അന്ന് ബോയ്‌ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു; ''ഇത് ലോര്‍ഡ്‌സാണ്! ഇവിടെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല...''; വര്യേണബോധമാണ് ബോയ്‌ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്; നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ജയിച്ച ലോര്‍ഡ്‌സിന്റെ മട്ടുപ്പാവില്‍ ഗാംഗുലി ജഴ്‌സി ഊരി നെഞ്ചുവിരിച്ച് നിന്നു; അന്ന് ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും

അന്ന് ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും

Update: 2025-07-28 12:25 GMT

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ഇന്നിങ്‌സ് തോല്‍വി മുന്നില്‍കണ്ട ടീം ഇന്ത്യയുടെ തിരിച്ചുവരവ് ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ, കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അതിമനോഹര കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് തിരികെ മത്സരത്തിലേക്കെത്തിച്ചത്. രാഹുല്‍ തൊണ്ണൂറും ഗില്‍ 103 റണ്‍സുമാണ് നേടിയത്. മൂന്നാം വിക്കറ്റില്‍ 188 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ഗില്‍ പുറത്തായതിനു ശേഷം ക്രീസിലൊന്നിച്ച വാഷിങ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും ചേര്‍ന്ന് അതിഥേയര്‍ ഉയര്‍ത്തിയ ലീഡ് മറികടന്നതോടെ കളി ജയിക്കാനാകില്ലെന്ന് ഇംഗ്ലിഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് മനസ്സിലായി. ജഡേജയും സുന്ദറും 80 റണ്‍സ് പിന്നിട്ട് ക്രീസില്‍ തുടരുമ്പോള്‍, സ്റ്റോക്‌സ് ബാറ്റര്‍മാരെ തന്ത്രപൂര്‍വം സമീപിച്ചു.''ഞങ്ങള്‍ സമനിലക്ക് തയ്യാര്‍... അപ്പോ കൈ കൊടുത്തു പിരിയുകയല്ലേ?'' സ്റ്റോക്‌സിന്റെ ആ ഓഫറിനു നേരെ 'നോ' പറയാന്‍ ജഡേജക്ക് ഏറെയൊന്നും ചിന്തിക്കേണ്ടിയിരുന്നില്ല.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നത് തടയാനുള്ള ശ്രമം പാളിയെന്ന് മനസ്സിലാക്കിയ സ്റ്റോക്‌സ് പെട്ടെന്ന് നയംമാറ്റി. സെഞ്ച്വറി നേടണമെങ്കില്‍ നേരത്തെ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ''ജഡ്ഡൂ.. ബ്രൂക്കിനും ഡക്കറ്റിനുമെതിരെ നിങ്ങള്‍ക്ക് സെഞ്ച്വറി അടിക്കണോ?'' എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം. സെഞ്ച്വറി അടിക്കണമായിരുന്നെങ്കില്‍ നേരത്തെ ഇറങ്ങാമായിരുന്നു എന്ന് ഉപദേശവും. ഏതായാലും കളി ഇപ്പോള്‍ നിര്‍ത്തുന്നില്ലെന്നായിരുന്നു ജഡേജയുടെ മറുപടി. ബ്രൂക്കിനെതന്നെ സിക്‌സറിനു പറത്തി സെഞ്ച്വറി അടിച്ച താരം, തന്റെ സ്വതസിദ്ധമായ ആഘോഷം നടത്താനും മറന്നില്ല!

