54 പന്തില്‍ 97 റണ്‍സുമായി ജോസ് ബട്‌ലര്‍; അര്‍ഹിച്ച സെഞ്ചുറിക്ക് കാത്തുനിന്നില്ല; മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്‌സും ഫോറും പറത്തി ജയത്തിലെത്തിച്ച് തെവാട്ടിയ; ഡല്‍ഹിക്കെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഒന്നാമത്

ഡല്‍ഹിക്കെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഒന്നാമത്

Update: 2025-04-19 14:48 GMT

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന ഓവര്‍ ത്രില്ലറില്‍ ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു. 54 പന്തില്‍ 97 റണ്‍സുമായി പുറത്താവാതെ നിന്ന ജോസ് ബട്ലറാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ചാം വിജയത്തോടെ പത്തു പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. പത്തു പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഗുജറാത്തിനേക്കാള്‍ പിന്നിലുള്ള ഡല്‍ഹി രണ്ടാമതാണ്.

ഷെഫാനെ റുതര്‍ഫോര്‍ഡ് (34 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലാണ് (32 പന്തില്‍ 39) ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അഷുതോഷ് ശര്‍മ (19 പന്തില്‍ 37), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31), കെ എല്‍ രാഹുല്‍ (14 പന്തില്‍ 28), കരുണ്‍ നായര്‍ (18 പന്തില്‍ 31) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഏഴു റണ്‍സിന് നഷ്ടമായെങ്കിലും ഗുജറാത്ത് പതറിയില്ല. കരുണ്‍ നായര്‍ ഗില്ലിനെ റണ്‍ഔട്ടാക്കുകയായിരുന്നു. സായ് സുദര്‍ശനൊപ്പം ബട്‌ലറും ചേര്‍ന്നതോടെ ഗുജറാത്ത് അനായാസം സ്‌കോര്‍ ഉയര്‍ത്തി. 21 പന്തില്‍ 36 റണ്‍സെടുത്താണ് സായ് സുദര്‍ശന്‍ പുറത്താകുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ എട്ടാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്യാച്ചെടുത്ത് സായ് സുദര്‍ശനെ മടക്കി.

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡും ബട്‌ലര്‍ക്കൊപ്പം തകര്‍ത്തുകളിച്ചു. 11.2 ഓവറില്‍ ഗുജറാത്ത് 100 പിന്നിട്ടു. 43 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡിനെ മുകേഷ് കുമാര്‍ പുറത്താക്കുമ്പോഴേക്കും ഗുജറാത്ത് സുരക്ഷിതമായ നിലയിലേക്കെത്തിയിരുന്നു. അവസാന ഓവറില്‍ 10 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ഫോറും നേടി രാഹുല്‍ തെവാട്ടിയ (3 പന്തില്‍ 11) ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. 54 പന്തുകള്‍ നേരിട്ട ബട്ലര്‍ നാല് സിക്സും 11 ഫോറും നേടി.

നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു ഡല്‍ഹിക്ക്. ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങുന്നത്. ഒരു സിക്സും മൂന്ന് ഫോറും നേടിയ താരം അര്‍ഷദിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി. പിന്നാലെ രാഹുല്‍ - കരുണ്‍ സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ രാഹുല്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. ഒരു സിക്സും നാല് ഫോറും നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

തുടര്‍ന്ന് കരുണിനൊപ്പം ചേര്‍ന്ന അക്സര്‍ ടീം ടോട്ടലിനൊപ്പം 35 കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മലയാളി താരത്തെ പ്രസിദ്ധ് അര്‍ഷദിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്റ്റബ്സും നിര്‍ണായക സംഭാവന നല്‍കി. 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് അക്സര്‍ - സ്റ്റബ്സ് സഖ്യം കൂട്ടിചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട സ്റ്റബ്സ് 15-ാം ഓവറില്‍ മടങ്ങി. സിറാജിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പ്രസിദ്ധിന് ക്യാച്ച്. വൈകാതെ അക്സറും പവലിയനില്‍ തിരിച്ചെത്തി. പ്രസിദ്ധിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ വിപ്രജ് നിഗം (0), ഡോണോവന്‍ ഫെരേര (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറില്‍ അഷുതോഷും മടങ്ങി. കുല്‍ദീപ് യാദവ് (4), മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. അതേസമയം, ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ നിന്ന് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് പുറത്തായി.

Tags:    

Similar News