥ തിരിച്ചടിയാകുകയാണ്. എജ്ബാസ്റ്റണില്‍ കളിക്കാന്‍ തുടങ്ങി 58 വര്‍ഷത്തിനിടെ ഇന്ത്യ ഒരു ടെസ്റ്റില്‍ പോലും ഇവിടെ ജയിച്ചിട്ടില്ല. നിലവില്‍ മഴ കാരണം പിച്ചും അനുബന്ധ മേഖലകളും മൂടിയിട്ടിരിക്കുകയാണ്. എജ്ബാസ്റ്റണ്‍ ആകാശത്ത് ധാരാളം മഴമേഘങ്ങളുമുണ്ട്. എന്നാല്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ വാം അപ്പിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു.
ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്ത ബര്‍മിംഗ്ഹാമില്‍ ഇന്ന് രാവിലെയോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും പൂര്‍ണമായും ശമിച്ചിരുന്നില്ല. ഇടക്കിടെ വന്നും പോയുമിരുന്ന മഴ മൂലം പിച്ചും ബൗളര്‍മാരുടെ റണ്ണപ്പ് ഏരിയയും മൂടിയിട്ടിരിക്കുകയാണ്.
അവസാന ദിനം 90 ഓവറും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 536 റണ്‍സ് കൂടി വേണം. ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി, ജോ റൂട്ട് എന്നിവരെ നഷ്മായ ഇംഗ്ലണ്ട് 536 വിജയലക്ഷ്യം നേടാന്‍ ശ്രമിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മഴമൂലം ഓവറുകള്‍ നഷ്ടമായാല്‍ ഇന്ത്യയുടെ വിജയസാധ്യതകളെ അത് ബാധിക്കും. മത്സരം തുടങ്ങുന്ന പ്രാദേശിക സമയം 11 മണിവരെ മഴ പെയ്യുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
മത്സരം തുടങ്ങുന്ന പ്രാദേശിക സമയം 11 ന് മഴയുണ്ടാകില്ലെന്നാണ് വെതര്‍ ഡോട്ട് കോമിന്റെ കാലവസ്ഥാ പ്രവചനമെങ്കിലും മറ്റ് ചില കാലാവസ്ഥാ വെബ്‌സൈറ്റുകള്‍ പ്രവചിക്കുന്നത് പ്രാദേശിക സമയം ഉച്ചക്ക് ഒരു മണി വരെ മഴ പെയ്യുമെന്നാണ്. അങ്ങനെ വന്നാല്‍ ആദ്യ സെഷന്‍ പൂര്‍ണമായും മഴ കൊണ്ടുപോകും. ഇന്ത്യയുടെ വിജയസാധ്യതകളെ ഇത് ബാധിക്കുകയും ചെയ്യും.
മൂടിക്കെട്ടിയ അന്തരീക്ഷവും മത്സരത്തിന് തൊട്ടു മുമ്പ് വരെ മഴ പെയ്യുന്നതും പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് സഹായം കിട്ടാന്‍ കാരണമാകുമെന്ന ആശങ്ക ഇംഗ്ലണ്ടിനുമുണ്ട്. ആദ്യ നാലു ദിവസങ്ങളിലും ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ നിന്ന് അവസാന ദിവസം ഇന്ത്യന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടേണ്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാംദിവസം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു. ബെന്‍ ഡെക്കറ്റ് (25), സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (ആറ്) എന്നിവര്‍ പുറത്തായി. ഒലി പോപ്പ് (24*), ഹാരി ബ്രൂക് (15*) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. 536 റണ്‍സാണ് ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത്.