ജഡേജക്ക് പുറമെ സുന്ദറും സെഞ്ച്വറി നേടിയാണ് കളി അവസാനിപ്പിച്ചത്. സുന്ദര്‍ ടെസ്റ്റിലെ തന്റെ കന്നി സെഞ്ച്വറിയാണ് മാഞ്ചസ്റ്ററില്‍ കുറിച്ചത്. ഒടുവില്‍ ഇന്ത്യ നാലിന് 425 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം അവസാനിപ്പിച്ചത്. കളി നിര്‍ത്താനുള്ള തന്റെ ആവശ്യം നിരസിച്ച ഇന്ത്യന്‍ താരങ്ങളുടെ തീരുമാനത്തില്‍ സ്റ്റോക്‌സ് അസ്വസ്ഥനായിരുന്നു. സ്റ്റോക്‌സിന്റെ സംഭാഷണത്തിനു ശേഷം അഞ്ചോവര്‍ കൂടി ഇന്ത്യന്‍ താരങ്ങള്‍ ബാറ്റുചെയ്തു. മത്സരശേഷം തന്റെ എതിര്‍പ്പ് സ്റ്റോക്‌സ് തുറന്നു പറയുകയും ചെയ്തു. അവര്‍ സെഞ്ച്വറി നേടിയാലും മത്സര ഫലത്തിന് മാറ്റമൊന്നും വരാനില്ലല്ലോ എന്നായിരുന്നു ഇംഗ്ലണ്ട് നായകന്റെ വാദം. പാര്‍ട് ടൈം ബൗളര്‍മാര്‍ക്കെതിരെ സെഞ്ച്വറി നേടുന്നതില്‍ എന്ത് കാര്യമെന്നും സ്റ്റോക്‌സ് ചോദിച്ചിരുന്നു. സ്‌റ്റോക്‌സിന്റെ പെരുമാറ്റം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ സ്റ്റോക്‌സിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം മത്സര ശേഷം സന്ദീപ് ദാസ് എഴുതിയ കുറിപ്പ് വൈറലാണ്.

സന്ദീപ് ദാസ് എഴുതിയത്:

രവീന്ദ്ര ജഡേജയും വാഷിങ്ങ്ടണ്‍ സുന്ദറും ഒരു പ്രസ്താവനയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. വെള്ളക്കാരന്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്‌മെന്റ്. ഇംഗ്ലിഷ് നായകനായ ബെന്‍ സ്റ്റോക്‌സ് ആഗ്രഹിച്ചത് ഒരു ഷെയ്ക് ഹാന്‍ഡ് ആയിരുന്നു. അയാള്‍ക്ക് പരമാവധി വേഗത്തില്‍ സമനില പിടിക്കണമായിരുന്നു. ജഡേജയും സുന്ദറും ആ ക്ഷണം നിഷ്‌കരുണം നിഷേധിച്ചു. 0/2 എന്ന സ്‌കോറിലാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇംഗ്ലണ്ട് വമ്പന്‍ ലീഡ് നേടിയിരുന്നു. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍നിന്ന് കെ.എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും സുന്ദറും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കുകയായിരുന്നു.

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്ള ഏതൊരാളും ഇന്ത്യയെ അഭിനന്ദിക്കാന്‍ തയ്യാറാകുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ കപ്പിത്താനായ സ്റ്റോക്‌സ് എന്താണ് ചെയ്തത്? ജഡേജയും സുന്ദറും സെഞ്ച്വറിയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ സ്റ്റോക്‌സ് സമനിലയ്ക്കുവേണ്ടി ഇന്ത്യന്‍ ബാറ്റര്‍മാരെ സമീപിച്ചു. ഇന്ത്യ ആ ഓഫര്‍ നിരസിച്ചപ്പോള്‍ സ്റ്റോക്‌സിന്റെ മട്ടുമാറി!

''നിങ്ങള്‍ക്ക് ബ്രൂക്കിനും ഡക്കറ്റിനും എതിരെ സെഞ്ച്വറി അടിക്കണോ' എന്ന് സ്റ്റോക്‌സ് രോഷത്തോടെ ജഡേജയോട് ചോദിച്ചു! സുന്ദറും ജഡേജയും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്ന് കൈയ്യടിക്കുക പോലും ചെയ്യാതെ ഇംഗ്ലിഷ് താരങ്ങള്‍ മുഖം വീര്‍പ്പിച്ചുനിന്നു!

എന്തൊരു നാണക്കേട്! സ്വന്തം ബാറ്റിങ്ങ് കഴിഞ്ഞാല്‍ ബാറ്റും കൊണ്ട് വീട്ടിലേയ്ക്ക് പോവുന്ന നാട്ടിന്‍പുറങ്ങളിലെ ചില വികൃതിപ്പയ്യന്‍മാരുടെ നിലവാരത്തിലേയ്ക്ക് ഇംഗ്ലിഷ് ക്രിക്കറ്റര്‍മാര്‍ കൂപ്പുകുത്തിയ അതിദയനീയ കാഴ്ച്ച.

ഇതെല്ലാം കണ്ടപ്പോള്‍ ഞാന്‍ പഴയൊരു സംഭവം ഓര്‍ത്തുപോയി. 2012-ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തിയിരുന്നു. ആ സീരീസിലെ അവസാന ടെസ്റ്റ് നടന്നത് നാഗ്പൂരിലായിരുന്നു. അന്ന് അരങ്ങേറ്റക്കാരനായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് ഒരു അബദ്ധം പറ്റി. ജൊനാഥന്‍ ട്രോട്ടിനെതിരെ ബോള്‍ ചെയ്യുന്ന സമയത്ത് പന്ത് കൈയ്യില്‍ നിന്ന് വഴുതിപ്പോയി! തന്റെ അരികിലേയ്ക്ക് സാവകാശത്തില്‍ ഉരുണ്ടുവന്ന ചുവന്ന ബോളിനെ ട്രോട്ട് ബൗണ്ടറിയിലേക്ക് പറപ്പിക്കുകയും ചെയ്തു!

ട്രോട്ടിന്റെ പ്രവൃത്തി നിയമവിരുദ്ധമായിരുന്നില്ല. പക്ഷേ പലരും അയാളുടെ മാന്യതയെ ചോദ്യം ചെയ്തിരുന്നു.

ട്രോട്ട് ചെയ്തതിനോട് അന്നും ഇന്നും എനിക്ക് എതിര്‍പ്പില്ല. കുറുക്കുവഴിയിലൂടെ റണ്‍സ് നേടാനുള്ള അവസരം അയാള്‍ കൃത്യമായി ഉപയോഗിച്ചു എന്ന് മാത്രം. എന്നാല്‍ ഇതേ ട്രോട്ടിന്റെ പിന്‍ഗാമികള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ എന്താണ് ചെയ്തത്? നേരായ വഴിയിലൂടെ മൂന്നക്കത്തിലേയ്ക്ക് കുതിക്കുകയായിരുന്ന ജഡേജയ്ക്ക് സെഞ്ച്വറി നിഷേധിക്കാന്‍ ശ്രമിച്ചു! അത് തികഞ്ഞ അശ്ശീലമല്ലേ!??

ഇന്ത്യ എന്നും ഇംഗ്ലണ്ടിനോട് മര്യാദ കാട്ടിയിട്ടുണ്ട്. 2011-ലെ നോട്ടിങ്ഹാം ടെസ്റ്റ് ഓര്‍മ്മിക്കുന്നില്ലേ? അന്നത്തെ ഇയാന്‍ ബെല്ലിന്റെ റണ്‍-ഔട്ട് ഒരുപാട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ബോള്‍ 'ഡെഡ് ' ആവുന്നതിന് മുമ്പ് ക്രീസ് വിട്ടിറങ്ങി റണ്‍-ഔട്ടായി മാറിയ ബെല്ലിന്റെ ഇന്നിംഗ്‌സിന് മൂന്നാം അമ്പയര്‍ കര്‍ട്ടനിട്ടതാണ്. പക്ഷേ ഇന്ത്യന്‍ നായകനായിരുന്ന എം.എസ് ധോനി അപ്പീല്‍ പിന്‍വലിച്ച് ബെല്ലിനെ തിരികെ വിളിച്ചു.

1979-80 സീസണില്‍ നടന്ന ഗോള്‍ഡന്‍ ജൂബിലി ടെസ്റ്റ് ഏറെ പ്രശസ്തമാണ്. ആ മത്സരത്തില്‍ ഇംഗ്ലിഷ് ബാറ്ററായിരുന്ന ബോബ് ടെയ്‌ലറെ അമ്പയര്‍ പുറത്താക്കിയതാണ്. പക്ഷേ ടെയ്‌ലര്‍ യഥാര്‍ത്ഥത്തില്‍ നോട്ടൗട്ട് ആയിരുന്നു. ഇന്ത്യന്‍ താരമായ ഗുണ്ടപ്പ വിശ്വനാഥ് ഇക്കാര്യം അമ്പയറെ അറിയിച്ചു. ടെയ്‌ലര്‍ ബാറ്റിങ്ങ് തുടരുകയും ചെയ്തു.

എന്നാല്‍ ഇത്തരം മര്യാദകള്‍ ഇംഗ്ലണ്ട് ഇന്ത്യയോട് പ്രകടിപ്പിക്കാറുണ്ടോ? നമ്മുടെ അഭിമാന താരമായ വി.വി.എസ് ലക്ഷ്മണ്‍ കളിക്കളത്തില്‍ തികഞ്ഞ മാന്യനായിരുന്നു. അങ്ങനെയുള്ള ലക്ഷ്മണിനെ ഒരേയൊരാള്‍ മാത്രമേ ചീത്തവിളിച്ചിട്ടുള്ളൂ. ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ലക്ഷ്മണ്‍ ബാറ്റില്‍ വാസലൈന്‍ പുരട്ടി എന്ന് ആരോപിച്ചത് മുന്‍ ഇംഗ്ലിഷ് നായകനായ മൈക്കല്‍ വോനാണ്!

ക്രിക്കറ്റ് മത്സരങ്ങള്‍ കവര്‍ ചെയ്യാന്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെ വെളിപ്പെടുത്തിയിട്ടുണ്ട്. ''തനിക്ക് ലോര്‍ഡ്‌സിലെ പുല്ലില്‍ ചവിട്ടാനുള്ള അധികാരമില്ല'' എന്ന് ചില ബ്രിട്ടീഷ് തമ്പുരാക്കന്‍മാര്‍ ഹര്‍ഷയോട് പറഞ്ഞുവെത്രേ! അതാണ് വെള്ളക്കാരന്റെ ധാര്‍ഷ്ട്യം 2002-ലെ നാറ്റ് വെസ്റ്റ് സീരീസിന്റെ ഫൈനല്‍ മറക്കാനാവുമോ? മുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യത്തെ അഞ്ച് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായപ്പോള്‍ കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്നത് ജെഫ് ബോയ്‌ക്കോട്ടും നവ്‌ജോത് സിങ്ങ് സിദ്ധുവും ആയിരുന്നു.

ബോയ്‌ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു- ''ഇത് ലോര്‍ഡ്‌സാണ്! ഇവിടെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല...'' മനസ്സിനുള്ളില്‍ കുമിഞ്ഞുകൂടിയ വര്യേണബോധമാണ് ബോയ്‌ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്. ഒരുകാലത്ത് ബ്രിട്ടന്റെ കോളനി ആയിരുന്ന ഇന്ത്യ ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍ വെച്ച് ടൂര്‍ണ്ണമെന്റ് ജയിക്കുന്നത് ബോയ്‌ക്കോട്ടിന് അസഹനീയമായിരുന്നു!

പക്ഷേ നാറ്റ് വെസ്റ്റ് ട്രോഫി ഇന്ത്യ ജയിച്ചു! ലോര്‍ഡ്‌സിന്റെ മട്ടുപ്പാവില്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി ജഴ്‌സി ഊരി നെഞ്ചുവിരിച്ച് നിന്നു ബോയ്‌ക്കോട്ടുമാരുടെ അഹങ്കാരത്തിന് ഏറ്റവും സ്‌റ്റൈലിഷ് ആയ മറുപടി! വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി. ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും സഞ്ചരിച്ചു. ഇംഗ്ലിഷ് ധിക്കാരത്തോട് മുട്ടുമടക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗകര്യമില്ല എന്ന് അവര്‍ ഉറക്കെപ്പറഞ്ഞു

'ട്രാഫിക് ' എന്ന സിനിമയില്‍ വിഖ്യാതമായ ഒരു ഡയലോഗുണ്ട്. അതിന് ചെറിയൊരു മാറ്റം വരുത്തുന്നു-

''സ്റ്റോക്‌സിന്റെ ക്ഷണത്തോട് ജഡേജയും സുന്ദറും യെസ് പറഞ്ഞിരുന്നുവെങ്കില്‍ ഇവിടെ ഒന്നും സംഭവിക്കുകയില്ലായിരുന്നു. ആ ദിവസം സാധാരണ മട്ടില്‍ കടന്നുപോകുമായിരുന്നു. എന്നാല്‍ അവരുടെ ഒരൊറ്റ നോ...! അതിപ്പോള്‍ ചരിത്രമാണ്...''

Tags:    

Similar News